ad
Deshabhimani

print edition ഡെംബെലെയുടെ ഫ്രഞ്ച്‌ മാജിക്‌

dembele 1.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 02:51 AM | 1 min read

ബോസ്റ്റൺ: രണ്ടാംനിരയുമായെത്തിയ നോർവെയെ ഗോളിൽ മുക്കി ഫ്രാൻസ്‌. ഉസ്‌മാൻ ഡെംബെലെയുടെ ഹാട്രിക്‌ കരുത്തിൽ 4–1നാണ്‌ ജയം. ദിസിരെ ദുവെയാണ്‌ മറ്റൊന്ന്‌ നേടിയത്‌. ‘ഐ’ ഗ്രൂപ്പിൽ മൂന്നും ജയിച്ച്‌ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ നിലവിലെ റണ്ണറപ്പുകളുടെ നോക്ക‍ൗട്ട്‌ പ്രവേശം. വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച ബോസ്റ്റൺ സ്‌റ്റേഡിയത്തിൽ എർലിങ്‌ ഹാലണ്ട്‌ ഉൾപ്പെടെ പ്രധാന താരങ്ങൾക്ക്‌ വിശ്രമം നൽകിയാണ്‌ നോർവെ എത്തിയത്‌. പത്ത്‌ മാറ്റങ്ങൾ വരുത്തി. ലോകകപ്പിന്റെ ചരിത്രത്തിൽ ഇത്‌ നാലാം തവണയാണ്‌ ഒരു ടീം പത്തോ അധിലധികമോ മാറ്റങ്ങൾ വരുത്തുന്നത്‌. 2006ൽ സ്‌പെയ്‌ൻ സ‍ൗദി അറേബ്യക്കെതിരെ മുഴുവൻ ടീമിനെയും മാറ്റിയതാണ്‌ റെക്കോഡ്‌. റ‍ൗണ്ട്‌ ഓഫ്‌ 32ൽ ഐവറികോസ്റ്റാണ്‌ നോർവെയ്‌ക്ക്‌ എതിരാളി.


റഫറിയുടെ വിസിൽ മുഴങ്ങിയത്‌ മുതൽ ഫ്രാൻസ്‌ നയം വ്യക്തമാക്കി. 22–ാം സെക്കൻഡിൽ കിലിയൻ എംബാപ്പെയുടെ കരുത്തുറ്റ ഷോട്ട്‌ ബാറിൽ തട്ടി മടങ്ങിയത്‌ വരാനിരിക്കുന്ന സൂചനയായിരുന്നു. ഇടവേളകളില്ലാതെ ഫ്രഞ്ചുകാർ എതിർ ഗോൾമുഖത്തേക്ക്‌ നുഴഞ്ഞുകയറി. മനു കൊനെയുടെ ശ്രമം ഗോൾകീപ്പർ ഇഗിൾ സെവിക്‌ തട്ടിയകറ്റി. ഏഴാം മിനിറ്റിൽ ആദ്യ ഗോളെത്തി. എംബാപ്പെയുടെ മൈതാന മധ്യത്തുനിന്നുള്ള ക്രോസ്‌ പിടിച്ചെടുത്ത്‌ ഡെംബെലെ വലതു പാർശ്വത്തിൽനിന്നും അടി പായിച്ചു. വൈകാതെ ഫ്രഞ്ച്‌ ക്യാപ്‌റ്റൻ നൽകിയ മറ്റൊരു അവസരത്തിൽ ഡെംബെലെ ലീഡുയർത്തി. ഇതിനിടെ മിന്നൽ പ്രത്യാക്രമണത്തിലൂടെ തിലോ അസ്‌ഗാർഡ്‌ നോർവെയ്‌ക്കായി മറുപടി നൽകി. ഫ്രാൻസ്‌ വിട്ടുകൊടുത്തില്ല. 32–ാം മിനിറ്റിൽ ഡെംബെലെ ഹാട്രിക്‌ പൂർത്തിയാക്കി.


കഴിഞ്ഞ കളിയിൽ ഇറാഖിനെതിരെയും ലക്ഷ്യംകണ്ട ഇരുപത്തൊമ്പതുകാരന്‌ അവസാന രണ്ട്‌ മത്സരത്തിൽ നാല്‌ ഗോളായി. നിലവിലെ ബാലൻ ഡി ഓർ ജേതാവ്‌ കൂടിയാണ്‌. രണ്ടാംപകുതിയിൽ സംഘടിത പ്രതിരോധത്തിലൂടെ ഫ്രാൻസ്‌ നോർവെയെ അടക്കി. പരിക്കുസമയം ദുവെ നാലാം ഗോളും കുറിച്ചു. മറ്റൊരു മത്സരത്തിൽ സെനെഗൽ 5–0ന്‌ ഇറാഖിനെ തകർത്ത്‌ പ്രതീക്ഷ നിലനിർത്തി. പാപെ ഗുയെ ഇരട്ടഗോൾ നേടി. ഹബീബ്‌ ദിയാറ, ഇസ്‌മായില സാർ, ലിമാൻ എൻഡിയായെ എന്നിവരും ഗോളടിച്ചു. മൂന്നാം തോൽവിയോടെ ഇറാഖ്‌ പുറത്തായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home