മെട്രോ മൂന്നാംഘട്ടം
ഡിപിആർ സർക്കാരിന് കൈമാറി

കൊച്ചി
കൊച്ചി വിമാനത്താവളംവഴി കടന്നുപോകുന്ന മെട്രോ മൂന്നാംഘട്ട പാതയുടെ വിശദപദ്ധതിരേഖ (ഡിപിആർ) സംസ്ഥാന സർക്കാരിന് കൈമാറിയെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. വിടവാങ്ങൽ പ്രസംഗത്തിലാണ് ബെഹ്‌റ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആറും സർക്കാരിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ആലുവയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി അങ്കമാലിവരെയാണ് മൂന്നാംഘട്ട മെട്രോ പാത. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല കെഎംആർഎൽ ഏൽപ്പിച്ചത്. 17.5 കിലോമീറ്ററിലാണ് മെട്രോ എലിവേറ്റഡ് പാത നിര്‍മാണം. കുറച്ചുദൂരം ഭൂഗര്‍ഭപാത ആയിരിക്കും. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സര്‍വേകള്‍, എന്‍ജിനീയറിങ് പഠനം തുടങ്ങിയവ നടത്തി.
മെട്രോ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നതും കൊച്ചി വിമാനത്താവളവുമായി മെട്രോ കണക്ടിവിറ്റി വേണമെന്നതും ദീർഘനാളായുള്ള ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് എൽഡിഎഫ് സർക്കാർ ഇതിനായുള്ള നടപടി സ്വീകരിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമെ, നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പദ്ധതി പരിഹാരമാകും. പ്രാദേശിക വികസനത്തിനും വഴിയൊരുക്കും. അങ്കമാലിയിലേക്ക് മെട്രോ നീട്ടണമെന്ന് സിപിഐ എമ്മും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കലൂർ മുതൽ ഇൻഫോപാർക്ക്‌വരെയുള്ള മെട്രോ രണ്ടാംഘട്ടം ഒരുവർഷത്തിനകം പൂർത്തിയാകുമെന്നും കെഎംഎൽഎൽ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിലവിലുള്ള 25 ട്രെയിനുകളിൽ 16 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ള ട്രെയിനുകൾ രണ്ടാംഘട്ടത്തിലേക്ക് ഉപയോഗിക്കാനാകും. മൂന്ന് ട്രെയിനുകൾ വാങ്ങാൻ അനുമതിയുണ്ട്. എട്ട് ട്രെയിനുകൾ ഒരുമിച്ചുവാങ്ങുന്നതാണ് കമ്പനിക്ക് ലാഭകരം. ഇതിനായി ഡയറക്ടർ ബോർഡിന്റെ അനുമതിക്ക് നൽകി.നാലുവർഷമായി മെട്രോ പ്രവർത്തനലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽമാത്രം 53 കോടിയാണ് ലാഭം. അഞ്ചുവർഷത്തിനിടെ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താനായി.









0 comments