പ്രീമിയർ ലീഗിൽ കോവെൻട്രിക്ക് ആദ്യ ജയം; നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചു

Photo:AP
ലണ്ടൻ : വിവാദം നിറഞ്ഞ വാർ തീരുമാനങ്ങൾക്കും വാശിയേറിയ പോരാട്ടത്തിനുമൊടുവിൽ പ്രീമിയർ ലീഗിൽ 25 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോവെൻട്രി സിറ്റിക്ക് ആദ്യ വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ കീഴടക്കിയത്. ഫ്രാങ്ക് ലാംപാർഡിന്റെ പരിശീലക മികവിന് കീഴിൽ ഇറങ്ങിയ കോവെൻട്രിക്ക് ഈ സീസണിലെ അഞ്ചാം മത്സരത്തിലാണ് വിജയിക്കാനായത്.
കളിയുടെ 55-ാം മിനിറ്റിൽ ഡിഫൻഡർ ജെയ് ഡസിൽവയാണ് കോവെൻട്രിക്കായി വിജയഗോൾ നേടിയത്. ഗോൾകീപ്പർ കാൾ റഷ്വർത്ത് നൽകിയ ലോങ് കിക്ക് പിടിച്ചെടുത്ത് ഡസിൽവ നൽകിയ കൃത്യമായ ഫിനിഷിങ് ടീമിന് സീസണിലെ ആദ്യ 3 പോയിന്റ് സമ്മാനിച്ചു. 2001 ഏപ്രിലിൽ സണ്ടർലാൻഡിനെ തോൽപ്പിച്ച ശേഷം ആദ്യമായാണ് പ്രീമിയർ ലീഗിൽ കോവെൻട്രി സിറ്റി ജയം നേടുന്നത്.
മത്സരത്തിന്റെ തുടക്കത്തിൽ ജെയിംസ് മക്കാറ്റി, ഡാൻ എൻഡോയേ എന്നിവരിലൂടെ നോട്ടിംഗ്ഹാം ഫോറസ്റ്റ് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും കോവെൻട്രി പ്രതിരോധം തുടർന്നു. മത്സരത്തിന്റെ 86-ാം മിനിറ്റിൽ ഇഗോർ ജീസസ് ഫോറസ്റ്റിനായി പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ റെഫറി ജാരെഡ് ഗില്ലെറ്റ് ഗോൾ നിഷേധിച്ചു.
കാലെബ് യിറെങ്കിയെ ഫൗൾ ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. ഈ തോൽവിയോടെ നോട്ടിംഗ്ഹാം ഫോറസ്റ്റിന് സ്വന്തം തട്ടകമായ സിറ്റി ഗ്രൗണ്ടിൽ ഈ സീസണിൽ കളിച്ച മൂന്ന് ഹോം മത്സരങ്ങളിലും ഒരു ഗോൾ പോലും നേടാനായിട്ടില്ല.










0 comments