print edition ഡ്യുറൻഡ് കപ്പ് ഫുട്ബോൾ സെമി ലെെനപ്പായി; ഷൂട്ടൗട്ടിൽ ബഗാൻ

ഡ്യുറൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ ജംഷഡ്പുർ എഫ്സിക്കെതിരെ മോഹൻ ബഗാന്റെ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോൾശ്രമം
കൊൽക്കത്ത: മാരത്തൺ ഷൂട്ടൗട്ട് പോരിൽ ജംഷഡ്‌പുർ എഫ്‌സിയെ 9–8ന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഡ്യുറൻഡ് കപ്പ് ഫുട്‌ബോൾ സെമിയിൽ. നിശ്‌ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചു. വ്യാഴാഴ്‌ച നടക്കുന്ന സെമിയിൽ നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഷില്ലോങ് ലജോങ്ങിനെ 5–2ന് തകർത്താണ് നോർത്ത് ഇൗസ്‌റ്റിന്റെ മുന്നേറ്റം. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇൗസ്‌റ്റ് ബംഗാളും സ്‌പോർടിങ് ഡൽഹിയും ഏറ്റുമുട്ടും.
മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിൽ ജംഷഡ്‌പുരിനെതിരെ ബഗാൻ കളിയുടെ തുടക്കത്തിൽ ലീഡ് നേടിയതാണ്. എന്നാൽ ഇടവേളയ്‌ക്ക് തൊട്ടുമുന്പ് ദേവേന്ദ്ര മുർഗാവോങ്കർ ജംഷഡ്‌പുരിനായി സമനില പിടിച്ചു. നിശ്‌ചിതസമയം അവസാനിക്കുന്പോഴും സ്‌കോർ 1–1.
തുടർന്ന് നേരിട്ട് ഷൂട്ടൗട്ട്. ഇരു ടീമുകളും ഷൂട്ടൗട്ടിൽ വിട്ടുകൊടുത്തില്ല. തുടർച്ചയായി എട്ട് കിക്കുകൾ ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. ഒന്പതാം കിക്ക് എടുത്ത ജംഷഡ്‌പുരിന്റെ മമയ്‌ക്ക് പിഴച്ചു. കിക്ക് ഗോൾകീപ്പർ വിശാൽ കെയ്‌ത് തടഞ്ഞു. പിന്നാലെ ബഗാനായി കിക്ക് എടുത്ത അഭിഷേക് സിങ് ലക്ഷ്യം കാണുകയും ചെയ്‌തു.
അലാദീൻ അജാരിയുടെ ഹാട്രിക്കിലാണ് നോർത്ത് ഇൗസ്‌റ്റ് ലജോങ്ങിനെ തകർത്തത്. മലയാളി താരം എം എസ് ജിതിനും ഗോൾ നേടി.










0 comments