ad
Deshabhimani

ക്ലബുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; വ്യക്തത നൽകാതെ ഫെഡറേഷൻ: ഐഎസ്‌എൽ ഭാവിയിൽ ആശങ്ക

isl team

ഐഎസ്എൽ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാൾ ടീമിന്റെ ആഘോഷം

വെബ് ഡെസ്ക്

Published on May 24, 2026, 09:47 AM | 2 min read

ന്യൂഡൽഹി : തട്ടിക്കൂട്ടിയ ഐഎസ്‌എൽ സീസണിനുശേഷം ഇന്ത്യൻ ഫുട്‌ബോളിൽ വീണ്ടും പ്രതിസന്ധി പുകയുന്നു. അടുത്ത സീസൺ എങ്ങനെ നടത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ല. പല ക്ലബുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്‌. ദൈനംദിന പ്രവർത്തനങ്ങൾപോലും ബുദ്ധിമുട്ടിലായി. സീസൺ അവസാനിക്കുന്നതോടെ ചുരുങ്ങിയത്‌ 150 കളിക്കാരുടെയെങ്കിലും കരാർ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ക്ലബുകൾ കരാർ പുതുക്കാൻ സാധ്യതയില്ല.


സമാനതകളില്ലാത്ത തകർച്ചയിലേക്കാണ്‌ ഇന്ത്യൻ ഫുട്‌ബോൾ നീങ്ങുന്നതെന്ന്‌ വിദേശ പരിശീലകർ ഉൾപ്പെടെ മുന്നറിയിപ്പ്‌ നൽകി. ക്ലബുകളുമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ചർച്ച തുടങ്ങിയിട്ടുണ്ട്‌. പുതിയ വാണിജ്യ പങ്കാളിയുമായി ബന്ധപ്പെട്ടാണ്‌ നിലവിലെ തർക്കം. അമേരിക്കൻ സ്‌പോർട്‌സ്‌ ഡാറ്റ കമ്പനിയായ ജീനിയസ്‌ സ്‌പോർട്‌സ്‌ 2219 കോടി രൂപയ്‌ക്ക്‌ 20 വർഷത്തേക്കുള്ള കരാറുമായി രംഗത്തുണ്ട്‌. ഫെഡറേഷന്‌ ഇ‍ൗ കരാറിൽ താൽപര്യമുണ്ട്‌. എന്നാൽ ക്ലബുകൾ കരാറിനെതിരാണ്‌. വരുമാനക്കുറവാണ്‌ പ്രധാന തടസം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫെഡറേഷൻ പങ്കാളിത്ത ഫീസ്‌ ഒരു കോടി രൂപയിൽനിന്ന്‌ മൂന്ന്‌ കോടിയായി ഉയർത്തി. ക്ലബുകൾക്ക്‌ 90 ശതമാനം സാമ്പത്തിക നിയന്ത്രണം നൽകുന്ന ലീഗ്‌ ആണ്‌ ഉടമകൾ ആവശ്യപ്പെടുന്നത്‌. ഫെഡറേഷൻ ഇത്‌ അംഗീകരിക്കുന്നുമില്ല.


ഇക്കുറി സാമ്പത്തിക പ്രതിസന്ധി കാരണം സീസണിൽ ഒരു ക്ലബിന്‌ ആകെ 13 കളി മാത്രമാണ്‌ കിട്ടിയത്‌. ഇതോടെ എഎഫ്സി ചാമ്പ്യൻസ്‌ ലീഗിലും തിരിച്ചടി കിട്ടി. 2027–28 സീസണിൽ മൂന്നാം ഡിവിഷനായ എഎഫ്‌സി ചാലഞ്ച്‌ ലീഗിൽ പ്ലേ ഓഫ്‌ സ്ഥാനം മാത്രമാണ്‌ ഇന്ത്യക്ക്‌. നിലവിൽ ചാമ്പ്യൻസ്‌ ലീഗ്‌ രണ്ടിൽ രണ്ട്‌ പ്ലേ ഓഫ്‌ സ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. 2026–27ൽ ഇ‍ൗസ്‌റ്റ്‌ ബംഗാളും എഫ്‌സി ഗോവയും കളിക്കും. എഎഫ്‌സി മാനദണ്ഡങ്ങൾ പാലിക്കാത്തതാണ്‌ 2027–28 സീസണിൽ തിരിച്ചടിയായത്‌.


ഇന്ത്യൻ ടീമിൽനിന്ന് 
കളിക്കാരെ തിരിച്ചുവിളിച്ച്‌ മോഹൻ ബഗാൻ


കൊൽക്കത്ത : യൂണിറ്റി കപ്പിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിൽനിന്ന്‌ കളിക്കാരെ തിരികെവിളിച്ച്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌. ലണ്ടനിൽ അടുത്തയാഴ്‌ചയാണ്‌ മത്സരങ്ങൾ. എട്ട്‌ ബഗാൻ കളിക്കാരാണ്‌ ഇന്ത്യൻ ക്യാമ്പിലുണ്ടായിരുന്നത്‌. ഏഴ്‌ കളിക്കാരുടെ വിസാ നടപടികൾ ഉൾപ്പെടെ പൂർത്തിയായി. ലണ്ടനിലേക്ക്‌ പുറപ്പെടുന്നതിന്‌ തൊട്ടുമുമ്പാണ്‌ ബഗാൻ കളിക്കാരെ വിടാൻ വിസമ്മതിച്ചത്‌. കളിക്കാരുടെ പരിക്കുകാര്യങ്ങളിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു ബഗാന്റെ ആവശ്യം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home