ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല; കേരളം വലിയൊരു തിരിച്ചുപോക്കിലേക്ക്: ഡോ. തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ധനനയവും ധവളപത്രവും കേരളത്തെ വലിയൊരു തിരിച്ചുപോക്കിലേക്ക് നയിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികൾ ഒന്നുംതന്നെ നടപ്പിലാകാൻ പോകുന്നില്ലെന്നും കേരളത്തിലെ പശ്ചാത്തലസൗകര്യ മേഖലയിലെ കുതിപ്പിന് കടിഞ്ഞാൺ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്കരണം ഇനി പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് പുതിയ തീർപ്പ്. പെൻഷൻ പ്രായം ഉയർത്തും. ക്ഷേമ പെൻഷൻ ഇനി ആളുകളുടെ വീട്ടിൽ എത്തിക്കുകയില്ല. ഗുണഭോക്താക്കൾ അത് ബാങ്കിൽ നിന്നു തന്നെ വാങ്ങേണ്ടി വരും. ഇതിലൂടെ ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും. പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും പൂട്ട് വീഴാൻ പോവുകയാണ്. ഫലത്തിൽ കേരളം വലിയൊരു തിരിച്ചുപോക്കിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് ഇന്ദിരാ ഗാരണ്ടിയും മറ്റും നടപ്പാക്കുന്നതിന് പണം കണ്ടെത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞ നിർദ്ദേശങ്ങളൊന്നും ഇപ്പോൾ പുറത്തുവിട്ട ധവളപത്രത്തിൽ ഇല്ല. 25,000 കോടി രൂപയുടെ റവന്യു കുടിശിക പിരിച്ചെടുക്കുമെന്നും ജിഎസ്ടിയുടെ കാര്യത്തിൽ സ്വർണ്ണത്തിൽ നിന്നു മാത്രം 15,000 കോടി രൂപ പിരിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു. ഐജിഎസ്ടി ഇനത്തിൽ ഭീമമായ നികുതി ചോർച്ചയുണ്ട്. ആദ്യ അഞ്ച് വർഷത്തെ കണക്ക് പരിശോധിച്ചാൽ ഇത് 20,000ത്തിലേറെ കോടി രൂപയാണ്. ഐജിഎസ്ടി ഫലപ്രദമായി പിരിക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. പുതിയ ധവളപത്രത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ കൈവശം പണമില്ലെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്നും സ്ഥാപിക്കാനാണ് ധവളപത്രത്തിലൂടെ ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
സർക്കാരിന്റെ കൈവശം പണമില്ലാത്ത സാഹചര്യമുണ്ടായാൽ റിസർവ് ബാങ്കിൽ (RBI) നിന്ന് വായ്പയെടുക്കുക സാധാരണ രീതിയാണ്. ആദ്യം എസ്ഡിഎഫ് വഴിയും അത് തികയാതെ വന്നാൽ വെയ്സ് ആൻഡ് മീൻസ് അലവൻസ് (WMA) വഴിയും വായ്പയെടുക്കാം. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ ഓവർ ഡ്രാഫ്റ്റ് സംവിധാനത്തിലേക്ക് പോകാം. എന്നാൽ നിയമപരമായ ഈ വായ്പാ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് എന്തോ വലിയ പാതകമായിട്ടാണ് ധവളപത്രത്തിൽ എഴുതിവെച്ചിരിക്കുന്നത്.
നാട്ടിൽ വികസനവും ജനങ്ങളുടെ ആവശ്യങ്ങളും നടത്തുന്നതിനേക്കാൾ വായ്പയെടുക്കാതിരിക്കുന്നതിനും സാമ്പത്തിക അച്ചടക്കത്തിനും മാത്രമാണ് പുതിയ സർക്കാർ പ്രാധാന്യം നൽകുന്നത്. നാട്ടിലെ സാധാരണ മനുഷ്യരുടെ കാര്യങ്ങൾ നടന്നുപോകണമെന്നത് ഇവരുടെ ആവശ്യമല്ലെന്നും തോമസ് ഐസക്ക് വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ വർദ്ധനവ് പോരായെന്നത് ശരിയാണ്. ഇത് സ്ഥാപിക്കാൻ വിവിധയിനം റവന്യു വരുമാനത്തെ സംസ്ഥാന ജിഡിപിയുമായി താരതമ്യപ്പെടുത്തി അവ കുറയുകയാണെന്ന് ധവളപത്രം സ്ഥാപിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 75 ശതമാനവും തനതു വരുമാനം ആയിരുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. കേന്ദ്രം തരുന്ന വിഹിതം എത്രയെന്ന് പരിശോധിച്ചിരുന്നെങ്കിൽ, നമുക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം മൊത്തം റവന്യു വരുമാനത്തിന്റെ നാലിലൊന്ന് മാത്രമേ, കഴിഞ്ഞ വർഷം വന്നിട്ടുള്ളൂവെന്ന് തെളിഞ്ഞേനെ.
മറ്റു സംസ്ഥാനങ്ങളിൽ ശരാശരി ഇത് 50 ശതമാനത്തോളം വരുമ്പോൾ കേരളത്തോടുള്ള ഈ കേന്ദ്ര വിവേചനമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ മൂലകാരണം. അപര്യാപ്തമായ കേന്ദ്ര ധനസഹായത്തെക്കുറിച്ച് ധവളപത്രത്തിൽ നേരിയ പരാമർശമുണ്ടെങ്കിലും അതൊരു മുഖ്യഘടകമായി കാണുന്നില്ല. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന സമീപനത്തിന്റെ തുടർച്ചയാണിത്.
