ആറാടി മാഞ്ചസ്റ്റർ സിറ്റി; അൽ ഐനിനെ വീഴ്ത്തിയത് ആറ് ഗോളിന്

ന്യൂയോർക്ക്: ഫിഫ ക്ലബ് ലോകകകപ്പിൽ യൂറോപ്യൻ വമ്പൻമാരായ മാഞ്ചസ്‌റ്റർ സിറ്റിക്ക് മിന്നും ജയം. യുഎഇ ക്ലബ്ബായ അൽ ഐനിനെ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് സിറ്റി വീഴ്ത്തിയത്. മുൻ ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ എർലിങ് ഹാലൻഡ്, ക്ലോഡിയോ എച്ചെവെറി, ഓസ്കാർ ബോബ്, റയാൻ ഷെർക്കി എന്നിവരും ടീമിനായി ഗോൾ നേടി.
അൽ ഐൻനെതിരെ എട്ടാം മിനിറ്റിൽ ഗുണ്ടോഗനാണ് സിറ്റിക്കായി വലകുലുക്കിയത്. തുടർന്ന് 27-ാം മിനിറ്റിൽ യുവതാരം എച്ചെവെറി രണ്ടാം ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കാനിരിക്കെ 45+5-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സൂപ്പർ താരം ഹാലൻഡ് പോസ്റ്റിലെത്തിച്ച് ലീഡ് മൂന്നായി ഉയർത്തി. രണ്ടാം പകുതിയിലും സിറ്റി ആക്രമണം തുടർന്നു. 73-ാം മിനിറ്റിൽ ഗുണ്ടോഗൻ രണ്ടാം ഗോൾ നേടിയപ്പോൾ 84-ാം മിനിറ്റിൽ ഓസ്കാർ ബോബും 89-ാം മിനിറ്റിൽ റയാൻ ഷെർക്കിയും ഗോൾ കണ്ടെത്തി. 74 ശതമാനം പന്തടക്കം നേടിയ സിറ്റി 11 തവണയാണ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്.
ആദ്യ കളിയിൽ മൊറോക്കൻ ക്ലബ് വിദാദ് എസിയെ 2– 0ന് തോൽപ്പിച്ച സിറ്റി തുടർച്ചയായി രണ്ടാം ജയത്തോടെ ആറു പോയന്റുമായി രണ്ടാമതാണ്. അത്രതന്നെ പോയിന്റുള്ള യുവന്റസ് ആണ് ഒന്നാമത്.









0 comments