ആരോഗ്യമന്ത്രീ, മെഡിക്കൽ കോളേജ് വെന്റിലേറ്ററിലാണ് !

പരിയാരം
ഭരണം മാറി, മൂന്നുമാസം പിന്നിടുന്പോൾ പ്രവർത്തനങ്ങൾ താളംതെറ്റി വെന്റിലേറ്ററിലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. കണ്ണൂരിനുപുറമെ വയനാട്, കാസർകോട് ജില്ലകളിൽനിന്നുള്ളവരും ആശ്രയിക്കുന്ന മെഡിക്കൽ കോളേജാണിത്. ആവശ്യത്തിന് ജീവനക്കാരില്ലാതെയും മാനദണ്ഡംതെറ്റിച്ചുള്ള സ്ഥലംമാറ്റങ്ങളും മരുന്നുകളുടെയും അവശ്യസൗകര്യങ്ങളുടെയും ലഭ്യതക്കുറവിലുമൊക്കെ ശ്വാസംമുട്ടുകയാണ് ഇൗ ആരോഗ്യസ്ഥാപനം. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൂറുകണക്കിന് സ്ഥാനമാറ്റങ്ങളാണ് മൂന്നുമാസത്തിനുള്ളിൽ ഇവിടെയുണ്ടായത്. ഏഴ് നഴ്സിങ് അസിസ്റ്റന്റുമാരെ ഓഫീസ് ജോലിക്ക് നിയോഗിച്ചപ്പോൾ പകരം സംവിധാനമുണ്ടായില്ല. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി നടന്ന അശാസ്‌ത്രീയ സ്ഥാനമാറ്റങ്ങൾ പ്രവർത്തനങ്ങളെയാകെ ബാധിച്ചു. സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് എൻജിഒ അസോസിയേഷൻ നേതാക്കൾ അസഭ്യംപറഞ്ഞ് ഭീഷണിപ്പെടുത്തിയ സീനിയർ വനിതാ ഡോക്ടർ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായി. ഇവരുടെ പരാതിയിൽ നടപടിയെടുക്കാത്തതിൽ ഡോക്ടർമാർക്കിടയിലും ജീവനക്കാർക്കിടയിലും പ്രതിഷേധമുണ്ട്. കോവിഡ് കാലത്തടക്കം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജോലിചെയ്തുവന്ന താൽക്കാലി ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട് സ്വന്തക്കാരെ തിരികിക്കയറ്റുന്ന തിരക്കിലാണ് ഭരണകക്ഷിക്കാർ. ആവശ്യത്തിന് മരുന്നില്ല, ഉള്ളവ വരാന്തയിൽ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന പല മരുന്നുകളും ഫാർമസിയിൽ ഇല്ലാത്തതിനാൽ സ്വകാര്യ ഫാർമസികളിൽനിന്ന് വൻവിലക്ക് മരുന്നുകൾ വാങ്ങേണ്ട ഗതികേടാണ് രോഗികൾ. മരുന്നുക്ഷാമം പരിഹരിക്കാൻ ഒരുവിധ ഇടപെടലുമില്ല. ഉള്ള മരുന്നുകളാകട്ടെ അശാസ്ത്രീയമായി ആശുപത്രി വരാന്തയിൽ തള്ളിയ നിലയിലും. താളംതെറ്റി ആരോഗ്യവിഭാഗങ്ങൾ ഡോക്ടർമാരുടെ കുറവും അശാസ്ത്രീയ പരിഷ്കാരങ്ങളും പ്രവർത്തനങ്ങൾ കൂടുതൽ അവതാളത്തിലാക്കി. മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന നെഫ്രോളജി വിഭാഗം ഇപ്പോൾ കെടുകാര്യസ്ഥതയിലാണ്. വൃക്ക ട്രാൻസ്‌പ്ലാന്റേഷൻ ഐസിയു, പ്രത്യേക സജ്ജീകരണങ്ങളുള്ള ഓപ്പറേഷൻ തിയറ്റർ, മാറ്റിവയ്‌ക്കൽ യൂണിറ്റിന് അനുമതി തുടങ്ങി വിഭാഗത്തിന് പ്രത്യേകതകളേറെ. കെ സോട്ടോ ലൈസൻസും ലഭിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഭരണമാറ്റം. നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമാണ് പരിശോധന. മൂന്ന് ഡോക്ടർമാരുണ്ടായത് ഒന്നായും രോഗികൾ 150ൽനിന്ന് മുപ്പതായുംചുരുങ്ങി. രാവിലെ ഏഴിന് കൊടുക്കുന്ന ടോക്കണിനായി തലേന്നേ വന്ന് ക്യൂവിൽ നിൽക്കണം. കാർഡിയോളജി, ന്യൂറോ മെഡിസൻ തുടങ്ങിയ വിഭാഗങ്ങളിലും ഡോക്ടർമാർ കുറഞ്ഞു. എക്സ്റേ ഫിലിമിനും ക്ഷാമം ഡിജിറ്റൽ എക്സ്റേ ഫിലിമും ഇപ്പോൾ മെഡിക്കൽ കോളേജിൽ കിട്ടാനില്ല. നട്ടെല്ലിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും ഗുരുതര പരിക്കേറ്റവരുടെ പരിശോധനയിൽ ഡിജിറ്റൽ എക്സ്റേ ഏറെ പ്രാധാനം. നിലവിൽ ഡോക്ടർമാർ എക്സ്‌റെ റൂമിലെത്തി കംപ്യൂട്ടറിൽ ഡിജിറ്ററിൽ എക്‌സ്‌റേ പരിശോധനാഫലം നോക്കി ആവശ്യമായ ചിത്രം മൊബൈലിൽ പകർത്തിയാണ് ചികിത്സ. മറ്റ് ആശുപത്രിയിലേക്ക് റഫർചെയ്യപ്പെടുന്ന രോഗികൾക്ക് ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നു. ഇവർക്ക് വീണ്ടും പരിശോധന നടത്തേണ്ടിവരും.










0 comments