റിമാൻഡ് തടവുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

രേഷ് ബാബു
തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരനായിരുന്ന യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. മുകുന്ദപുരം താലൂക്ക് നെന്മണിക്കര വില്ലേജിൽ പുലക്കാട്ടുകര ദേശത്ത് പടിഞ്ഞാറേപുരയ്‌ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ രേഷ് ബാബു(33) ആണ് വ്യാഴാഴ്‌ച മരിച്ചത്. ജന്മാനാ മാസനസിക മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു. അതുകൊണ്ടുതന്നെ യുവാവിനെ സാധാരണ ജയിലിലേക്കയച്ചതിൽ പൊലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ആരോപണമുയരുന്നുണ്ട്.
മെയ് 16 നാണ് അടിപിടിക്കേസിൽ തൃശൂർ ഇൗസ്‌റ്റ് പൊലീസ് രേഷ് ബാബുവിനെ അറസ്‌റ്റ് ചെയ്‌തത്. 17ന് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–1 ഇയാളെ റിമാൻഡ് ചെയ്‌തു. മെയ് 26ന് വൈകിട്ട് ജയിലിൽ നിന്ന് രേഷ്‌ബാബുവിന്റെ അച്ഛൻ ബാബുവിനെ വിളിച്ച് മകൻ സുഖമില്ലാതെ മെഡിക്കൽ കോളേജിലാണെന്നും എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തണമെന്നും ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോൾ മകൻ ജയിലിൽ ടോയ്‌ലറ്റിൽ പോയി തിരിച്ചുവരവേ ചന്ദനത്തിരിയുടെ തിരി അല്ലാത്ത ഭാഗം വച്ച് പല്ലിനിടയിൽ കുത്തിയപ്പോൾ വായിൽ നിന്നും ചോര വരുന്നതായി കണ്ടുവെന്നും തുടർന്ന് ചോര ഛർദിച്ചു എന്നും പൊലീസ് പറഞ്ഞുവെന്ന് അച്ഛൻ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
മകന്റെ ചുണ്ട് നീര് കെട്ടിയിരുന്നതായി പരാതിയിൽ പറഞ്ഞു. ഡോക്‌ടറോട് ചോദിച്ചപ്പോൾ തലയിൽ ചതവ് പറ്റിയതായി കാണുന്നുണ്ടെന്നാണ് പറഞ്ഞത്. ഏതോ മരുന്ന് ഓവർഡോസ് കഴിച്ചതാണ് കാരണം എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. എന്നാൽ താനോ, ബന്ധത്തിൽപ്പെട്ട മറ്റാരെങ്കിലുമോ യാതൊരു മരുന്നും ജയിലിൽ കൊണ്ടുപോയി നൽകിയിട്ടില്ല എന്നും സ്ഥിരമായി മരുന്നുകഴിക്കുന്ന മറ്റെന്തെങ്കിലും രോഗങ്ങൾ ഉണ്ടായിട്ടില്ല എന്നും ബാബു കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.










0 comments