Deshabhimani

ഒരു മോഹസമ്മാനം

Desire Doue

ആസ്റ്റൺ വില്ലയ്ക്കെതിരെ പിഎസ്ജി വിങ്ങർ ദിസിരെ ദുവെ ഷോട്ടുതിർക്കുന്നു

വെബ് ഡെസ്ക്

Published on Apr 11, 2025, 12:00 AM | 1 min read


പാരിസ്‌ : ‘ആഗ്രഹിച്ച സമ്മാനം’ എന്നാണ്‌ ദിസിരെ ദുവെ എന്ന ഫ്രഞ്ച്‌ പേരിന്റെ അർഥം. പിഎസ്‌ജി പരിശീലകൻ ലൂയിസ്‌ എൻറിക്വെ മനസ്സിൽ കാണുന്നത്‌ അതേപടി കളത്തിൽ നടപ്പാക്കുകയാണ്‌ ദുവെ. ഏതൊരു ക്ലബ്ബും കോച്ചും കൊതിക്കുന്ന താരം. ഈ സീസണിൽ പാരിസ്‌ പടയിലെത്തിയ പത്തൊമ്പതുകാരൻ പേരിനെ അന്വർഥമാക്കുന്ന പ്രകടനമാണ്‌ നടത്തുന്നത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ ആസ്റ്റൺ വില്ലയെ 3–-1ന്‌ തകർത്തപ്പോൾ വിജയശിൽപ്പിയായത്‌ ദുവെയാണ്‌. ഈ സീസണിൽ 12 ഗോളടിച്ചു കഴിഞ്ഞു വിങ്ങർ. 11 എണ്ണത്തിന്‌ അവസരവും ഒരുക്കി.


ലയണൽ മെസിയും നെയ്‌മറും കിലിയൻ എംബാപ്പെയും ഒഴിച്ചിട്ട ശൂന്യത നികത്താൻ എൻറിക്വെ കണ്ടെത്തിയ പരിഹാരങ്ങളിലൊന്നാണ്‌ ദുവെ. കഴിഞ്ഞ സീസണുകളിൽ ഗോളടിക്കാൻ ആശ്രയിച്ച സൂപ്പർ താരങ്ങൾ ടീം വിട്ടപ്പോൾ യുവതാരങ്ങളെ ചുമതലയേൽപ്പിച്ചു. ഉസ്‌മാൻ ഡെംബെലെയ്‌ക്കും കവിച്ച കവറാസ്‌കേലിക്കും ഒപ്പം മൂന്നാമനായി റെന്നസിൽനിന്നാണ്‌ എത്തിച്ചത്‌. ആറാം വയസ്സ്‌ മുതൽ റെന്നെസിലായിരുന്നു. 2022ൽ, പതിനാറാം വയസ്സിൽ സീനിയർ കുപ്പായത്തിൽ അരങ്ങേറി. ചടുല നീക്കങ്ങളാലും വേഗത്താലും പെട്ടെന്ന്‌ ശ്രദ്ധിക്കപ്പെട്ടു. ഫ്രാൻസിനായി ജൂനിയർ കുപ്പായത്തിലും മിന്നി.


ഇതോടെയാണ്‌ ചാമ്പ്യൻ ക്ലബ്ബായ പിഎസ്‌ജിയിൽ എത്തിയത്‌. ആദ്യ സീസണിൽ തന്നെ കോച്ച്‌ എൻറിക്വെയുടെ പ്രിയപ്പെട്ടവനായി. യൂറോപ്യൻ ലീഗുകളിൽ ഗോളിലേക്ക്‌ കൂടുതൽ തുറന്ന അവസരങ്ങൾ ഒരുക്കിയ താരമായി. അവസാന നാല്‌ കളിയിൽ അഞ്ച്‌ ഗോളുണ്ട്‌. പന്തിൽ ആധിപത്യം പുലർത്തുന്നതിലും നിയന്ത്രണത്തിലുമെല്ലാം സവിശേഷമായ മിടുക്കുണ്ട്‌ കൗമാരക്കാരന്‌. ഈ വർഷം ഫ്രാൻസിനായി അരങ്ങേറുകയുംചെയ്‌തു. പാരിസിൽ നടന്ന ആദ്യപാദത്തിൽ വില്ലയ്‌ക്കെതിരെ പിന്നിട്ടുനിന്നശേഷമാണ്‌ പിഎസ്‌ജി തകർപ്പൻ ജയം നേടിയത്‌. മോർഗൻ റോജേഴ്‌സ്‌ സന്ദർശകർക്കായി ലക്ഷ്യം കണ്ടു. ദുവെ, കവറാസ്‌കേലിയ, നൂനോ മെൻഡസ്‌ എന്നിവർ തിരിച്ചടിച്ചു. 15ന്‌ വില്ലയുടെ തട്ടകമായ ലണ്ടനിലാണ്‌ രണ്ടാംപാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home