ad
Deshabhimani

കാനറിക്കിനാവോ സാമുറായ്‌ വീര്യമോ

BRAZIL

ബ്രസീൽ താരങ്ങളായ വിനീഷ്യസ്‌ ജൂനിയറും ബ്രൂണോ ഗുയ്‌മെറസും പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jun 29, 2026, 03:01 AM | 1 min read

ഹൂസ്റ്റൺ: ജയിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ്‌ സാമുറായികൾ. പോർക്കളത്തിൽ തോൽവിയെക്കാൾ നല്ലത്‌ മരണമെന്നാണ്‌ യോദ്ധാക്കളുടെ വിശ്വാസം. ഇ‍ൗ വീര്യമാണ്‌ ജപ്പാനും. തോൽപ്പിക്കാൻ എളുപ്പമല്ല. ബ്രസീലിനെ ആശങ്കപ്പെടുത്തുന്നതും എതിരാളിയുടെ ഇ‍ൗ ഉൾക്കരുത്താണ്‌. ലോകകപ്പ്‌ റ‍ൗണ്ട്‌ ഓഫ്‌ 32ലെ ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടം ഇന്ന്‌ ഹൂസ്‌റ്റണിലാണ്‌. അഞ്ചുവട്ടം ചാമ്പ്യൻമാരായ ബ്രസീൽ രാത്രി 10.30ന്‌ ജപ്പാനെ നേരിടും. കഴിഞ്ഞ വർഷം സ‍ൗഹൃദ ഫുട്‌ബോളിൽ ഏറ്റുമുട്ടിയപ്പോൾ ജപ്പാൻ 3–2ന്‌ ജയിച്ചിരുന്നു. ലോകകപ്പിൽ ഒരു തവണ ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനാണ്‌ ജയം– 2006ൽ 4–1ന്‌.


ലോകകപ്പെന്നാൽ ബ്രസീലിന്‌ സ്വന്തം വീടുപോലെയാണ്‌. ഇതിഹാസതാരങ്ങൾക്കൊപ്പം വിശ്വവേദിയിൽ അനുപമമായ നേട്ടങ്ങളാണ്‌. കീഴടക്കാൻ ഇനിയൊന്നുമില്ല. 24 വർഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ ശരിയായ പരീക്ഷണങ്ങൾ ഇന്ന്‌ തുടങ്ങുകയായി.


​കാർലോ ആൻസെലോട്ടിയെന്ന ഇറ്റലിക്കാരൻ കോച്ചിന്റെ തന്ത്രങ്ങളിലാണ്‌ ബ്രസീൽ വിശ്വസിക്കുന്നത്‌. ആധുനിക ഫുട്‌ബോളിനെ ഇത്രയും മനോഹരമായി നിർവചിച്ച പരിശീലകർ കുറവാണ്‌. വലിയ വേദികളിൽ എങ്ങനെ കളി ജയിക്കണമെന്ന്‌ അറുപത്തേഴുകാരന്‌ അറിയാം. 4–3–3 ശൈലിയാണ്‌. വിനീഷ്യസ്‌ ജൂനിയർ–മതേവ‍‍ൂസ്‌ കുന്യ–റയാൻ ത്രയത്തെ മുന്നിൽനിർത്തിയാണ്‌ ആക്രമണം. ഇവർക്ക്‌ പന്തെത്തിക്കലാണ്‌ മറ്റുള്ളവരുടെ ജോലി.


ഗ്രൂപ്പ്‌ ഘട്ടത്തിൽ മൂന്ന്‌ മത്സരത്തിലും ഗോളടിച്ച വിനീഷ്യസിന്‌ ആകെ നാല്‌ ഗോളുണ്ട്‌. മൂന്നിലും കളിയിലെ താരവുമായി. കുന്യ തൊടുത്ത നാല്‌ ഷോട്ടുകളിൽ മൂന്നും ഗോളായിരുന്നു. പത്തൊമ്പതുകാരൻ റയാൻ സ്‌കോട്‌ലൻഡിനെതിരെ ഗോളൊരുക്കി. മധ്യനിരയിൽ ബ്രൂണോ ഗുയ്‌മെറസാണ്‌ ഗോൾസഹായി. ഇതുവരെ മൂന്ന്‌ ഗോളവസരം നൽകി ബ്രൂണോ. ഗോൾകീപ്പർ അലിസൺ ബെക്കറുടെ മികവും നിർണായകമാണ്‌. അവസാന രണ്ട്‌ കളിയിലും ഗോൾ വഴങ്ങിയിട്ടില്ല.


സമീപകാല ഫുട്‌ബോളിലെ സ്ഥിരതയുടെ പര്യായമാണ്‌ ജപ്പാൻ. അവസാന 10 കളിയിലും തോറ്റിട്ടില്ല. യൂറോപ്യൻ ടീമുകളെയടക്കം നിഷ്‌പ്രഭരാക്കി. ക്യാപ്‌റ്റൻ വതാരു എൻഡുവും കവോരു മിറ്റോമയും പരിക്കിനെ തുടർന്ന്‌ ലോകകപ്പിനില്ലെങ്കിലും ജാപ്പനീസ്‌ കുതിപ്പിന്‌ തടസ്സമില്ല. 3–4–2–1 വിന്യാസമാണ്‌ പരിശീലകൻ ഹജിമെ മൊറിയാസുവിന്റെ ഇഷ്ടശൈലി. ആക്രമണത്തിനും പ്രത്യാക്രമണത്തിനും ഒരുപോലെ ഉതകുന്ന തന്ത്രം. 90 മിനിറ്റും ഒരേ താളത്തിൽ മികച്ച ശാരീരികക്ഷമതയോടെ കളിക്കുന്നതാണ്‌ കരുത്ത്‌. ദയ്‌ച്ചി കമാദ, അയാസെ ഉയേദ, കെയ്‌റ്റോ നകാമുറ തുടങ്ങിയ മിന്നുംതാരങ്ങളിലാണ്‌ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home