ആഫ്രിക്കൻ മണ്ണിലെ ആദ്യ ലോകകപ്പ്; 2010ലെ വിശേഷങ്ങള്‍ അനവധി

ജ്യോതിസ് [email protected]
Published on Jun 04, 2026, 05:24 PM | 3 min read
ചരിത്രത്തിലാദ്യമായി ടൂർണമെന്റിന് ആഫ്രിക്കൻ ഭൂഖണ്ഡം വേദിയായി. ദക്ഷിണ ആഫ്രിക്കയിലെ ഒന്‍പത് നഗരങ്ങളിലായാണ് 2010ലെ പത്തൊൻപതാം ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയത്.
വുവുസേലയുടെ മുഴക്കവും ജബുലാനിയുടെ ഗതിമാറ്റവും
സ്റ്റേഡിയങ്ങളെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ട് ആരാധകർ തുടർച്ചയായി ഊതിയ 'വുവുസേല' ഹോണുകളുടെ ഉച്ചത്തിലുള്ള ശബ്ദം ഈ ലോകകപ്പിന്റെ ഏറ്റവും വലിയ അടയാളമായി മാറി. കാതടപ്പിക്കുന്ന ശബ്ദം വിവാദവുമായി. പേര് സൂലു ഭാഷയിൽ നിന്നാണ് വന്നത്; അർഥം “ശബ്ദമുണ്ടാക്കുക” എന്നാണ് . പരമ്പരാഗതമായ ‘കുഡു ഹോൺ’ എന്ന വാദ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കൻ ഗ്രാമങ്ങളിലെ ആളുകളെ പൊതുയോഗങ്ങൾക്കും ഗോത്രസമ്മേളനങ്ങൾക്കും വിളിച്ചുകൂട്ടാൻ പഴയകാലത്ത് ഈ കുഡു ഹോൺ ഉപയോഗിച്ചിരുന്നു.
അഡിഡാസ് നിർമിച്ച ഔദ്യോഗിക മത്സരപ്പന്തായ 'ജബുലാനി' ( Jabulani-ആഘോഷിക്കുക എന്നർത്ഥം) വായുവിൽ പ്രവചനാതീതമായി ഗതിമാറുന്നതതിനാൽ പരാതിക്കിടയാക്കി. ഫൈനലിലെ പന്തിന് ‘ജൊ’ബുലാനി/ Jo'bulani( ജോഹന്നസ് ബർഗിന്റെ പേരിന്റെ ആദ്യ ഭാഗത്തിൽ നിന്നും )എന്നായിരുന്നു പേര്.
തരംഗമായി 'വാക്ക വാക്ക'
ഷക്കീറ ആലപിച്ച ഔദ്യോഗിക ലോകകപ്പ് ഗാനമായ "Waka Waka (This Time for Africa)" ലോകമെമ്പാടും വലിയ ഹിറ്റായി മാറി.ഈ ഗാനം രചിച്ചതും നിർമ്മിച്ചതും ഷക്കീറ-യും ജോൺ ഹിൽ -ഉം ചേർന്നാണ്.
1986ൽ കാമറൂൺ സംഗീതസംഘമായ ഗോൾഡൻ സൗണ്ട്സ് പുറത്തിറക്കിയ “Zamina mina (Zangaléwa)” എന്ന ഹിറ്റ് ഗാനത്തിൽ നിന്നാണ് ഇതിലെ പ്രശസ്തമായ കോറസും മെലഡിയും കടമെടുത്തിട്ടുള്ളത്. പിന്നീട് നടന്ന ഒരു നിയമപരമായ ഒത്തുതീർപ്പിനെത്തുടർന്ന്, Golden Sounds സംഘാംഗങ്ങളെയും ഈ ഗാനത്തിന്റെ സഹരചയിതാക്കളായി അംഗീകരിച്ചു.
വമ്പന്മാരുടെ പതനം
2006 ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്ന വമ്പൻ ടീമുകൾ ഇറ്റലിയും (രണ്ട് സമനിലയും സ്ലോവാക്യ യോട് 3-2 ന്റെ തോൽവിയും) ഫ്രാൻസും (മെക്സിക്കോ യോടും ദക്ഷിണ ആഫ്രിക്കയോടും തോറ്റു ഒരു സനിലയും) ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി.
