ഇഞ്ചുറി ടൈമിൽ വിനീഷ്യസിന്റെ ലോങ് റേഞ്ച്; കൊളംബിയക്കെതിരെ ജയം പിടിച്ച് ബ്രസീൽ

PHOTO: Facebook
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയക്കെതിരെ ബ്രസീലിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊളംബിയയെ ബ്രസീൽ പരാജയപ്പെടുത്തിയത്. ബ്രസീലിനായി റാഫീന്യ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് ഗോൾ നേടിയത്. ലൂയിസ് ഡയസ് കൊളംബിയക്കായി ലക്ഷ്യം കണ്ടു.
90 മിനുട്ട് അവസാനിച്ചതിന് ശേഷം പരിക്ക് സമയത്താണ് ബ്രസീൽ കൊളംബിയക്കെതിരെ ജയം പിടിച്ചത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ റാഫീന്യ നേടിയ പെനാൽറ്റി ഗോളിലൂടെ ബ്രസീൽ മുന്നിലെത്തിയിരുന്നു. എന്നാൽ 41–ാം മിനുട്ടിൽ ലൂയിസ് ഡയസിലൂടെ കൊളംബിയ കാനറികൾക്ക് ഒപ്പമെത്തി. ഒടുവിൽ കളിയവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ബ്രസീൽ വിനീഷ്യസിന്റെ ഗോളിലൂടെ ജയം പിടിക്കുകയായിരുന്നു. ബോക്സിന് പുറത്ത് നിന്നുള്ള വിനീഷ്യസിന്റെ ഷോട്ടാണ് ഗോളിൽ കലാശിച്ചത്.
മാർച്ച് 26ന് പുലർച്ചെ അർജന്റീനയ്‌ക്കെതിരെയാണ് ബ്രസീലെലിന്റെ അടുത്ത മത്സരം. നാളെ പുലർച്ചെ അർജന്റീന ഉറുഗ്വേയേയും നേരിടും. ക്യാപ്‌റ്റൻ ലയണൽ മെസി, മുന്നേറ്റക്കാരായ ലൗതാരോ മാർട്ടിനസ്, പൗലോ ഡിബാല, അലസാന്ദ്രോ എന്നിവർ ഇല്ലാതെയാണ് അർജന്റീന കളിക്കാൻ ഇറങ്ങുന്നത്. പരിക്കാണ് മെസിയുൾപ്പെടെയുള്ള താരങ്ങൾക്ക് തിരിച്ചടിയായത്.
ലാറ്റിൻ അമേരിക്കയിലെ മറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പരാഗ്വേ ചിലിയേയും പെറു ബൊളീവിയയേും തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ ജയം. പെറുവിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും.
12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീനയാണ് ലാറ്റിൻ അമേരിക്ക ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ നിലവിൽ മുന്നിൽ നിൽക്കുന്നത്. രണ്ടാമതുള്ള ബ്രസീലിന് 13 മത്സരങ്ങളിൽ നിന്ന് 21ഉം മൂന്നാമതുള്ള ഉറുഗ്വേയ്‌ക്ക് 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമാണുള്ളത്.









0 comments