print edition കപ്പിൽ നിറയെ സന്തോഷം

കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ക്ലബാണ് ഇൗസ്‌റ്റ് ബംഗാൾ. പക്ഷേ, ദേശീയ ലീഗിൽ കാലുറപ്പിക്കാനാകാത്ത കാഴ്‌ചയായിരുന്നു സമീപകാലത്ത്. 2004ൽ ലീഗ് നേടിയശേഷം ദേശീയ ലീഗിൽ മറ്റ് നേട്ടങ്ങളുണ്ടായില്ല. 22 വർഷത്തിനുശേഷം ഇൗസ്‌റ്റ് ബംഗാൾ ഇന്ത്യൻ ഫുട്‌ബോളിന്റെ ഉന്നതിയിൽ വീണ്ടുമെത്തിയിരിക്കുകയാണ്. ഐഎസ്‌എല്ലിലൂടെ ആദ്യ കിരീടം സ്വന്തമാക്കിയാണ് വരവ്. രണ്ടര വർഷം മുന്പ് സൂപ്പർ കപ്പ് നേടിയശേഷമുള്ള ആദ്യ ഫുട്‌ബോൾ കിരീടം കൂടിയാണ്. വിജയത്തിൽ കൊൽക്കത്ത മനംനിറഞ്ഞ് ആഘോഷിച്ചു. ഇന്റർ കാശിയുമായുള്ള കളിക്കുശേഷം സ്‌റ്റേഡിയം കാണികൾ കൈയടക്കുകയായിരുന്നു.
സൂപ്പർ കപ്പ് ജയത്തിനുശേഷം ഇൗസ്‌റ്റ് ബംഗാളിന്റെ തിരിച്ചുവരവാണ് പ്രതീക്ഷപ്പെട്ടത്. പക്ഷേ, ഡ്യുറൻഡ് കപ്പിലും എഎഫ്‌സി ചാന്പ്യൻസ് ലീഗിലും പ്രാഥമിക റൗണ്ടിൽ പുറത്തായതോടെ വീണ്ടും നിരാശക്കാലം. ഐഎസ്‌എല്ലിൽ ചുവടുറപ്പിക്കാനേ കഴിഞ്ഞില്ല. ആശയങ്ങളിലെ അവ്യക്തതയ്‌ക്കൊപ്പം കളിയിലെ അനായാസതയും നഷ്ടമായതോടെ ഇൗസ്‌റ്റ് ബംഗാൾ പതറി. നിരന്തരമായ പരിക്കുകളും ഘടകമായി. പരിശീലകൻ കാർലെസ് കൗദ്രത്തിന്റെ രീതികളും കാലംതെറ്റി.
ടീമിൽ ഉടച്ചുവാർക്കൽ അനിവാര്യമായി. ഇൗ ഘട്ടത്തിലാണ് ഓസ്‌കാർ ബ്രുസോൺ ചുമതലയേൽക്കുന്നത്.
2024 ഒക്‌ടോബറിൽ. ആ ഘട്ടത്തിലും സ്ഥിരതയില്ലായ്‌മായിരുന്നു ക്ലബിന്റെ പ്രശ്‌നം. മൂന്ന് കാര്യങ്ങളാണ് ബ്രുസോൺ ചെയ്‌തത്. ക്ലബിന് ആത്മവീര്യം തിരിച്ചുനൽകി. കളിയിലുള്ള വിശ്വാസം വീണ്ടെടുപ്പിച്ചു. ധൈര്യം നിറച്ചു. ബംഗ്ലാദേശ് ലീഗിൽ ബസുന്ധര കിങ്‌സിനൊപ്പം ചേർന്ന് അബഹാനി ധാക്കയുടെ ആധിപത്യം അവസാനിപ്പിച്ച മികവ് ബ്രുസോൺ ഒരിക്കൽക്കൂടി പുറത്തെടുത്തു. സ്‌പോർടിങ് ഗോവ, മുംബൈ എഫ്‌സി, മുംബൈ സിറ്റി ടീമുകളിൽ പ്രവർത്തിച്ചതിലൂടെ കിട്ടിയ ഇന്ത്യയിലെ അനുഭവ പരിചയം സ്‌പാനിഷുകാരന് മുതൽകൂട്ടായി.
തന്റെ ആശയത്തിന് അനുസരിച്ച് ടീമിനെ ഉടച്ചുവാർത്തു. ക്ലെയ്‌റ്റൺ സിൽവ, ദിമിത്രിയോസ് ഡയമന്റാകോസ്, മാദിഹ് തലാൽ എന്നിവരെ മാറ്റി ഒഴുക്കുള്ള ആക്രമണ ശൈലിക്ക് പറ്റുന്ന കളിക്കാരെ കൊണ്ടുവന്നു. മിഗ്വേൽ ഫിഗെയ്‌റായിരുന്നു അതിൽ പ്രധാനി. മുഹമ്മദ് റാഷിദ് മധ്യനിരയിൽ തിളങ്ങി. കെവിൻ സിബില്ലെ പ്രതിരോധത്തിന് ശക്തി നൽകിയപ്പോൾ മൊറോക്കോക്കാരൻ യൂസഫ് എസെജാറി പ്രധാന ഗോളടിക്കാരനായി. ഇന്ത്യൻ താരങ്ങളിൽ ബിപിൻ സിങ്ങും അൻവർ അലിയും ജയ് ഗുപ്‌തയും തിളങ്ങി. മലയാളി താരം പി വി വിഷ്‌ണു ഒരു ഗോളടിച്ചു. മൂന്നെണ്ണത്തിന് അവസരമൊരുക്കി. 12 കളിയിൽ ഇറങ്ങി. ടി കെ ജെസിനും ജോസഫ് ജസ്‌റ്റിനുമാണ് മറ്റ് മലയാളി താരങ്ങൾ. ടീമിന് കരുത്തായി സഹ പരിശീലകൻ ബിനോ ജോർജും ഉണ്ട്.
ലീഗിന്റെ ഒരു ഘട്ടത്തിൽ ഇൗസ്‌റ്റ് ബംഗാളിന് തിരിച്ചടി കിട്ടിയതാണ്. ജംഷഡ്‌പുരിനോട് തോറ്റു. എഫ്‌സി ഗോവയോടും കേരള ബ്ലാസ്‌റ്റേഴ്‌സിനോടും സമനില വഴങ്ങി. മുഹമ്മദൻസിനെ ഏഴ് ഗോളിന് തകർത്തായിരുന്നു തിരിച്ചുവരവ്. മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള സമനില ജയത്തോളം മൂല്യമുള്ളതായി.










0 comments