ക്ലബ് ലോകകപ്പ് ; പിഎസ്‌ജിക്ക് മുന്നിൽ മയാമി

പിഎസ്ജി താരം ഡെംബെലെ പരിശീലനത്തിൽ / ഇന്റർ മയാമി ക്യാപ്റ്റൻ ലയണൽ മെസി പരിശീലനത്തിൽ
അറ്റ്‌ലാന്റ
ക്ലബ് ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ലയണൽ മെസി നയിക്കുന്ന ഇന്റർ മയാമി ഇന്ന് യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയോട്. ഇന്ത്യൻ സമയം രാത്രി 9.30നാണ് കളി. രാത്രി 1.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക് ലാറ്റിനമേരിക്കൻ ക്ലബ് ഫ്‌ളമെങ്ങൊയെ നേരിടും.
അമേരിക്കൻ മേജർ ലീഗ് സോക്കറിൽനിന്ന് ആദ്യമായാണ് ഒരു ടീം ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടറിൽ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളിയും മയാമി തോറ്റില്ല. പോർച്ചുഗൽ ക്ലബ് പോർടോയെ തോൽപ്പിച്ചപ്പോൾ പൽമെയ്‌റാസ്, അൽ അഹ്‌ലി ടീമുകളുമായി സമനിലയിൽ പിരിഞ്ഞു.
മറുവശത്ത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജി ആദ്യ കളിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ തകർത്താണ് തുടങ്ങിയത്. എന്നാൽ അടുത്ത മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ബൊട്ടാഫോഗോയോട് ഒരു ഗോളിന് തോറ്റു. അവസാന കളിയിൽ സീറ്റിൽ സൗണ്ടേഴ്‌സിനെ രണ്ട് ഗോളിന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി മുന്നേറി.
മെസിയെ കൂടാതെ ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങി ബാഴ്‌സലോണയുടെ മുൻ താരങ്ങളും മയാമി നിരയിലുണ്ട്. മുൻ ക്ലബ്ബിനെതിരെയാണ് മെസി ഇറങ്ങുന്നത്. പിഎസ്‌ജി വിട്ടാണ് മുപ്പത്തെട്ടുകാരൻ മയാമിയിൽ എത്തിയത്.
അതേസമയം, ലൂയിസ് എൻറിക്വെയ്‌ക്ക് കീഴിൽ തകർപ്പൻ കളിയാണ് സീസണിൽ പിഎസ്‌ജി പുറത്തെടുത്തത്. ബൊട്ടാഫോഗോയോടുള്ള അപ്രതീക്ഷിത തോൽവി ഒഴിവാക്കിയാൽ പിഎസ്‌ജിയുടെ പ്രകടനം ആധികാരികമാണ്. മുന്നേറ്റക്കാരൻ ഉസ്‌മാൻ ഡെംബെലെ പിഎസ്‌ജി നിരയിൽ തിരിച്ചെത്തും. കവിച കവാറസ്‌ഹെലിയ, ഡിസയർ ഡോവു, ഗൊൺസാലോ റാമോസ്, ഫാബിയാൻ റൂയിസ്, വിതീന്യ, ന്യൂനോ മെൻസെഡ്, ജിയാൻല്യൂജി ദൊന്നരുമ്മ തുടങ്ങിയ ലോകോത്തര നിരയുണ്ട് പിഎസ്‌ജിക്ക്.
മുൻ ബ്രസീൽ താരം ഫിലിപെ ലൂയിസിന് കീഴിൽ അപരാജിത കുതിപ്പ് നടത്തുന്ന ഫ്‌ളെമങോ ബയേണിന് വെല്ലുവിളി ഉയർത്തും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയെ തകർത്തായിരുന്നു ഫ്‌ളെമങ്ങോയുടെ മുന്നേറ്റം. ബയേൺ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ ബെൻഫിക്കയോട് തോറ്റിരുന്നു.









0 comments