മെക്സിക്കൊയുമായുള്ള മത്സരത്തിനിടയിൽ ഫ്രഞ്ച് കോച്ചുമായുണ്ടായ തർക്കത്തിന്റെ പേരിൽ ഫ്രഞ്ച് ഫോർവേഡ് നിക്കോളാസ് അനൽകെയെ തിരികെ നാട്ടിലേക്ക് അയച്ചത് കളിക്കാർക്കിടയിൽ പ്രതിഷേധം ഉണ്ടാക്കി. അനൽകെ ഇതിനെ തുടർന്നു വിരമിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ ന്യൂസിലൻഡ്, ഈ ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ മടങ്ങിയ ഒരേയൊരു ടീമായി.
ഉത്തര കൊറിയൻ ലൈവ്
പോർച്ചുഗലിനെതിരായ മത്സരം ഉത്തര കൊറിയൻ സർക്കാർ തത്സമയം സംപ്രേഷണം ചെയ്തെങ്കിലും, 7-0 എന്ന തോൽവിയെത്തുടർന്ന് അവരത് പാതിവഴിയിൽ നിർത്തി. നേരത്തെ ബ്രസിലിനെതിരെ 2-1 ന് പൊരുതി തോറ്റിരുന്നു. അതാണ് ലൈവ് ടെലികാസ്റ്റിന് വഴിതെളിച്ചത്. Ji Yun-nam ആണ് അവർക്കായി ആ കളിയിൽ ഗോൾ നേടിയത്.
'ഡിസ്കി' നൃത്തം
ദക്ഷിണ ആഫ്രിക്കയുടെ സിപിവെ ഷബലാല (Siphiwe Tshabala) ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോക്കെതിരെ ആദ്യ ഗോൾ നേടുകയും ശേഷം സഹതാരങ്ങൾക്കൊപ്പം 'ഡിസ്കി' (Diski) നൃത്തമാടുകയും അത് പ്രശസ്ത മാകുകയും ചെയ്തു
പോൾ ആൻഡ് കമ്പനി
2010 ഫിഫ ലോകകപ്പിലെ മത്സരഫലങ്ങൾ കൃത്യമായി പ്രവചിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ കടൽജീവിയായിരുന്നു പോൾ (Paul the Octopus) എന്ന നീരാളി. ജർമ്മനിയിലെ ഒബർഹൗസനിലുള്ള 'സീ ലൈഫ് സെന്റർ' (Sea Life Centre) അക്വേറിയത്തിലെ അന്തേവാസിയാ യിരുന്നു.മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകൾ പതിപ്പിച്ച്, ഉള്ളിൽ ഭക്ഷണവും വെച്ച രണ്ട് പെട്ടികളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുന്നതായിരുന്നു പ്രവചന രീതി. ഈ രീതിയിലൂടെ 2010 ലോകകപ്പിൽ പോൾ നടത്തിയ എട്ട് പ്രവചനങ്ങൾ കൃത്യമായിരുന്നു. ലോകമെമ്പാടും വലിയ ആരാധകരെ സൃഷ്ടിച്ച ഈ അത്ഭുത നീരാളി, ലോകകപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം 2010 ഒക്ടോബറിൽ വിടപറഞ്ഞു.
2010 ലോകകപ്പിൽ കാർഡുകൾ കൊത്തിയെടുത്ത് വിജയികളെ കണ്ടെത്തിയ സിംഗപ്പൂരിലെ 'മണി' എന്ന തത്ത, പതാകകൾ വെച്ച വലകളിലേക്ക് പന്ത് തട്ടിയിട്ട് 2014 ൽ പ്രവചനം നടത്തിയിരുന്ന ജർമ്മനിയിലെ 'നെല്ലി' എന്ന ആന . പതാകകളിലെ ഈന്തപ്പഴം കടിച്ചുപിടിച്ച് പ്രവചനം നടത്തിയ ദുബായിലെ 'ഷഹീൻ' എന്ന ഒട്ടകം, പതാകകൾക്ക് താഴെയുള്ള മത്സ്യം കഴിച്ച് പ്രവചിച്ച ബ്രസീലിലെ 'കബെസാവോ' എന്ന കടലാമ, സ്വിറ്റ്സർലൻഡിന്റെ മത്സരങ്ങൾ പ്രവചിച്ച 'മാഡം ഷിവ' എന്ന ഗിനി പന്നി, ജർമ്മനിയിലെ നോർമൻ എന്ന ആർമഡില്ലോ.ചൈനയിലെ യിങ് മി ( Ying Mei) എന്ന ഭീമൻ പാണ്ട, റഷ്യയിലെ ഖാൻ എന്ന വെളുത്ത ബംഗാൾ കടുവ, ഇംഗ്ലണ്ടിലെ പെലെ എന്ന പിരാനമത്സ്യം എന്നിവ അവ എന്താണ് ചെയ്യുന്നതെന്ന അർത്ഥം അറിയാതെ പ്രവചിച്ചു.
