ഗ്രഹസംഗമങ്ങളും സ്ട്രോബറി ചന്ദ്രനും; ജൂണിൽ അപൂർവ ആകാശ പ്രതിഭാസങ്ങൾ

കുവൈത്ത് സിറ്റി : ജൂണിൽ കുവൈത്തിന്റെ ആകാശത്ത് നിരവധി ശ്രദ്ധേയമായ പ്രതിഭാസങ്ങൾ ദൃശ്യമാകുമെന്ന് അൽ- ഉജൈരി സയന്റിഫിക് സെന്റർ. അപൂർവ ഗ്രഹസംഗമങ്ങൾ, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ‘സ്ട്രോബറി ചന്ദ്രൻ’ എന്നറിയപ്പെടുന്ന പൂർണ ചാന്ദ്രദൃശ്യം എന്നിവയാണ് പ്രധാന വിസ്‌മയങ്ങൾ. ജൂൺ ഒമ്പതിനാണ് മാസത്തിലെ ആദ്യ പ്രധാന ആകാശ പ്രതിഭാസം അരങ്ങേറുക. സൂര്യാസ്‌തമയത്തിന് തൊട്ടുപിന്നാലെ ശുക്രനും വ്യാഴവും വളരെ അടുത്ത് പ്രത്യക്ഷപ്പെടുന്ന ഗ്രഹസംഗമം മനോഹരമായ കാഴ്ചയൊരുക്കും. ഈ സമയത്ത് ശുക്രൻ വ്യാഴത്തിന്റെ വടക്കുഭാഗത്തുകൂടി കടന്നുപോകും.
ജൂൺ 13-ന് പുലർച്ചെയോടെ ചൊവ്വയ്ക്ക് സമീപം ചന്ദ്രനെ കാണാനാകും. തുടർന്ന് ജൂൺ 15-ന് അമാവാസി സംഭവിക്കും. ഈ ദിവസം ഭൂമിയുടെയും സൂര്യന്റെയും ഇടയിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. ജൂൺ 17-ന് ഒരേ സായാഹ്നത്തിൽ രണ്ട് ശ്രദ്ധേയ ആകാശ പ്രതിഭാസങ്ങളാണ് ദൃശ്യമാകുക. ഇളം ചന്ദ്രക്കല ശുക്രനും വ്യാഴത്തിനും സമീപം പ്രത്യക്ഷപ്പെടും.
ജൂൺ 21-ന് ആണ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന്. അന്നാണ് കുവൈത്തിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം അനുഭവപ്പെടുക. ഇതോടെയാണ് ഉത്തരാർധഗോളത്തിൽ ഔദ്യോഗികമായി വേനൽക്കാലത്തിന് തുടക്കമാകുന്നത്.
ഏകദേശം 14 മണിക്കൂറും രണ്ട് മിനിറ്റും പകൽസമയം ലഭിക്കുന്ന ഈ ദിവസം സൂര്യൻ ആകാശത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തും. ജൂൺ 29-ന് ‘സ്ട്രോബെറി ചന്ദ്രൻ’ എന്നറിയപ്പെടുന്ന പൂർണ ചാന്ദ്രദൃശ്യം ആകാശത്തെ അലങ്കരിക്കും. ഉത്തര അമേരിക്കൻ സ്വദേശി വംശജർ സ്ട്രോബെറി വിളവെടുപ്പ് കാലവുമായി ബന്ധപ്പെടുത്തി നൽകിയ പേരാണ് ഇത്. അൽ- നഈം നക്ഷത്രസമൂഹത്തിന്റെ പശ്ചാത്തലത്തിലായിരിക്കും ഈ പൂർണചന്ദ്രൻ ദൃശ്യമാകുക. വ്യക്തമായ കാലാവസ്ഥയുണ്ടെങ്കിൽ ഈ പ്രതിഭാസങ്ങളിൽ ഭൂരിഭാഗവും പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ നഗ്നനേത്രങ്ങളാൽ നിരീക്ഷിക്കാനാകുമെന്ന് അൽ- ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.









0 comments