തുടരുമോ തടയുമോ; ക്ലബ് ലോകകപ്പിൽ പിഎസ്‌ജി xചെൽസി ഫൈനൽ ഇന്ന്

ന്യൂയോർക്ക്: യൂറോപ്പിലെ വമ്പൻമാരെയെല്ലാം തച്ചുതകർത്ത് മുന്നേറുന്ന പിഎസ്‌ജിക്ക് മുന്നിൽ ഇന്ന് ചെൽസി. ക്ലബ് ഫുട്‌ബോൾ ലോകകപ്പിനായി ഇരു കൂട്ടരും ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ മാറ്റുരയ്‌ക്കുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി. ചാമ്പ്യൻസ് ലീഗ് ജയിച്ച് യൂറോപ്പിന്റെ ചാമ്പ്യനായ പിഎസ്‌ജിക്ക് അടുത്ത ലക്ഷ്യം ലോക കിരീടമാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത മികച്ച പ്രകടനത്തിലൂടെയാണ് ഫ്രഞ്ച് ക്ലബ് കടന്നുപോകുന്നത്. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ കീഴടക്കി ആദ്യമായി കിരീടം ചൂടിയ പാരീസുകാർ ക്ലബ് ലോകകപ്പിൽ ഒരു കളിയിൽ മാത്രമാണ് തോറ്റത്. ബ്രസീൽ ക്ലബ് ബൊട്ടാഫോഗോയോടുള്ള അപ്രതീക്ഷിത തോൽവി പക്ഷേ അവരെ ഒരു തരത്തിലും ബാധിച്ചില്ല. ഗോളടിച്ചുകൂട്ടി മുന്നേറി. ആറ് കളിയിൽ 16 ഗോളാണ് ലൂയിസ് എൻറിക്വെയുടെ സംഘം നേടിയത്. ഇതിൽ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ നാല് ഗോളിന് മുക്കി. ആദ്യ കളിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ തീർത്തതും മറുപടിയില്ലാത്ത നാല് ഗോളിന്. ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ ക്വാർട്ടറിൽ രണ്ട് ഗോളിന് വീഴ്‌ത്തി. പ്രീ ക്വാർട്ടറിൽ ലയണൽ മെസിയുടെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയെയും നാല് ഗോളിന് മടക്കി. ജിയാൻല്യൂജി ദൊന്നരുമ്മ കാവൽ നിൽക്കുന്ന ഗോൾപോസ്‌റ്റിൽ ഒരു കളിയിൽ മാത്രമാണ് പന്ത് കയറിയത്. അഞ്ചെണ്ണത്തിൽ ഗോൾ വഴങ്ങിയില്ല. വിതീന്യ, കവിച കവാറസ്‌ഹെലിയ, ഉസ്‌മാൻ ഡെംബെലെ, ഫാബിയാൻ റൂയിസ്, ഗൊൺസാലോ റാമോസ് തുടങ്ങിയ വൻനിരയാണ് പിഎസ്‌ജിക്ക്. മറുവശത്ത് ചെൽസിയുടെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. ആദ്യ റൗണ്ടിൽ ബ്രസീൽ ക്ലബ് ഫ്‌ളമെങ്ങോയോട് 3–-1ന് തോറ്റപ്പോൾ ചെൽസി മുന്നേറുമെന്ന കാര്യത്തിൽ സംശയമുണർന്നു. പക്ഷേ, ക്വാർട്ടറിലും സെമിയിലും രണ്ട് ബ്രസീൽ ക്ലബ്ബുകളെ മടക്കിയാണ് ചെൽസി എത്തിയത്. ബെൻഫിക്കയൊഴികെ ഗ്രൂപ്പ് ഘട്ടത്തിൽ മറ്റൊരു യൂറോപ്യൻ ക്ലബ്ബിനോടും എൺസോ മറെസ്‌കോയുടെ സംഘത്തിന് ഏറ്റുമുട്ടേണ്ടിവന്നിട്ടില്ല. ജോയോ പെഡ്രോയുടെ ഗോളടിയിലാണ് ഇംഗ്ലീഷുകാരുടെ പ്രതീക്ഷ. ഈ ലോകകപ്പിൽ കൂടുതൽ ഗോളിന് അവസരമൊരുക്കിയ ക്യാപ്‌റ്റൻ എൺസോ ഫെർണാണ്ടസും ചെൽസിയെ കരുത്തരാക്കുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളിലേക്ക് ലക്ഷ്യം തൊടുത്തത് ചെൽസിയാണ്–- 100 എണ്ണം. ആകെ 14 ഗോളടിച്ചു. അഞ്ച് ഗോൾ വഴങ്ങി.2021ലെ ജേതാക്കളാണ് ചെൽസി.









0 comments