print edition വിഴിഞ്ഞം തുറമുഖം: സമ്പൂർണ കയറ്റുമതി-ഇറക്കുമതിക്ക് കസ്റ്റംസ് അനുമതി

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് കസ്റ്റംസ് വിഭാഗത്തിന്റെ അന്തിമ അനുമതി. ഇത് സംബന്ധിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമീഷണർ ഡോ. ടി ടിജു വിജ്ഞാപനമിറക്കി. എക്‌സിം പ്രവർത്തനങ്ങൾ ആഗസ്‌ത് 18ന് ആരംഭിക്കുന്നതിന് മുന്നോടിയായാണിത്. ഇതോടെ ട്രാൻഷിപ്‌മെന്റ് തുറമുഖത്തിൽനിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും.
പരിശോധനകൾക്കായി കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ), അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ), പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് , ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, കോസ്റ്റൽ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
നിലവിൽ തുറമുഖത്തോട് ചേർന്ന് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഇല്ല. അതിനാൽ കർശന വ്യവസ്ഥകളോടെയാകും കരമാർഗമുള്ള ചരക്ക് നീക്കം. ചരക്കുകൾ ശേഖരിക്കാനും തരംതിരിക്കാനും കസ്റ്റംസ് പരിശോധനൾ നടത്താനുമുള്ള വെയർഹൗസ് സംവിധാനമാണ് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ.
പൂർണമായും സാധനങ്ങൾ നിറച്ച് കസ്റ്റംസ് പരിശോധന നടത്തി സീൽ ചെയ്ത കണ്ടെയ്നറുകൾക്ക് മാത്രമാകും പ്രവേശനം. ചരക്കിറക്കി 48 മണിക്കൂറിനുള്ളിൽ തുറമുഖത്തുനിന്ന് മാറ്റണം. പകുതി നിറച്ചതോ അഴിച്ചുമാറ്റി പരിശോധിക്കേണ്ടതോ ആയ ചരക്കുകൾ അനുവദിക്കില്ല. പോർട്ട് യാർഡിൽ വച്ച് സാധനങ്ങൾ നിറയ്ക്കാൻ അനുമതിയില്ല. വിഴിഞ്ഞത്തുനിന്നും മറ്റ് അംഗീകൃത കസ്റ്റംസ് സ്റ്റേഷനുകളിലേക്കും തിരിച്ചും റോഡ് മാർഗം ചരക്കുനീക്കാനാകും. കസ്റ്റംസ് പരിധിക്കുള്ളിൽ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും ചരക്കുകളും ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും.










0 comments