print edition സ്വിസിന് ഖത്തർ പൂട്ട്

കാലിഫോർണിയ: യൂറോപ്യൻ വന്പൻമാരായ സ്വിറ്റ്‌സർലൻഡിനെ ഞെട്ടിച്ച് ഖത്തർ. പരിക്കുസമയം ബൗലെം ഖൗഖിയുടെ തകർപ്പൻ ഗോളിൽ സ്വിസുകാരെ പിടിച്ചുകെട്ടി.
ബ്രീൽ എംബോളോയുടെ പെനൽറ്റി ഗോളിലാണ് സ്വിസുകാർ തുടക്കത്തിൽ മുന്നിലെത്തിയത്. ലോകകപ്പ് ചരിത്രത്തിൽ ഖത്തറിന്റെ ആദ്യ സമനിലയാണിത്. 2022 ലോകകപ്പിൽ ആതിഥേയരായ ടീം എല്ലാ കളിയും തോറ്റിരുന്നു.
സ്വിസ് ജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ഖത്തറിന്റെ മറുപടി ഗോളെത്തിയത്. പരിക്കുസമയത്തിന്റെ അഞ്ചാം മിനിറ്റിൽ ഹൊമം അഹമ്മദിന്റെ ഇടതുഭാഗത്തുനിന്നുള്ള ക്രോസിൽ ക്യാപ്‌റ്റൻ ഖൗഖി ഹെഡ്ഡറിലൂടെ സമനില കണ്ടെത്തി. ഖത്തർ ടീമിലെ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷിദിന് കളിക്കാൻ അവസരം കിട്ടിയില്ല. ഗ്രൂപ്പ് ‘ബി’യിൽ സ്വിറ്റ്‌സർലൻഡ്, ഖത്തർ, ബോസ്‌നിയ ആൻഡ് ഹെർസെഗൊവിന, കാനഡ ടീമുകൾക്ക് ഓരോ പോയിന്റായി.
കളി തുടങ്ങി അരമണിക്കൂർ തികയുംമുന്പ് സ്വിസുകാർ ലീഡ് നേടി. മുന്നേറ്റക്കാരൻ റോബിൻ ഫ്രുയ്‌ലറെ ഖത്തർ ഗോൾകീപ്പർ മഹ്‌മൗദ് അബുനാഡ ബോക്‌സിൽ വീഴ്‌ത്തിയതിന് പെനൽറ്റി. കിക്ക് എടുത്ത എംബോളോ അനായാസം ലക്ഷ്യം കണ്ടു.









0 comments