print edition ‘അർടേറ്റ ഗോൾ’; പരിശീലകൻ മെെക്കേൽ അർടേറ്റയുടെ വിജയം

മെെക്കേൽ അർടേറ്റ
ലണ്ടൻ: കഴിഞ്ഞ മൂന്ന് സീസണിലും അഴ്‌സണലിന്റെ പേരായിരുന്നു കിരീടപ്പോരിൽ ആദ്യം. പക്ഷേ, കിരീടവഴിയുടെ അവസാന കടമ്പയിൽ തട്ടി സ്വപ്‌നങ്ങൾ തകർന്നു. മൂന്ന് തവണയും രണ്ടാംസ്ഥാനക്കാരായി മടങ്ങി. ഇംഗ്ലീഷ് ഫുട്‌ബോളിൽ അഴ്‌സണലിനെ പരിഹസിക്കാനായി പല പേരുകളുമുണ്ടായി.
അഴ്‌സീൻ വെംഗറുടെ വിഖ്യാത കാലത്തിനുശേഷം എന്താണ് ലക്ഷ്യമെന്ന പ്രതിസന്ധിയിലായിരുന്നു ഗണ്ണേഴ്‌സ്. ലീഗിലെ സ്ഥിരമുള്ള നാലാം സ്ഥാനവും ചാന്പ്യൻസ് ലീഗിലെ പുറത്താകലുകളും ടീമിനെ ബാധിച്ചു. ഇക്കുറി കിരീട നേട്ടം ആഘോഷത്തിനുമപ്പുറം ആശ്വാസമാണ്. അതിന് പരിശീലകൻ മൈക്കേൽ അർടേറ്റയോടാണ് കടപ്പാട്. 2019 മുതൽ ടീമിന്റെ ഹൃദയമായി സ്‌പാനിഷുകാരൻ നിലകൊണ്ടു. ഇൗ സീസണിൽ ചാന്പ്യൻസ് ലീഗ് ഫൈനൽ കൂടി ശേഷിക്കുന്നുണ്ട്.
2003–04 സീസണിൽ വെംഗറുടെ അസാമാന്യപ്പട തോൽവിയറിയാതെയാണ് കിരീടം ചൂടിയത്. പാട്രിക് വിയേറ നയിച്ച ടീം 90 പോയിന്റുമായി ചാന്പ്യൻമാരായി. തിയറി ഒൻറിയും ആഷ്‌ലി കോളും ഡെന്നിസ് ബെർഗ്‌കാന്പും ഉൾപ്പെട്ട നിര ആരാധകരുടെ മനസിലെ മങ്ങാത്ത ചിത്രമാണ്.
2019ൽ അർടേറ്റ എത്തുന്പോൾ അതിനുമുന്പ് ഒരു സീനിയർ ടീമിനെയും പരിശീലിപ്പിച്ച അനുഭവമില്ലായിരുന്നു. ആദ്യ സീസണിൽ എഫ് എ കപ്പ് നേടി. പക്ഷേ, തുടർന്നുള്ള രണ്ട് സീസണിലും കാര്യമായ നേട്ടമുണ്ടായില്ല. ഒട്ടും കാൽപ്പനികമായിരുന്നില്ല ടീമിലെ ഉടച്ചുവാർക്കൽ.
കടുത്ത തീരുമാനങ്ങൾ വന്നു. മുന്നേറ്റക്കാരൻ പിയറി എമെറിക് ഒബമയങ്ങിനെ ഒഴിവാക്കിയതായിരുന്നു അതിലൊന്ന്. ഡ്രസിങ് റൂം രീതികൾ പൊളിച്ചെഴുതി. ടീമിന് യുവത്വം വന്നു. കളിക്കാരിൽ നിയന്ത്രണമുണ്ടായി. ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത പരിശീലകനായിരുന്നു അർടേറ്റ. എങ്ങനെയെങ്കിലും ജയിക്കുക എന്ന ഒറ്റ മന്ത്രം കളിക്കാരിൽ പകർന്നു. പലപ്പോഴും രീതികൾ വിമർശിക്കപ്പെട്ടു.
സെറ്റ് പീസുകളുടെ മേളമായിരിക്കും അഴ്‌സണലിന്റെ കളികൾ. ആരാധകരിൽപ്പോലും അത് നീരസമുണ്ടാക്കി. പക്ഷേ, അർടേറ്റ മുന്നോട്ടുതന്നെ നീങ്ങി. 24 ഗോളുകൾ ഇക്കുറി സെറ്റ് പീസുകളിലൂടെയാണ്. അതിൽ 18ഉം കോർണറിൽനിന്ന്. ഡെക്ലൻ റൈസ്, മാർടിൻ സുബിമെൻഡി, എബറേഷി എസെ, വിക്ടർ യോക്കെറെസ്, ഡേവിഡ് റായ, ഗബ്രിയേൽ മഗാലിയസ്, വില്യം സാലിബ, ജൂറിയെൻ ടിംബർ എന്നിവരായിരുന്നു മുന്നണിപോരാളികൾ. ബുകായോ സാക്ക പരിക്കിലും മിന്നി. പതിനാറുകാരൻ മാക്‌സ് ഡോവ്‌മാൻവരെ അതിൽ പങ്കാളിയായി.










0 comments