Live News മുഖ്യമന്ത്രിയുടെ ‘ലഹരിക്കൂട്ട്’,എംഡിഎംഎ കേസിന് താഴിട്ടു


റഷീദ് ആനപ്പുറം
Published on Aug 31, 2026, 02:20 AM | 1 min read
തിരുവനന്തപുരം
: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ പ്രതിയായ എംഡിഎംഎ കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ചോദ്യംചെയ്യാനും തെളിവെടുപ്പിനും വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഹുസൈൻ വ്യക്തമാക്കിയാൽ ആ മൊഴി കോടതിക്ക് സമർപ്പിക്കേണ്ടിവരുമെന്ന് ഭയന്നാണിത്. ശാസ്‌ത്രീയ തെളിവുശേഖരണമുൾപ്പെടെ തുടർനടപടികൾ നിർത്തിവയ്‌ക്കാൻ നേരത്തെ ഉന്നതലത്തിൽനിന്ന് കാസർകോട് പൊലീസിന് നിർദേശമുണ്ട്. കുറ്റപത്രം വൈകിപ്പിച്ച് ജാമ്യത്തിന് അവസരമൊരുക്കാനും നീക്കമുണ്ട്.
രാജ്യാന്തരബന്ധമുള്ള മയക്കുമരുന്ന് കേസാണ് ഇതോടെ ആവിയായത്.
റിമാൻഡിലായി പത്തുദിവസത്തിനുശേഷം ഹുസൈനെയും കൂട്ടുപ്രതികളെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. കാര്യമായി ചോദ്യംചെയ്യാതെ മൂന്നുദിവസം കഴിഞ്ഞ് കോടതിയിൽ ഹാജരാക്കി. ഹുസൈൻ എംഡിഎംഎ വാങ്ങിയ ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പും നടത്തിയില്ല. വീണ്ടും കസ്‌റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യുമെന്നായിരുന്നു പൊലീസ് അറിയിച്ചത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
യൂത്ത്‌കോൺഗ്രസ് നേതാവായ ഹുസൈന് മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തിന്റെ കൂടുതൽ തെളിവ് പുറത്തുവന്നിരുന്നു. ഇത് കോടതിയെ അറിയിക്കണമെങ്കിൽ മൊഴി രേഖപ്പെടുത്തണം. മറ്റു ഉന്നത ബന്ധത്തെക്കുറിച്ചും ചോദിക്കണം. പത്തനംതിട്ടയിൽനിന്ന് എംഡിഎംഎയുമായി പിടിയിലായ നൈജീരിയൻ സംഘവുമായി ബന്ധമുള്ളതായി സംശയമുണ്ട്.
കഴിഞ്ഞ ദിവസം കോയന്പത്തൂരിൽനിന്ന് മലപ്പുറം പൊലീസ് പിടികൂടിയ എംഡിഎംഎ കടത്തുസംഘവുമായി ബന്ധമുണ്ടോയെന്നും അറിയണം.
ഹുസൈൻ പണമയച്ച യുവതിയെക്കുറിച്ചും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലടക്കം ഹുസൈൻ വന്നിട്ടുണ്ട്. ഇൗ സമയം മയക്കുമരുന്ന് വാഹകനായിരുന്നോ എന്നതും കണ്ടെത്തണം. ഇത്തരം അന്വേഷണങ്ങളാണ് ഇല്ലാതായത്.
പ്രതികളിൽനിന്ന് പിടികൂടിയ ഐ ഫോൺ ഉൾപ്പെടെ ആറു ഫോണുകളും കോടതിക്ക് കൈമാറിയില്ലെന്ന വിവരവും പുറത്തുവന്നു. ഫോണിന്റെ ഐഎംഇഐ നന്പർ എഫ്‌ഐആറിലോ റിമാൻഡ് റിപ്പോർട്ടിലോ ഉൾപ്പെടുത്തിയിട്ടുമില്ല. ഐ ഫോൺ ഉപയോഗിച്ചാണ് ഹുസൈൻ മുഖ്യമന്ത്രിയെയും മറ്റും വിളിച്ചത്. അറസ്‌റ്റിലാകുന്നതിന് രണ്ടുദിവസംമുന്പും മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട്. വാട്‌സാപ്പ് വഴിയാണ് ഏറെയും വിളിച്ചത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസ് നശിപ്പിച്ചതായും സൂചനയുണ്ട്.









0 comments