ad
Deshabhimani

പൈപ്പ് ലൈനുകൾ നശിക്കുന്നു

28.7കോടിയുടെ ജലസംഭരണി നിർമാണം അനിശ്ചിതത്വത്തിൽ

5.50 കോടി ലിറ്റർ വെള്ളം ദിവസവും ശുദ്ധീകരിക്കാൻ ശേഷിയുള്ള ബാവിക്കരയിലെ വാട്ടർ ട്രീറ്റിങ് പ്ലാന്റ്‌
വെബ് ഡെസ്ക്

Published on Aug 31, 2026, 02:00 AM | 2 min read

ചട്ടഞ്ചാൽ

ചെമ്മനാട് പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കടുത്ത കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകേണ്ട 28.17 കോടിയുടെ ജലസംഭരണി നിർമാണം അനിശ്ചിതത്വത്തിൽ. പദ്ധതി വൈകുന്നതോടെ ജലജീവൻ മിഷൻ വഴി വീടുകളിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പ്‌ലൈനുകളും ടാപ്പുകളും മീറ്ററുകളും പലയിടത്തും നശിച്ചുതുടങ്ങി. കഴിഞ്ഞ ​എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി 28.17 (28,17,08,468) കോടി രൂപയ്ക്ക് ടെൻഡർചെയ്ത രണ്ടു കൂറ്റൻ ജലസംഭരണികളുടെ പ്രവൃത്തിയാണ് നിലച്ചത്. ആറുതവണ ആരും ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന്, ഏഴാം തവണ 40 ശതമാനം അധികതുക വകയിരുത്തിയാണ് മന്ത്രിസഭ യോഗം പദ്ധതി അംഗീകരിച്ചത്. മലപ്പുറത്തെ ‘മിഡ്‌ലാന്റ്' എന്ന നിർമാണ കമ്പനിയാണ് കരാറെടുത്തത്. എന്നാൽ പുതിയ സർക്കാർ കിഫ്ബിയുടെ പദ്ധതിക്ക് അംഗീകാരവും വർക്ക് ഓർഡറും നൽകിയിട്ടില്ലെന്ന് കേരള വാട്ടർ അതോറിറ്റി വ്യക്തമാക്കി. ചട്ടഞ്ചാൽ കുന്നാറയിൽ 16 ലക്ഷം ലിറ്ററും ദേളി കുന്നുപാറയിൽ 18 ലക്ഷവും  ഉൾക്കൊള്ളുന്ന രണ്ടു സംഭരണികളിലായി 34 ലക്ഷം ലിറ്റർ ജലമാണ് സംഭരണിയിൽ ഒരുക്കേണ്ടത്. ഇതിനായി സ്ഥലം നേരത്തെ ഏറ്റെടുത്തതുമാണ്. ബാവിക്കര വാട്ടർ ട്രീറ്റിങ്‌ പ്ലാന്റിൽനിന്നാണ് കുന്നു പാറകളിലെ ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുക. 5.50 കോടി ലിറ്റർ വെള്ളം ദിവസവും ശുദ്ധീകരിക്കാൻ ശേഷിയുള്ള ബാവിക്കര വാട്ടർ ട്രീറ്റിങ് പ്ലാന്റിൽനിന്നും പത്തു കിലോമീറ്ററോളം ദൂരമുള്ള കുന്നുപാറ സംഭരണികളിലേക്ക് 400, 300 എംഎം പൈപ്പുകൾ വഴിയും അവിടെനിന്നു പഞ്ചായത്തിന്റെ എല്ലാഭാഗങ്ങളിലും ജലവിതരണംചെയ്യുമെന്നാണ് തീരുമാനം. ഉദുമ നിയോജക മണ്ഡലത്തിൽ 51,631 കുടിവെള്ള കണക്ഷൻ ജലജീവൻ പദ്ധതിയിൽ നൽകാൻ അനുമതിയായപ്പോൾ കൂടുതൽപേർ കുടിവെള്ളത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നതും ചെമ്മനാട് പഞ്ചായത്തിലാണ്. ചെമ്മനാട് കുടിവെള്ളപദ്ധതി പൂർത്തിയാകുന്നതോടെ എല്ലാവർക്കും പൈപ്പുവഴിവെള്ളം വീട്ടിലെത്തും ഭൂഗർ ഭജലസ്രോതസ് വളരെയധികം കുറഞ്ഞുവരുന്ന ഇന്ത്യയിലെതന്നെ അപൂർവം ബ്ലോക്കുകളിൽ ഒന്നാണ് കാസർകോട്. ഇതിൽപ്പെടുന്നതാണ് ചെമ്മനാട് പഞ്ചായത്ത്. ജലജീവൻ പദ്ധതിയുടെ ആദ്യഘട്ട പട്ടികയിൽ പഞ്ചായത്തിൽ 10,474 കണക്ഷൻ നൽകാനായിരുന്നു തീരുമാനം. പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ ചിരകാല ആവശ്യം യാഥാർഥ്യമാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. സ്ഥലം അക്വയർചെയ്യുന്നതിലുള്ള കാലതാമസവും മറ്റും വൈകാൻ കാരണമായി. മുൻ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ടെണ്ടർ പദ്ധതി പൂർത്തിയാക്കിയത്. ജലസംഭരണി നിർമാണം വൈകുന്നതിൽ ആശങ്കയിലാണ് ജനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home