ad
Deshabhimani

print edition സഹൽ അടിച്ചു ബഗാൻ ജയിച്ചു

football

ഈസ്റ്റ് ബംഗാളിനെതിരെ ബഗാന്റെ വിജയഗോൾ 
നേടിയ സഹൽ (ഇടത്ത് ) ക്യാപ്റ്റൻ സുഭാശിഷ് ബോസിനൊപ്പം

വെബ് ഡെസ്ക്

Published on Jul 26, 2026, 02:04 AM | 1 min read

കൊൽക്കത്ത : ഡ്യുറൻഡ്‌ കപ്പ്‌ ഫുട്‌ബോളിന്‌ കൊൽക്കത്ത വന്പൻമാരുടെ ഉശിരൻ പോരാട്ടത്തോടെ തുടക്കം. ആവേശക്കളിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ഒറ്റ ഗോളിന്‌ ഇ‍ൗസ്‌റ്റ്‌ ബംഗാളിനെ കീഴടക്കി. മലയാളി താരം സഹൽ അബ്‌ദുൾ സമദ്‌ ബഗാന്റെ വിജയഗോൾ നേടി. പുതിയ പരിശീലകൻ ഗ്ര‍ീക്കുകാരൻ പനാഗിയോടിസ്‌ ദിൽബെറിസിന്‌ കീഴിൽ മികച്ച തുടക്കവും ബഗാൻ കുറിച്ചു.


കൊൽക്കത്ത സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ 52–ാം മിനിറ്റിലായിരുന്നു സഹലിന്റെ വിജയഗോൾ. യുവതാരം കിയാൻ നസിറി ബോക്‌സിലേക്ക്‌ അടിതൊടുത്തു. മുന്നേറ്റക്കാരൻ മൻവീർ സിങ്ങിന്‌ അതിൽ കാൽവയ്‌ക്കാനായില്ല. പന്ത്‌ കിട്ടിയത്‌ സഹലിന്റെ കാലിൽ. അനായാസം ഇ‍ൗസ്‌റ്റ്‌ ബംഗാൾ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ്‌ ഗില്ലിനെ മറികടന്നു. ഗോൾകീപ്പർ വിശാൽ കെയ്‌ത്തിന്റെ തകർപ്പൻ പ്രകടനവും ബഗാന്റെ ജയത്തിൽ നിർണായകമായി.


ഇ‍ൗസ്‌റ്റ്‌ ബംഗാൾ പരിശീലക കുപ്പായത്തിൽ ആദ്യ മത്സരത്തിനെത്തിയ അന്റോണിയോ ഹബാസ്‌ ആക്രമണ നിരയെയാണ്‌ വിന്യസിച്ചത്‌. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. ഇടവേള കഴിഞ്ഞ്‌ മിനിറ്റുകൾക്കുള്ളിൽ ബഗാൻ ലീഡ്‌ നേടിയതോടെ ഇ‍ൗസ്‌റ്റ്‌ ബംഗാൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പകരക്കാരനായെത്തിയ മലയാളിതാരം പി വി വിഷ്‌ണുവിന്റെ ഗോൾ ശ്രമം കെയ്‌ത്‌ തടഞ്ഞു‍.


ഡാനി റാമിറെസിന്റെ നീക്കവും ലക്ഷ്യത്തിലെത്തിയില്ല. മുഹമ്മദ്‌ ബാസിം റാഷിദിന്റെ ഗോളെന്നുറച്ച ഷോട്ടും കെയ്‌ത്‌ നിർവീര്യമാക്കി.

ഇന്ന്‌ രണ്ട്‌ മത്സരങ്ങളാണ്‌. നിലവിലെ ചാന്പ്യൻമാരായ നോർത്ത്‌ ഇ‍ൗസ്‌റ്റ് യുണൈറ്റഡ്‌, ജംഷഡ്‌പുർ എഫ്‌സിയെ നേരിടും. ഇന്ത്യൻ ആർമിയും സമലേശ്വരി സ്‌പോർടിങ്ങും തമ്മിലാണ്‌ മറ്റൊരു കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home