ad
Deshabhimani

കായൽക്കയത്തിൽ ജീവൻ പൊലിഞ്ഞവർക്ക് 
നാളെ സ്‌മരണാഞ്‌ജലി

ddd
വെബ് ഡെസ്ക്

Published on Jul 26, 2026, 02:31 AM | 1 min read

മുഹമ്മ

കുമരകം ബോട്ടുദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്ക്‌ തിങ്കളാഴ്‌ച മുഹമ്മ ഗ്രാമം സ്‌മരണാഞ്‌ജലിയേകും. ദുരന്തത്തിന്റെ 24–ാം വാർഷിക ദിനത്തിൽ വിവിധ സംഘടനകൾ ബോട്ട് ജെട്ടിയിൽ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കും. 2002 ജൂലൈ 27നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പിഞ്ചുകുഞ്ഞുൾപ്പെടെ 29 പേരാണ്‌ വേമ്പനാട്ടുകായലിൽ മുങ്ങിമരിച്ചത്‌. ഒരു ഗ്രാമത്തിന്റെ ചുറ്റുവട്ടത്തുള്ള 29 ജീവിതങ്ങളാണ്‌ നഷ്‌ടമായത്‌. 15 സ്‌ത്രീകളും 13 പുരുഷന്മാരും ഒരു കുഞ്ഞുമാണ് മരിച്ചത്. മുഹമ്മയിൽനിന്ന്‌ പുലർച്ചെ കുമരകത്തേക്ക് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ എ 53 ബോട്ട് കുമരകത്തിനടുത്താണ് അപകടത്തിൽപ്പെട്ടത്. പിഎസ്‌സി പരീക്ഷാദിവസമായതിനാൽ യാത്രക്കാരുടെ എണ്ണം ഏറെയായിരുന്നു. ബോട്ടിന്റെ കാലപ്പഴക്കമായിരുന്നു അപകടത്തിന് പ്രധാന കാരണം. പരീക്ഷയ്‌ക്ക്‌ പോയവരും മത്സ്യവിൽപ്പനത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അപകടത്തിന്‌ ഇരയായി. കുമരകം നിവാസികളും കായലിൽ പണിയെടുത്തുകൊണ്ടിരുന്ന കക്ക, മത്സ്യത്തൊഴിലാളികളും സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനമാണ്‌ അപകടത്തിന്റെ തീവ്രത കുറച്ചത്‌. നൂറിലേറെപ്പേരെ രക്ഷപ്പെടുത്തി. മരിച്ചവരിലേറെയും മുഹമ്മക്കാരായിരുന്നു. കുമരകം ദുരന്തത്തെത്തുടർന്നാണ് പിഎസ്‌സി പരീക്ഷകൾ ഉച്ചയ്‌ക്കുശേഷം ആക്കിയത്. അന്ന് പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സി കെ ഭാസ്‌കരൻ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനും പിഎസ്‌സിക്കും അപേക്ഷ നൽകിയതിനെത്തുടർന്നായിരുന്നു തീരുമാനം. ബോട്ടപകടത്തിൽ മരിച്ചവരുടെ ഓർമകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ, പാസഞ്ചേഴ്സ് അസോസിയേഷൻ, അരങ്ങ് സോഷ്യൽ സർവീസ് ഫോറം തുടങ്ങിയ സംഘടനകൾ അനുസ്‌മരണം നടത്തും. അരങ്ങിന്റെ അനുസ്‌മരണം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്യും. വിജുദാസനും ജീമോൻ മുഹമ്മയും ചേർന്ന് എഴുതിയ അനുസ്‌മരണഗാനം സംവിധായകൻ ആലപ്പി ഋഷികേശ് സംഗീതം നൽകി സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികളായ സ്വാതിയും ശ്രുതിയും ചേർന്ന് ആലപിക്കും .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home