ലോകകപ് ഫുട്ബോൾ വേദിയിൽ 'കുപ്പികൾക്ക്' നിരോധനം

മെക്സിക്കോ: ലോകകപ്പ് ഫുട്ബോൾ വേദിയിൽ കുപ്പികൾ കൊണ്ടുവരുന്നതിന് പൂര്‍ണ്ണ നിരോധനം പ്രഖ്യാപിച്ച് ഫിഫ. 2026 ജൂണിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ സ്റ്റേഡിയം പെരുമാറ്റച്ചട്ടത്തിൽ വരുത്തിയ പുതിയ മാറ്റ പ്രകാരമാണിത്.
കാണികൾ സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പികളും മറ്റ് സാധനങ്ങളും എറിയുന്നത് വഴിയുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങളും പരിക്കുകളും ഒഴിവാക്കാനാണ് തീരുമാനം. നേരത്തെ ഒഴിഞ്ഞ, സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ 1 ലിറ്റർ വരെ അളവുകളിൽ സ്റ്റേഡിയത്തിൽ അനുവദിക്കും എന്ന് അറിയിച്ചിരുന്നു. ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ തീരുമാനത്തിൽ ഫിഫ മാറ്റം വരുത്തി. പുനരുപയോഗിക്കാൻ കഴിയുന്ന വാട്ടർ ബോട്ടിലുകൾ ഉൾപ്പെടെ ഒന്നിനും ഇനി അനുമതി ഉണ്ടായിരിക്കില്ല.
കുപ്പികൾക്ക് പുറമെ കപ്പുകൾ, ജാറുകൾ, ക്യാനുകൾ, മറ്റ് അടച്ചുപൂട്ടിയ പാത്രങ്ങൾ എന്നിവയും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. കൂടാതെ 100 മില്ലി ലിറ്ററിൽ കൂടുതൽ അളവിലുള്ള ദ്രാവകങ്ങൾക്കും നിരോധനമുണ്ട്. കുഞ്ഞുങ്ങൾക്കുള്ള പാലും ഔദ്യോഗിക മെഡിക്കൽ ആവശ്യങ്ങൾക്കുള്ളവയും ഇതിൽ ഉൾപ്പെടുന്നില്ല.
ആരാധകർക്ക് സ്റ്റേഡിയത്തിനുള്ളിൽ നിന്ന് പണം നൽകി കുടിവെള്ളം വാങ്ങാം. സാധാരണ മറ്റ് പരിപാടികൾക്ക് ഈ സ്റ്റേഡിയങ്ങളിൽ ഈടാക്കുന്ന അതേ വിലയിലായിരിക്കും വെള്ളം ലഭിക്കുക എന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.
യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കടുത്ത ചൂടുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഈ നിരോധനം കായികപ്രേമികൾക്കിടയിലും ആരോഗ്യവിദഗ്ധർക്കിടയിലും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്ത് കൂളിംഗ് ടെന്റുകളും ഹൈഡ്രേഷൻ സ്റ്റേഷനുകളും കാണികൾക്കായി ഒരുക്കുമെന്നാണ് ഫിഫയുടെ വിശദീകരണം.
ജൂൺ 12 ന് കാണാം
2026 ഫിഫ ലോകകപ്പിന്റെ ആദ്യ മത്സരം (Opening Match) 2026 ജൂൺ 11 വ്യാഴാഴ്ച (ഇന്ത്യൻ സമയം ജൂൺ 12 വെള്ളിയാഴ്ച പുലർച്ചെ 12:30-ന്) നടക്കും. മെക്സിക്കോയിലെ വിഖ്യാതമായ 'എസ്റ്റാഡിയോ ആസ്ടെക്ക' (Estadio Azteca) സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ: 2026 ജൂൺ 11 മുതൽ ജൂൺ 27 വരെ
റൗണ്ട് ഓഫ് 32 (Knockout): ജൂൺ 28 മുതൽ ജൂലൈ 3 വരെ
റൗണ്ട് ഓഫ് 16: ജൂലൈ 4 മുതൽ ജൂലൈ 7 വരെ
ക്വാർട്ടർ ഫൈനൽ: ജൂലൈ 9 മുതൽ ജൂലൈ 11 വരെ
സെമി ഫൈനൽ: ജൂലൈ 14, 15 തീയതികളിൽ
ലൂസേഴ്സ് ഫൈനൽ (മൂന്നാം സ്ഥാനം): ജൂലൈ 18-ന് (മിയാമിയിൽ)
ഫൈനൽ മത്സരം: 2026 ജൂലൈ 19 ഞായറാഴ്ച അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ (MetLife Stadium)









0 comments