print edition സത്യം മറച്ച് യുഡിഎഫ് ‘സേവ ’; വീര്യം ചോർന്ന് മാധ്യമങ്ങൾ


സി കെ ദിനേശ്
Published on Jun 28, 2026, 03:02 AM | 1 min read
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ നികുതിയിളവ് നൽകിയ മുഖ്യമന്ത്രിക്ക് രക്ഷാകവചമൊരുക്കി മാധ്യമങ്ങൾ. ഒരേ കേന്ദ്രത്തിൽ നിർമിക്കുന്ന വ്യാജവാർത്തയിലൂടെയാണ് യുഡിഎഫ് സേവ. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച നിർവചനത്തിനും വിതരണത്തിനും നിർദേശം സമർപ്പിക്കാൻ എല്‍ഡിഎഫ് മന്ത്രിമാർ നോട്ടെഴുതിയെന്നാണ് മനോരമയും മാതൃഭൂമിയും പറയുന്നത്.
എന്നാല്‍ 2016 മുതൽ ഫയലുകളിൽ എൽഡിഎഫ് സർക്കാർ എന്ത് തീരുമാനിച്ചുവെന്ന് മിണ്ടുന്നില്ല. അതുപറഞ്ഞാൽ, യുഡിഎഫ് സർക്കാരിന്റെ ശരവേഗ ഫയൽനീക്കവും ബക്കാഡിക്കുവേണ്ടിയുള്ള അത്യുത്സാഹവും വെളിവാകും.
വ്യാജവാർത്തയും വസ്‌തുതയും
മനോരമ
പഴങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകാനാണ് എൽഡിഎഫ് സർക്കാർ ആലോചിച്ചത്.
വസ്‌തുത
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ നിയമഭേദഗതി കൊണ്ടുവന്നു. പക്ഷേ നികുതിയിളവ് കർഷകർ കാർഷിക വിഭവങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വീര്യംകുറഞ്ഞ മദ്യത്തിന് എന്നാണ് എൽഡിഎഫ് നയം.
മനോരമ
എൽഡിഎഫ് സർക്കാർ വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് വന്നതിനാൽ നികുതി നിശ്ചയിച്ചില്ല.
വസ്‌തുത
ഹോർട്ടിവൈനിനും ഹോർട്ടി ലിക്കറിനുമാണ് നികുതിയിളവ്. 2023ൽ നിയമം പാസ്സാക്കിയ സർക്കാരിന് സ്‌പിരിറ്റ് ചേർത്ത വീര്യംകുറഞ്ഞ മദ്യത്തിന് ഏത് സമയത്തും ഇളവ് നൽകാമായിരുന്നു. എന്നാൽ, നൽകിയില്ല. തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണ്ട കാര്യമില്ല.
സംസ്ഥാനത്ത് 0.5 മുതൽ 20 ശതമാനംവരെ ആൽക്കഹോൾ അളവുള്ള വീര്യം കുറഞ്ഞ മദ്യം നൽകാമെന്നത് എൽഡിഎഫ് സർക്കാരിന്റെ രഹസ്യ തീരുമാനമല്ല. സിപിഐ എമ്മും എൽഡിഎഫും തീരുമാനിച്ച് നിയമസഭയിൽ ബിൽ കൊണ്ടുവന്ന് സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്കുവിട്ട ശേഷമാണ് പാസ്സാക്കിയത്. സർക്കാർ ഗസറ്റിലും പ്രസിദ്ധീകരിച്ചു. ഒറ്റനോട്ടത്തിൽ തന്നെ അബദ്ധമെന്ന് തിരിച്ചറിയുന്ന വാർത്തയാണ് മാതൃഭൂമി ചമച്ചത്.
മാതൃഭൂമി
സർക്കാർ സമ്മർദം ചെലുത്തിയതോടെയാണ് 20 ശതമാനം വീര്യമുള്ള മദ്യം ഉൾപ്പെടുത്തി ചട്ടഭേദഗതി കൊണ്ടുവരുന്നത്.
വസ്‌തുത
ഉദയഭാനു കമീഷന്റെ ശുപാർശകൂടി പരിഗണിച്ച് എൽഡിഎഫ് നയപരമായി തീരുമാനിച്ചതിനെ തുടർന്നാണ് ബിൽ കൊണ്ടുവന്നത്. ബക്കാഡി ഉൾപ്പെടെ കമ്പനികളുടെ നികുതിയിളവ് അപേക്ഷ നിരസിക്കാൻ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച കാരണങ്ങളിലൊന്ന് സർക്കാരിന് വലിയ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നതാണ്. രണ്ടാമത്തേത് വീര്യം കുറഞ്ഞ മദ്യം വിലക്കുറവിൽ സുലഭമായാൽ കുട്ടികള്‍ക്കുൾപ്പെടെ അനായാസം ലഭ്യമാകുമെന്നതും.











0 comments