കഴിഞ്ഞ ദിവസം വേനോലി ചേമ്പൊറ്റയിൽ ജനവാസ മേഖലയ്ക്ക് സമീപമിറങ്ങിയ പുലി ഒന്നര വയസ്സുള്ള എരുമയെ കടിച്ചുകൊന്നു
ഭീതി വിതച്ച് സ്വപ്‌നഭൂമി

സ്വന്തം ലേഖകൻ
Published on Aug 31, 2026, 01:11 AM | 1 min read
പാലക്കാട്
പാലക്കാടിന്റെ വികസന സ്വപ്‌നങ്ങളുടെയും നൂറുകണക്കിന് തൊഴിലവസരങ്ങളുടെയും ഇടമാകേണ്ടിയിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി വന്യജീവികളുടെ വിഹാരകേന്ദ്രമാകുന്നു. കാടുമൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയിൽ ആനകളും പുലികളും വിഹരിക്കുകയാണ്. കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചെങ്കിലും ഏറ്റെടുത്ത ഭൂമി എന്തുചെയ്യുമെന്ന കാര്യത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് വ്യക്തതയില്ല. റെയിൽവേയുടെ മറ്റ് പദ്ധതികൾ തുടങ്ങണമെന്നും വിമാനത്താവളം വരണമെന്നും ആവശ്യമുയരുന്നുണ്ടെങ്കിലും ഇതെല്ലാം പ്രസ്‌താവനകളിൽ ഒതുങ്ങുകയാണ്. കഴിഞ്ഞ ദിവസം വേനോലി ചേമ്പൊറ്റയിൽ ജനവാസ മേഖലയ്ക്ക് സമീപമിറങ്ങിയ പുലി ഒന്നര വയസ്സുള്ള എരുമയെ കടിച്ചുകൊന്നു. രണ്ട് ദിവസംമുമ്പ് ആനയിറങ്ങിയതും ഇൗ സ്ഥലത്തിന് സമീപത്താണ്. പാലക്കാട് ഡിവിഷനിൽനിന്ന് സേലം വെട്ടിമാറ്റിയപ്പോൾ ഇടത് എംപിമാരും നാടും പ്രതിഷേധിച്ചപ്പോഴാണ് ഒന്നാം യുപിഎ സർക്കാർ കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. വി എസ് അച്യുതാനന്ദൻ സർക്കാർ 232 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകി. എന്നാൽ, കേന്ദ്ര സർക്കാരുകൾ തുടർനടപടികൾ സ്വീകരിച്ചില്ല. പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രമന്ത്രി കഴിഞ്ഞ മാസം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. തെക്ക് പാലക്കാട് – കോയമ്പത്തൂർ റെയിൽവേ ട്രാക്ക്, വടക്ക് കഞ്ചിക്കോട് വ്യാവസായിക മേഖല, കാടമ്പാറ/വനപ്രദേശങ്ങൾ, കിഴക്ക് വാളയാർ വനമേഖല, കഞ്ചിക്കോട് കിൻഫ്ര പാർക്ക്, പടിഞ്ഞാറ് പുതുശേരി വില്ലേജ് അതിർത്തി, ജനവാസ മേഖലകൾ എന്നിങ്ങനെയാണ് സ്ഥലത്തിന്റെ അതിരുകൾ. പുതുശേരി സെൻട്രൽ വില്ലേജിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്താണ് ഭൂമി. ഇവിടം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാകുന്നത് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും.










0 comments