ad
Deshabhimani

print edition സ്വപ്ന റോണോ

Ronaldo.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 02:18 AM | 1 min read

മുമ്പെങ്ങുമില്ലാത്ത സന്തോഷത്തിലാണ്‌ പോർച്ചുഗൽ ക്യാമ്പ്‌. ആശങ്കയോ വേവലാതികളോ ഇല്ല. സമ്മർദത്തിന്റെ അമിതഭാരവുമില്ല. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്ത്‌ നിറപുഞ്ചിരിയാണ്‌. കളിക്കാരെല്ലാം ഉൻമേഷത്തിലും. ലോകകപ്പിൽ കോംഗോയെ നേരിടുമ്പോൾ പ്രത്യാശയിലാണ്‌ പറങ്കിപ്പട.


മികച്ച നിരയും നല്ല തയ്യാറെടുപ്പും ആത്മവിശ്വാസം കൂട്ടുന്നു. ഹൂസ്റ്റൺ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി പത്തരയ്‌ക്കാണ്‌ മത്സരം. അവസാന ലോകകപ്പിനിറങ്ങുന്ന റൊണാൾഡോ കിരീടമുയർത്തി മടങ്ങാൻ കൊതിക്കുന്നുണ്ട്‌. 41 വയസ്സായെങ്കിലും വീര്യത്തിനും ആഗ്രഹങ്ങൾക്കും ചെറുപ്പമാണ്‌. ആറാം ലോകകപ്പാണ്‌ മുന്നേറ്റക്കാരന്‌.


റൊണാൾഡോയാണ്‌ പോർച്ചുഗലിന്റെ മുഖം. എന്നാൽ പതിവിൽനിന്ന്‌ വ്യത്യസ്‌തമായി ക്യാപ്‌റ്റനിൽ ഒതുങ്ങുന്നില്ല. എല്ലാ നിരയിലും ലോകോത്തര താരങ്ങളാണ്‌. മധ്യനിരയാണ്‌ കരുത്ത്‌. ബ്രൂണോ ഫെർണാണ്ടസ്‌–വിറ്റീന്യ–ജോയോ നെവെസ്‌ ത്രയം ഏത്‌ വമ്പൻമാരെയും വീഴ്‌ത്തും.


നൂനോ മെൻഡെസ്‌, റൂബെൻ ഡയസ്‌, ദ്യേഗോ ദലോത്‌ എന്നിവർ പ്രതിരോധത്തിലും ജോയോ ഫെലിക്‌സും റാഫേൽ ലിയാവോയും മുന്നേറ്റനിരയിലും അണിചേരും. റോബർട്ടോ മാർട്ടിനെസാണ്‌ പരിശീലകൻ. യൂറോപ്യൻ യോഗ്യതാ റ‍ൗണ്ടിൽ ആറ്‌ കളിയും ജയിച്ചു. 20 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌.


ആറാം പതിപ്പിനിറങ്ങുന്ന റൊണാൾഡോയ്‌ക്ക്‌ അവസാന അഞ്ചിലും ഗോളുണ്ട്‌. ഇത്തവണയും വലകുലുക്കിയാൽ റെക്കോഡാണ്‌. കളിജീവിതത്തിൽ ആകെ 973 ഗോളായി. ആയിരത്തിലെത്താൻ 27 എണ്ണം കൂടി മതി. 52 വർഷങ്ങൾക്കുശേഷമാണ്‌ കോംഗോ ലോകകപ്പ്‌ കളിക്കുന്നത്‌. പ്ലേ ഓഫിൽ ജമൈക്കയെ തോൽപ്പിച്ചു. ആരോൺ വാൻ ബിസാക, സെഡ്രിക്‌ ബകാമ്പു, യോവാനെ വിസ്സ എന്നിവരാണ്‌ പ്രധാന താരങ്ങൾ. സെബാസ്‌റ്റ്യൻ ദെസാബ്രയാണ്‌ പരിശീലകൻ.

ഓർമകളിൽ ജോട്ട


അകാലത്തിൽ വിടപറഞ്ഞ മുന്നേറ്റക്കാരൻ ദ്യേഗോ ജോട്ടയ്‌ക്ക്‌ ആദരവുമായാണ്‌ പോർച്ചുഗൽ കളത്തിലിറങ്ങുക. കഴിഞ്ഞ വർഷം സ്‌പെയ്‌നിൽ നടന്ന കാറപകടത്തിലാണ്‌ ജോട്ട മരണപ്പെട്ടത്‌.


പോർച്ചുഗലിനായി 49 കളിയിൽ 14 ഗോളടിച്ചിട്ടുണ്ട്‌. കോംഗോയ്‌ക്കെതിരെ ജോട്ടോയുടെ പേര്‌ രേഖപ്പെടുത്തിയ ബാൻഡ്‌ കൈയിലണിഞ്ഞാണ്‌ ടീം കളിക്കുക. പോർച്ചുഗൽ പ്രധാനമന്ത്രിയാണ്‌ ബാൻഡ്‌ സമ്മാനമായി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home