തൃക്കാക്കര ഓണാഘോഷത്തിന് ഇന്ന് സമാപനം

തൃക്കാക്കര നഗരസഭ നേതൃത്വത്തിൽ അഞ്ചുദിവസമായി വിവിധ വേദികളിലായി നടന്നുവന്ന ഓണാഘോഷ പരിപാടികൾക്ക് തിങ്കളാഴ്ച കൊടിയിറങ്ങും.
കാക്കനാട്
തൃക്കാക്കര നഗരസഭ നേതൃത്വത്തിൽ അഞ്ചുദിവസമായി വിവിധ വേദികളിലായി നടന്നുവന്ന ഓണാഘോഷ പരിപാടികൾക്ക് തിങ്കളാഴ്ച കൊടിയിറങ്ങും. വൈകിട്ട് അഞ്ചി-ന് എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽനിന്ന് വർണാഭമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും.
വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും നൃത്ത-സംഗീത അവതരണങ്ങളും അണിനിരക്കുന്ന ഘോഷയാത്ര കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സമാപിക്കും. സമാപന സമ്മേളനം സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മെഗാഷോയും അരങ്ങേറും.
വിവിധ മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. ഞായറാഴ്ച സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ പാലച്ചുവട് 15–-ാം വാർഡ് ഒന്നാംസ്ഥാനവും 29–-ാം വാർഡ് എഡിഎസ് രണ്ടാംസ്ഥാനവും നേടി. പുരുഷന്മാരുടെ വടംവലി മത്സരത്തിൽ സ്മാർട്ട് അത്താണി വിജയികളായി. സമീക്ഷ ക്ലബ് എൻജിഒ ക്വാർട്ടേഴ്സ് രണ്ടാംസ്ഥാനവും നേടി. വനിതകളുടെ വടംവലി മത്സരത്തിൽ നഗരസഭ കൗൺസിലർമാരായ റസിയ നിഷാദ്, നിഷാ ബീവി എന്നിവർ നേതൃത്വം നൽകിയ ടീം ഒന്നാംസ്ഥാനവും 12–-ാം വാർഡ് ടീം രണ്ടാംസ്ഥാനവും നേടി. വൈകിട്ട് കാക്കനാട് ഓപ്പൺ സ്റ്റേജിൽ മെഗാ തിരുവാതിരയും കൈകൊട്ടിക്കളിയും അരങ്ങേറി.
കൊച്ചി
തമ്മനം വിനോദ ലൈബ്രറി സീനിയർ സിറ്റിസൺ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ എം ഷംസുദ്ദീൻ അധ്യക്ഷനായി. കെ കെ രവി, മംഗള ഭായ് എന്നിവർ സംസാരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.
സി എൽ ലീഷ് അധ്യക്ഷനായി.
പാലാരിവട്ടം പള്ളിശേരി കവലയിലെ സുവർണ വായനശാല ഓണക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൗൺസിലർ മോളി ചാർലി ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ കെ ജെ സുനിൽ അധ്യക്ഷനായി. വായനശാല പ്രസിഡന്റ് കെ കെ സുധാകരൻ, ജോജി കുരീക്കോട്, എം എൻ ബാബു, പ്രിൻസ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
പള്ളുരുത്തി
പള്ളുരുത്തി ദേശാഭിമാനി ആർട്സ് സെന്ററിന്റെ ഓണാഘോഷ പരിപാടികൾ സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടിയിൽ തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ വിവിധ മത്സരങ്ങൾ എന്നിവ നടത്തി. സാംസ്കാരിക സമ്മേളനം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി ആർ വിജയൻ അധ്യക്ഷനായി. കെ എസ് രാധാകൃഷ്ണൻ, കെ പി ശെൽവൻ, വി എ ശ്രീജിത്ത്, വി എച്ച് ശ്രീജിത്ത് ദാസ്, പി എസ് വിജു, വി എ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ടുമുണ്ടായി.
ഇടക്കൊച്ചി പി കൃഷ്ണപിള്ള സ്മാരകവായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ കലാ– കായിക മത്സരങ്ങളോടെ നടത്തി. സാംസ്കാരിക സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി എം ഷൈജു അധ്യക്ഷനായി. ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗമുണ്ടായി. ശ്രീകൃഷ്ണ കലാക്ഷേത്രം സമിതിയുടെ കൈക്കൊട്ടിക്കളിയും നടന്നു. മുഖ്യമന്ത്രിയുടെ സേവനമെഡൽ നേടിയ എഎസ്ഐ ടി എ സുധീറിനെ അനുമോദിച്ചു. കെ എം ധർമ്മൻ, ജിജ പ്രമോദ് , മനീഷ രാധാകൃഷ്ണൻ, സി എം ചന്ദ്രബോസ്, കെ ജെ ബെയ്സിൽ, പി എ പ്രസന്നൻ എന്നിവർ സംസാരിച്ചു.
കൊച്ചിയിലെ കലാകാരരുടെ സംഘടനയായ ആശയുടെ ഓണാഘോഷം നാടകസംവിധായകൻ കെ എം ധർമൻ ഉദ്ഘാടനം ചെയ്തു. ആശ പ്രസിഡന്റ് എം വി രമേഷ് ചന്ദ്രൻ അധ്യക്ഷനായി. ഗായിക എസ് ജാനകിയെ ജോൺ ഫെർണാണ്ടസ് അനുസ്മരിച്ചു. കെ വി ജയപ്രകാശിനെ നഗരസഭ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് അനുസ്മരിച്ചു. സാജൻ പള്ളുരുത്തി, ഹേമ ജയരാജ്, റാഷിദ ഹസൻ, അഭിലാഷ് തോപ്പിൽ, കെ വി സാബു, കൊച്ചിൻ ബാബു, കെ ജി മണിലാൽ, എ ബി കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളുമുണ്ടായി.
സർവീസ് പെൻഷനേഴ്സ് യൂണിയൻ പനങ്ങാട് യൂണിറ്റിന്റെ ഓണാഘോഷവും കുടുംബസംഗമവും സിനി-ആർട്ടിസ്റ്റ് അനിയപ്പൻ ഉദ്ഘാടനം ചെയ്തു. എം എൻ ചന്ദ്രൻ, വി പി പ്രകാശൻ, ഡോ. ഗോവിന്ദ ഷേണായി, ഡോ. ആർ ശശികുമാർ, ടി എൻ വിജയകുമാരി എന്നിവർ സംസാരിച്ചു.
കൈകൊട്ടിക്കളി, തിരുവാതിരകളി, പെൻഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി.









0 comments