'അവന്‍റെ കൂടെയിരിക്കൂ': മകന് അസുഖമായതിനാൽ രാജിവെക്കാൻ തുനിഞ്ഞ ജീവനക്കാരന് ബോസ് നൽകിയ മറുപടിക്ക് കൈയടി

പ്രതീകാത്മക ചിത്രം
രോഗബാധിതനായ മകനെ പരിചരിക്കാൻ വേണ്ടി രാജി സമർപ്പിച്ച ജീവനക്കാരന് കമ്പനി ഉടമ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. അങ്കിത് പാണ്ഡെ എന്ന ബിസിനസ്സുകാരൻ തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഇതേക്കുറിച്ച് വിവരിക്കുന്നത്.
തന്റെ സ്ഥാപനത്തിൽ കഴിഞ്ഞ 10 വർഷമായി അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ജീവനക്കാരൻ പെട്ടെന്നാണ് രാജിസന്നദ്ധത അറിയിച്ച് സമീപിച്ചതെന്ന് അങ്കിത് കുറിക്കുന്നു. രാജിവെക്കാനുള്ള കാരണം തിരക്കിയപ്പോൾ കണ്ണ് നിറഞ്ഞുകൊണ്ട് അക്കൗണ്ടന്റ് പറഞ്ഞ മറുപടി ഇതായിരുന്നു: 'എന്റെ മകന്റെ അവസ്ഥ വളരെ ഗുരുതരമാണ്. അവൻ സുഖം പ്രാപിക്കുമെന്ന കാര്യത്തിൽ ഡോക്ടർമാർക്ക് പോലും വലിയ പ്രതീക്ഷയില്ല. അതുകൊണ്ട് എന്റെ ബാക്കി സമയം മുഴുവൻ എനിക്ക് അവന്റെ കൂടെ ചെലവഴിക്കണം.'
മകന് വേണ്ടി മുഴുവൻ സമയവും കൂടെയുണ്ടാകണം എന്നതിനാലാണ് അദ്ദേഹം ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമോ എന്ന് ബോസ് ചോദിച്ചെങ്കിലും, ഈയൊരു സാഹചര്യത്തിൽ മകന് തന്റെ സാന്നിധ്യമാണ് മറ്റെന്തിനേക്കാളും ആവശ്യമെന്ന് പറഞ്ഞ് അക്കൗണ്ടന്റ് അത് നിരസിക്കുകയായിരുന്നു.
എന്നാൽ, 10 വർഷക്കാലം തന്നോട് വിശ്വസ്തത കാണിച്ച ജീവനക്കാരനെ അവരുടെ പ്രതിസന്ധി ഘട്ടത്തിൽ കൈവിടാൻ അങ്കിത് പാണ്ഡെ തയ്യാറായില്ല. 'പോയി മകന്റെ കൂടെ ഇരിക്കൂ. നിങ്ങളുടെ ജോലി ഇവിടെ നിനക്കായി തന്നെ മാറ്റിവെച്ചിരിക്കും. പണത്തെക്കുറിച്ച് ഓർത്ത് ഒട്ടും വിഷമിക്കേണ്ട. എല്ലാ മാസവും ശമ്പളം അക്കൗണ്ടിൽ കൃത്യമായി വരും. ഇപ്പോൾ മകന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ, അവൻ സുഖം പ്രാപിച്ച ശേഷം നീ ജോലിയിൽ തിരിച്ചുകയറിയാൽ മതി.'
ഒരു മാസത്തിന് ശേഷം മകൻ പൂർണ്ണമായി സുഖം പ്രാപിച്ച മധുരപലഹാരങ്ങളുമായാണ് അക്കൗണ്ടന്റ് ഓഫീസിലേക്ക് തിരിച്ചെത്തിയത്. ജോലി ചെയ്യാത്ത കാലയളവിലെ ശമ്പളം തന്റെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉടമ അത് സ്നേഹപൂർവ്വം നിരസിച്ചു. 'അത് നിനക്ക് തന്ന ശമ്പളമല്ല, നിന്റെ മകന്റെ ചികിത്സയ്ക്കായി ഞങ്ങളുടെ വക നൽകിയ ചെറിയൊരു സഹായമാണ്. ചിലപ്പോഴൊക്കെ ഒരു കമ്പനി എന്നത് വെറുമൊരു ജോലിസ്ഥലം മാത്രമല്ല, അതൊരു കുടുംബം കൂടിയാണ്," എന്നായിരുന്നു ബോസിന്റെ മറുപടി.
നിരവധി പേരാണ് സ്ഥാപന ഉടമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്:
"ഹോ... നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു സുഹൃത്തേ. നന്മ ചെയ്താൽ നന്മ തന്നെ തിരിച്ചു കിട്ടുമെന്ന് നിങ്ങൾ തെളിയിച്ചു. തികച്ചും സ്വാർത്ഥതയില്ലാത്ത നിങ്ങളുടെ പ്രവൃത്തി തന്നെയാണ് ആ കുട്ടിയുടെ സുഖപ്രാപ്തിക്ക് കാരണമായത്. പണത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ മകനൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിങ്ങളുടെ ഈ വലിയ മനസ്സ് അദ്ദേഹത്തിന് നൽകിയ സഹായം ചെറുതല്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ബ്രോ..." ഒരാൾ കുറിച്ചു.
"നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് വളരെ മാനുഷികമായൊരു ഇടപെടലാണ്. ഒരു ജോലിസ്ഥലം എപ്പോഴും തങ്ങളുടെ ജീവനക്കാരെ ഒരു കുടുംബം പോലെ തന്നെ കാണണം. കാരണം ആ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി അവരും അത്രമേൽ കഷ്ടപ്പെടുന്നുണ്ട്. എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
"ജോലിസ്ഥലത്തെ കാരുണ്യം എന്നത് ജീവിതത്തിലെ വലിയൊരു കരുത്തായി മാറും. മറ്റൊരാൾ കുറിച്ചു.









0 comments