ഫിനാൻസ് കമ്മീഷൻ തീരുമാനിക്കുന്നത് നമുക്ക് തിരുത്തിക്കാനാവില്ലായെന്നു പറയാം. പക്ഷേ, കേന്ദ്ര സർക്കാരിന്റെ മറ്റു ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നുള്ള വിഹിതവുമെല്ലാം എടുത്താൽ മൊത്തം തുകയിൽ കേരളത്തിന്റെ വിഹിതം കേവലം 1.9 ശതമാനം മാത്രമാണ്. സർവ്വശിക്ഷാ അഭിയാന്റെ പണം പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചോ മറ്റു പല ഗ്രാന്റുകളും കേന്ദ്രം കുടിശിക ആക്കിയിരിക്കുന്നതിനെക്കുറിച്ചോ ധവളപത്രത്തിൽ യാതൊരു പരാമർശവുമില്ല. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ യുഡിഎഫ് കേന്ദ്രത്തിന്റെ വിവേചനത്തെ എതിർക്കാൻ തയ്യാറായിരുന്നില്ല. ഇനിയും ആ നയം തുടരുന്നത് ആത്മഹത്യാപരമായിരിക്കും.
റവന്യൂ കമ്മിയും ധനകമ്മിയും കടബാധ്യതയും എത്രയും വേഗം കുറയ്ക്കണമെന്നാണ് ധവളപത്രം ആവശ്യപ്പെടുന്നത്. മുൻ വർഷങ്ങളിൽ ട്രഷറി റിസർവ് ബാങ്കിൽ നിന്ന് എത്ര ദിവസം വായ്പകളെടുത്തു, എത്ര തവണ ട്രഷറി ബാലൻസ് മൈനസ് ആയി എന്നതെല്ലാം വലിയ അപകട സൂചനകളായി ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കടുത്ത പ്രതിസന്ധിക്കിടയിലും പാവപ്പെട്ടവരുടെ പെൻഷനും വികസനവും മുന്നോട്ട് കൊണ്ടുപോകാനുള്ള മുൻ സർക്കാരിന്റെ പ്രതിബദ്ധതയായിട്ടല്ല ഇതിനെ കാണുന്നത്, മറിച്ച് ഇല്ലാതാക്കേണ്ട തെറ്റായ പ്രവണതകളായിട്ടാണ് വിലയിരുത്തുന്നത്. ഇത്തരമൊരു നയം വെച്ചുകൊണ്ട് നിലവിലുള്ള ക്ഷേമ പെൻഷൻ പോലും സമയബന്ധിതമായി നൽകാൻ കഴിയില്ലെന്ന് ഉറപ്പാണ്.
കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുന്ന ധവളപത്രം, അതിനുമുമ്പുള്ള അഞ്ച് വർഷത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൃത്യമായൊരു താരതമ്യം സാധ്യമാകുമായിരുന്നു. പബ്ലിക് അക്കൗണ്ടിന്റെ കടം കൂട്ടാതെ തന്നെ അക്കാലത്ത് ജിഡിപിയുടെ 42 ശതമാനം വരുമായിരുന്ന കടബാധ്യത, ഇപ്പോൾ 33.22 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് അതിലൂടെ മനസ്സിലാക്കാമായിരുന്നു. അതുകൊണ്ട് തന്നെ കേരളം കടക്കെണിയിലല്ലെന്ന് തറപ്പിച്ചു പറയേണ്ടതുണ്ട്.
കിഫ്ബിയെ സർക്കാർ വകുപ്പിന്റെ ഭാഗമാക്കാനുള്ള നീക്കത്തോടെ അതിന്റെ പ്രസക്തി തന്നെ ഇല്ലാതാകും. കേന്ദ്രത്തിന്റെ ദേശീയപാത അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ ഇന്നും കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. എന്നാൽ കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ പെടുത്തിയ കേന്ദ്ര നടപടിയെ ധവളപത്രം അനുകൂലിക്കുകയാണ് ചെയ്യുന്നത്. ഇതിൽ അത്ഭുതമില്ല, കാരണം സിഎജി പറയുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിട്ടുള്ളതാണ്.
ബജറ്റ് വഴി പണം കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് പശ്ചാത്തല സൗകര്യ വികസനത്തിനായി നമ്മൾ കിഫ്ബി ആവിഷ്കരിച്ചത്. സാധാരണ രീതിയിൽ ബജറ്റ് വഴി നടപ്പാക്കാൻ കാൽനൂറ്റാണ്ട് വേണ്ടിവരുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ കൺമുന്നിൽ യാഥാർത്ഥ്യമായത്. ഇത് സർക്കാരിന് വലിയ ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നിയമപ്രകാരം ഖജനാവിൽ നിന്ന് നൽകേണ്ട നികുതി വിഹിതം നൽകിയാൽ മാത്രം മതിയാകും. ഭാവിയിൽ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുന്ന പ്രൊജക്ടുകൾ മാത്രമേ കിഫ്ബി ഏറ്റെടുക്കൂ എന്ന ലളിതമായ സംവിധാനം തിരിച്ചറിയാൻ ധവളപത്രം തയാറാക്കിയവർക്ക് കഴിഞ്ഞിട്ടില്ല.
പകരം അവർ കണ്ടെത്തുന്ന കുറുക്കുവഴി സ്വകാര്യവൽക്കരണമാണ്. സ്വകാര്യ മൂലധനത്തെ വ്യവസായ മേഖലയിലേക്ക് ആകർഷിക്കണമെന്നതിൽ തർക്കമില്ല. പക്ഷേ, അതിന് അനിവാര്യമായ പശ്ചാത്തല സൗകര്യങ്ങൾ നമ്മൾ മുൻകൈയെടുത്ത് സൃഷ്ടിച്ചേ തീരൂ. അതിനുള്ള വിഭവസമാഹരണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് കിഫ്ബിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.









0 comments