2018 ൽ ആപ്പിൾ കഴിച്ച് ഫലം പറഞ്ഞ ഇംഗ്ലണ്ടിലെ 'മാർക്കസ്' എന്ന പന്നി, റഷ്യയിലെ ഹെർമിറ്റേജ് മ്യൂസിയത്തിലെ 'അക്കിലിസ്' എന്ന ബധിരനായ പൂച്ചയും, ജപ്പാന്റെ മത്സരങ്ങൾ കൃത്യമായി പ്രവചിച്ച ശേഷം നിർഭാഗ്യവശാൽ ഭക്ഷണമായി മാറിയ 'റാബിയോ' എന്ന നീരാളി, ജപ്പാനിലെ ഒലീവിയ എന്ന തത്തവാർത്തകളിൽ നിറഞ്ഞത്. 2022-ൽ ജപ്പാന്റെ വിജയം കൃത്യമായി പ്രവചിച്ച 'തായ്‌യോ' ( Taiyo)എന്ന നീർനായയും ഫുട്ബോൾ ലോകത്തെ പ്രശസ്തരായ പ്രവാചക മൃഗങ്ങളാണ്.
ഫോർലാനും മുള്ളറും
തോമസ് മുള്ളർ, വെസ്ലി സ്നൈഡർ, ഡേവിഡ് വിയ്യ, ഡീഗോ ഫോർലാൻ എന്നിവർ 5 ഗോളുകൾ വീതം നേടി ടോപ്പ് സ്കോറർ പദവിയിൽ ഒപ്പത്തിനൊപ്പമെത്തി. കൂടുതൽ അസിസ്റ്റുകൾ നൽകിയതിന്റെ ആനുകൂല്യത്തിൽ ജർമ്മനിയുടെ തോമസ് മുള്ളർ ഗോൾഡൻ ബൂട്ടും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ഒന്നിച്ച് സ്വന്തമാക്കി.
മികച്ച പ്രകടനത്തിലൂടെ ഉറുഗ്വെയുടെ ഡീഗോ ഫോർലാൻ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം നേടി.
ഏറ്റവും വലിയ സൂപ്പർ താരമായിരുന്നിട്ടും അർജന്റീനയുടെ ലയണൽ മെസ്സിക്ക് 2010 ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും നേടാനായില്ല.
ഫൈനലിലെ കാർഡുകളുടെ റെക്കോർഡ്
സ്പെയിനും നെതർലൻഡ്സും തമ്മിലുള്ള ഫൈനൽ മത്സരം ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാർഡുകൾ (14 മഞ്ഞ, 1 ചുവപ്പ്) നൽകപ്പെട്ട മത്സരമായി.
ഒരേയൊരു മണ്ടേല
ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ നെൽസൺ മണ്ടേല പങ്കെടുത്ത് ആവേശം പകർന്നു. അദ്ദേഹം ഒരു ഗോൾഫ് കാർട്ടിൽ ഗ്രൗണ്ടിലൂടെ സഞ്ചരിച്ച് കാഴ്ചക്കാരെ അഭിവാദ്യം ചെയ്തു.
വമ്പൻമാരായ ഫ്രാൻസിനെ 2-1 ന് അട്ടിമറിക്കുകയും മെക്സിക്കോയെ സമനിലയിൽ തളക്കുകയും ചെയ്തെങ്കിലും ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന ആതിഥേയ രാജ്യം എന്ന ദൗർഭാഗ്യകരമായ റെക്കോർഡ് ദക്ഷിണ ആഫ്രിക്കയ്ക്ക് ലഭിച്ചു.
ടിക്കി ടാക്ക യിലൂടെ സ്പെയിന് കന്നി കിരീടം
ഫൈനലിൽ നെതർലൻഡ്സിനെ 1-0 ന് പരാജയപ്പെടുത്തി സ്പെയിന്‍ കിരീടം കന്നി നേടി.









0 comments