നാടകീയ കൂടുമാറ്റം; ഇറ്റാലിയൻ സ്ട്രൈക്കർ വോൾപാറ്റോ ഓസ്ട്രേലിയൻ ലോകകപ്പ് ക്യാമ്പിൽ

സാസുവോളോയ്ക്ക് വേണ്ടി ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യൻ വോൾപാറ്റോ ആഹ്ലാദം പ്രകടിപ്പിക്കുന്നു. | Photo Credit: Fox Sports
സിഡ്നി: മുൻ ഇറ്റാലിയൻ അണ്ടർ-21 ഫോർവേഡ് താരം ക്രിസ്റ്റ്യൻ വോൾപാറ്റോ ദേശീയ ടീം യോഗ്യത മാറ്റി വരാനിരിക്കുന്ന ലോകകപ്പിൽ ഓസ്ട്രേലിയക്കായി ബൂട്ട് കെട്ടുന്നു.
2022-ലെ ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിലേക്ക് ലഭിച്ച ക്ഷണം നിരസിച്ചതിന് നാല് വർഷത്തിന് ശേഷമാണ് സിഡ്നിയിൽ ജനിച്ച ഈ 22-കാരൻ സൊക്കറൂസ് നിരയിലേക്ക് തിരിച്ചെത്തുന്നത്.
ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാൻ തിങ്കളാഴ്ച വരെ സമയമുള്ള സാഹചര്യത്തിൽ, നിലവിൽ ലോസ് ആഞ്ചലസിൽ നടക്കുന്ന ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ വോൾപാറ്റോയെ ഉൾപ്പെടുത്തിയതായി ഫുട്ബോൾ ഓസ്ട്രേലിയ വെള്ളിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇറ്റലിയുടെ സീനിയർ ടീമിനായി ഇതുവരെ ഔദ്യോഗിക മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്തതിനാൽ ഫിഫ നിയമപ്രകാരം വോൾപാറ്റോയ്ക്ക് രാജ്യം മാറാൻ നിയമപരമായ തടസ്സങ്ങളില്ല.
താരം രാജ്യം മാറുന്നതിന് മുന്നോടിയായി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനിൽ നിന്നുള്ള റിലീസ് ലെറ്റർ ലഭിച്ചതായും ഓസ്ട്രേലിയൻ ഫുട്ബോൾ ബോഡി വ്യക്തമാക്കി.
നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ സാസുവോളോയുടെ കളിക്കാരനായ വോൾപാറ്റോ, പ്രമുഖ ക്ലബ്ബായ റോമയിൽ സൂപ്പർ കോച്ച് ജോസെ മൗറീഞ്ഞോയുടെ കീഴിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു 2022 ലോകകപ്പിലേക്കുള്ള ഓസ്ട്രേലിയയുടെ വിളി നിരസിച്ചത്.
എന്നാൽ യൂറോപ്യൻ വമ്പന്മാരായ ഇറ്റലി തുടർച്ചയായി മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായ പശ്ചാത്തലത്തിലാണ് ജന്മനാടിനായി കളിക്കാനുള്ള താരത്തിന്റെ ഈ നിർണ്ണായക തീരുമാനം.
വരാനിരിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഓസ്ട്രേലിയ മത്സരിക്കുന്നത്. ജൂൺ 13-ന് വാൻകൂവറിൽ വെച്ച് ടർക്കിക്കെതിരെയാണ് ഓസ്ട്രേലിയയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്.
തുടർന്ന് ജൂൺ 19-ന് സീറ്റിലിൽ വെച്ച് ആതിഥേയരായ യുഎസ്എയുമായും, ജൂൺ 25-ന് സാൻ ഫ്രാൻസിസ്കോയിൽ വെച്ച് പാരാഗ്വേയുമായും ഓസ്ട്രേലിയ ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കും മികച്ച പ്രകടനം നടത്തുന്ന മൂന്നാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാനാകും.










0 comments