സ്വകാര്യ സ്‌കൂളിലെ പഠന നിലവാരം വിലയിരുത്തൽ; ദുബായിൽ ഗുണനിലവാര പരിശോധന പുനഃരാരംഭിക്കും

ദുബായ് : ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2026–-27 അധ്യയന വർഷംമുതൽ ഗുണനിലവാര പരിശോധന പുനഃരാരംഭിക്കുമെന്ന് കെഎച്ച്ഡിഎ. പുതിയ സംവിധാനപ്രകാരം, യോഗ്യതയുള്ള എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് തരത്തിലുള്ള ഗുണനിലവാര പരിശോധനകളിൽ ഒന്ന് ലഭിക്കും. ആദ്യത്തേത് സമഗ്ര ഗുണനിലവാര പരിശോധനയായിരിക്കും. യുഎഇ സ്‌കൂൾ പരിശോധന ചട്ടക്കൂട് അനുസരിച്ച് വിദഗ്ധരുടെ സംഘം നടത്തുന്ന പരിശോധനയ്ക്കുശേഷം സ്‌കൂളിന്റെ മൊത്തത്തിലുള്ള നിലവാരനിർണയം ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ദുബായിൽ പ്രവർത്തനം ആരംഭിച്ച് മൂന്നാം വർഷം പൂർത്തിയാക്കുന്ന സ്‌കൂളുകൾക്ക് ആദ്യ സമ്പൂർണ പരിശോധനയായി ഈ സന്ദർശനം നിർബന്ധമായും ലഭിക്കും.
രണ്ടാമത്തേത് ഹ്രസ്വ നിരീക്ഷണ സന്ദർശനമാണ്. ചെറിയ വിദഗ്ധസംഘം നടത്തുന്ന പരിശോധനയിൽ വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന പ്രധാന മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. പരിശോധനയ്ക്കുശേഷം സ്‌കൂളുകളുടെ ശക്തമായ മേഖലകളും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് നൽകും. എന്നാൽ, പുതിയ മൊത്തത്തിലുള്ള നിലവാരനിർണയം പ്രഖ്യാപിക്കില്ല.
രണ്ട് തരത്തിലുള്ള പരിശോധനകൾക്കും സ്‌കൂളുകൾക്ക് പരമാവധി 24 മണിക്കൂർ മുൻകൂർ അറിയിപ്പ് മാത്രമേ നൽകുകയുള്ളൂ. അധ്യാപനം, പഠനം, വിദ്യാർഥികളുടെ ക്ഷേമം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയുടെ യഥാർഥ സാഹചര്യം വിലയിരുത്താനാണ് കുറഞ്ഞ സമയത്തെ അറിയിപ്പ് നൽകുന്നതെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരവും ഭരണനിർവഹണ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമായി വിലയിരുത്താനും മെച്ചപ്പെടുത്തലുകൾ ഉറപ്പാക്കാനുമാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.









0 comments