ക്ലബ് ലോകകപ്പ് ക്വാർട്ടർ ; പിഎസ്‌ജി കടക്കുമോ ബയേൺ

ബയേൺ ഗോളി മാനുവൽ നോയെ പരിശീലനത്തിൽ

Sports Desk
Published on Jul 05, 2025, 04:14 AM | 1 min read
ന്യൂയോർക്ക്
ക്ലബ് ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടറിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ.
രാവിലെ 6.30ന് ചെൽസി ബ്രസീൽ ക്ലബ് പൽമെയ്‌റാസിനെ നേരിടും. രാത്രി 9.30ന് ബയേൺ മ്യൂണിക് യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയുമായി ഏറ്റുമുട്ടും. മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ബൊറൂസിയ ഡോർട്ട്‌മുണ്ടാണ് എതിരാളി.
പോർച്ചുഗൽ താരമായിരുന്ന ദ്യേഗോ ജോട്ടയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് ഫുട്‌ബോൾ ലോകം. ലോകകപ്പിൽ കളിക്കുന്ന പല കളിക്കാരും മാനസികമായി തകർന്നിട്ടുണ്ടെന്നാണ് സൂചന. പ്രത്യേകിച്ചും പോർച്ചുഗൽ ടീമിലെ ജോട്ടയുടെ സഹതാരങ്ങൾ.
പിഎസ്‌ജിയുടെ മുൻനിര താരങ്ങളായ ന്യൂനോ മെൻഡെസ്, വിതീന്യ, ജോയോ നെവെസ്, ഗൊൺസാലോ റാമോസ് എന്നിവർ നാലാഴ്‌ച മുമ്പ് നേഷൻസ് ലീഗ് ഫൈനലിൽ ജോട്ടയ്‌ക്കൊപ്പം കളിച്ചവരാണ്. ഈ സാഹചര്യത്തിൽ ഇവർ ഇറങ്ങുന്ന കാര്യം സംശയമാണ്.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജി ലോകകപ്പിൽ കിരീട സാധ്യതയിൽ ഏറെ മുന്നിലാണ്. ആദ്യറൗണ്ടിൽ ബ്രസീൽ ക്ലബ് ബൊട്ടാഫോഗോയോട് ഒരു ഗോളിന് തോറ്റെങ്കിലും മറ്റെല്ലാ മത്സരത്തിലും ആധികാരിക ജയം സ്വന്തമാക്കി. പ്രീ ക്വാർട്ടറിൽ ലയണൽ മെസിയുടെ ഇന്റർ മയാമിയെ നാല് ഗോളിനാണ് തകർത്തുവിട്ടത്.
മറുവശത്ത് ഹാരി കെയ്‌നിന്റെ ഗോളടി മികവിലാണ് ബയേൺ മുന്നേറിയത്. പ്രീ ക്വാർട്ടറിൽ ബ്രസീലിലെ കരുത്തൻ ക്ലബ് ഫ്‌ളമങ്ങോയെ 4–-2ന് തകർത്തു. കിലിയൻ എംബാപ്പെ കളത്തിലെത്തിയതോടെ ആത്മവിശ്വാസത്തോടെയാണ് റയൽ ഡോർട്ട്‌മുണ്ടിനെതിരെ ഇറങ്ങുന്നത്. പ്രീ ക്വാർട്ടറിൽ യുവന്റസിനെതിരെ യുവതാരം ഗൊൺസാലോ ഗാർസ്യയുടെ ഗോളിൽ ജയം നേടുകയായിരുന്നു.
ഇതുവരെ വമ്പൻ ടീമുകൾക്കെതിരെ കളിക്കാതെയാണ് ഡോർട്ട്‌മുണ്ട് റയലിന് മുന്നിലെത്തുന്നത്. പ്രീ ക്വാർട്ടറിൽ മെക്‌സിക്കൻ ക്ലബ് മോണ്ടെറിയെ 2–1ന് കീഴടക്കി. യുവതാരങ്ങളിലാണ് പ്രതീക്ഷ.
0 comments