റൊണാൾഡോ ‘ഫുൾ പോസിറ്റീവ് ’

ന്യൂയോർക്ക്: ക്രിസ്റ്റ്യാനോ റൊണാൾഡോ ആയുധങ്ങൾ മിനുക്കുകയാണ്. മോഹങ്ങളൊന്നും ബാക്കിയാക്കി പോകുന്ന ശീലം പോർച്ചുഗൽ ക്യാപ്‌റ്റനില്ല. 41–ാം വയസ്സിലും ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ബൂട്ടുകെട്ടുകയാണ്. ഒരു പതിനെട്ടുകാരന്റെ അടങ്ങാത്ത വിജയതൃഷ്ണയും സമർപ്പണവും ഇപ്പോഴുമുണ്ട്. മനസ്സും ശരീരവും പൊരുതാൻ തയ്യാർ.
ആറാം പതിപ്പിനായാണ് വരവ്. 2006 മുതൽ ലോകകപ്പിലുണ്ട്. 22 കളിയിൽ എട്ട് ഗോളടിച്ചു. എല്ലാ പതിപ്പിലും ലക്ഷ്യം കണ്ട ഏകതാരമാണ്. ഇത്തവണ ഗോൾ നേടിയാലും ചരിത്രം. കളിജീവിതത്തിൽ ആകെ 973 ഗോളായി. ആയിരത്തിലെത്താൻ 27 എണ്ണം മാത്രം. ലോകകപ്പൊഴികെ കളിച്ച എല്ലാ ട്രോഫിയും നേടിയ ഇതിഹാസതാരത്തിന് ഇത്തവണ അവസാന അവസരമാണ്. 17ന് കോംഗോയുമായാണ് ആദ്യ മത്സരം. ലോകകപ്പിനായി അമേരിക്കയിലെത്തിയ റൊണാൾഡോ സംസാരിക്കുന്നു.
ലോകകപ്പ് പ്രതീക്ഷകൾ എത്രത്തോളം
വളരെ പോസിറ്റീവാണ്. വലിയ പ്രതീക്ഷകളോടെയാണ് ലോകകപ്പിനെത്തുന്നത്. നന്നായി ഒരുങ്ങാൻ സാധിച്ചു. എല്ലാവരും ടീമായി കഠിനാധ്വാനം ചെയ്‌തു. അതിനുള്ള ഫലമുണ്ടാകും. മികച്ച പ്രകടനം ടീം നടത്തും.
വ്യക്തിഗത പ്രകടനത്തെ കുറിച്ച്?
ടീമാണ് പ്രധാനം. ശാരീരികമായും മാനസികമായും ഞാൻ പൂർണസജ്ജനാണ്. ടീം ആവശ്യപ്പെടുന്ന തരത്തിൽ കളിക്കാനാണ് ശ്രമിക്കുന്നത്. അതിന് കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ മത്സരത്തിനായി തയ്യാറെടുക്കും. ഗ്രൂപ്പ് ചാമ്പ്യൻമാരാവുക എന്നതാണ് ആദ്യ ലക്ഷ്യം.
പോർച്ചുഗൽ ടീമിനെ എങ്ങനെ വിലയിരുത്തുന്നു
മികച്ച തലമുറയാണിത്. പോർച്ചുഗൽ ജനതയ്‌ക്ക് സന്തോഷം നൽകാൻ പ്രാപ്‌തിയുള്ള ടീം. കളിക്കാർ എല്ലാവരും മികവുള്ളവരാണ്. സമ്മർദങ്ങളിൽ പെടാതെ മുന്നേറിയാൽ നേട്ടമുണ്ടാക്കാനാകും.










0 comments