print edition കേപ്പ് വെർദെയുടെ ചോര പൊടിയാത്ത യുദ്ധങ്ങൾ

ഹൂസ്‌റ്റൺ: വെറും പ്രതിരോധമല്ല കേപ് വെർദെ. ചെറുത്തുനിൽപ്പിനെ അവർ കലയാക്കി. ഒരു തുള്ളി ചോര പൊടിയാതെ യുദ്ധങ്ങൾ ജയിച്ചു. എതിരാളികൾ പോലും അറിയാതെ അവരുടെ വഴികളിൽ വന്മരങ്ങളായി.
വലയിലേക്കുള്ള വെടിയുണ്ടകളെ ഉറവിടത്തിൽ തന്നെ നിർവീര്യമാക്കി. ലോകകപ്പിൽ കേപ് വെർദെയുടെ അത്ഭുത കഥ തുടരുകയാണ്. സൗദി അറേബ്യയെയും ഗോളില്ലാതെ പിടിച്ചുകെട്ടി ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടിലേക്ക്.
Cape Verde, FIFA World Cup 2026, Football, Sports News, World Cup Debut, Amilcar Cabral, Underdog Success
ഇൗ നേട്ടം കൈവരിക്കുന്ന ഏറ്റവും ചെറിയ രാജ്യം. കേപ് വെർദെയുടെ രക്തരഹിത വിപ്ലവത്തിൽ സൗദിക്കൊപ്പം ലോകകപ്പിലെ പ്രഥമ ചാന്പ്യൻമാരായ ഉറുഗ്വായും പൊലിഞ്ഞു. ഇനി ലോക ജേതാക്കളായ ലയണൽ മെസിയുടെ അർജന്റീനയ്‌ക്ക് മുന്നിൽ.
അഞ്ചര ലക്ഷം മാത്രം ജനസംഖ്യയുള്ള അറ്റ്‌ലാന്റിക്കിലെ ദ്വീപസമൂഹം യോഗ്യത നേടിയതുതന്നെ അത്ഭുതമായിരുന്നു. അഞ്ച് തവണ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ കാമറൂണിനെ വീഴ്‌ത്തിയാണ് യോഗ്യത കുറിച്ചത്. ലോകകപ്പ് അരങ്ങേറ്റം യൂറോപ്യൻ ചാന്പ്യൻമാരായ സ്‌പെയ്‌നിനെതിരെ.
വൊസീന്യയെന്ന നാൽപ്പതുകാരൻ ഗോൾകീപ്പറെ ലോകം കാണുന്നത് ആ വേദിയിൽവച്ചായിരുന്നു. സ്‌പാനിഷ് നിരയുടെ ഗോളെന്നുറച്ച ഏഴ് ശ്രമങ്ങൾ വൊസീന്യ അന്ന് തടുത്തിട്ടു. ഗോളിലേക്കുള്ള വഴി മുൻ ചാന്പ്യൻമാർക്ക് പിടികിട്ടിയില്ല. വരുത്തിയത് ഒറ്റ ഫൗൾ മാത്രം.
4–5–1 എന്നതാണ് കോച്ച് ബുബിസ്‌റ്റയുടെ ശൈലി. പ്രതിരോധത്തിനും മധ്യനിരയ്‌ക്കും ഇടയിൽ നേരിയ വര മാത്രം. പന്ത് കൂടുതൽ കൈവശം വയ്‌ക്കുന്ന സ്‌പെയ്‌ൻ പിന്നോട്ട് പാസ് ചെയ്‌ത് അതിൽ വിള്ളൽ വരുത്താൻ ശ്രമിച്ചു. കേപ് വെർദെ ഇളകിയില്ല. സ്‌പെയ്‌ൻ പ്രതിരോധക്കാരെ ഇളക്കിവിട്ടു. കേപ് വെർദെ ഒരിഞ്ച് അനങ്ങിയില്ല.
സ്‌പെയ്‌നിന്റെ പാസുകൾ മുറിഞ്ഞു. ഉറുഗ്വായുമായുള്ള കളിയിൽ ആക്രമണനീക്കങ്ങൾ കണ്ടു. ലോകകപ്പിൽ ആദ്യഗോൾ നേടി. ലാറ്റിനമേരിക്കൻ ടീമിനെ 2–2നാണ് തളച്ചത്. സൗദിക്കെതിരെ വീണ്ടും കോട്ട കെട്ടി. രണ്ട് തവണ ഗോളിന് അരികെയുമെത്തി. നവാഗതരായി വന്ന് ആഫ്രിക്കയുടെ അഭിമാനരൂപമായി മാറിയ പഴയ പോർച്ചുഗീസ് അധിനിവേശ രാജ്യത്തിന് പോരാട്ടത്തിന്റെ ചരിത്രമുണ്ട്.
അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിയായ അമിൽകർ കബ്രാളിന്റെ തുടിക്കുന്ന ഓർമകളുണ്ട് അവർക്ക്. കബ്രാളിന്റെ സ്‌മരണയ്‌ക്കായി പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങൾ നടത്തുന്ന കബ്രാൾ ട്രോഫിയിൽ ജേതാക്കളായിട്ടുണ്ട്.
ലോകകപ്പ് ടീമിലെ 26 അംഗങ്ങളിൽ 14 പേർ വിദേശത്ത് ജനിച്ചവരാണ്. ഇതിൽ ആറ് പേർ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിൽനിന്നാണ്. പോർച്ചുഗൽ, അയർലൻഡ് വംശജരുമുണ്ട് ടീമിൽ. സെന്റർ ബാക്ക് റോബർടോ ലോപെസ് സാമൂഹിക മാധ്യമത്തിൽകണ്ട് പരസ്യത്തിലൂടെയാണ് ടീമിലേക്കെത്തുന്നത്. അയർലൻഡിൽ ബാങ്ക് ജീവനക്കാരനായിരുന്നു ലോപെസ്.










0 comments