‘ക്ലബ് ലാറ്റിനമേരിക്ക’

-ഫ്ളെമംഗോ പരിശീലകൻ ലൂയിസ് കളിക്കാർക്കൊപ്പം
മയാമി: ക്ലബ് ലോകകപ്പിൽ ഒരു ലാറ്റിനമേരിക്കൻ ടീം ചാമ്പ്യൻമാരാകുമെന്ന് പറഞ്ഞത് ബ്രസീൽ ക്ലബ് ഫ്‌ളെമംഗോ പരിശീലകൻ ഫിലിപെ ലൂയിസാണ്. ആദ്യ റൗണ്ടിലെ രണ്ടാംറൗണ്ട് മത്സരങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിൽ കാര്യങ്ങൾ ലാറ്റിനമേരിക്കയ്‌ക്ക് അനുകൂലമാണ്. പല യൂറോപ്യൻ വമ്പൻ ടീമുകൾക്കും കാലിടറി. ഇതുവരെ 12 മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ ടീമുകൾ കളിച്ചത്. അതിൽ ഏഴിലും ജയം. നാല് സമനില. തോറ്റത് ഒരെണ്ണത്തിൽമാത്രം. ആറ് ലാറ്റിനമേരിക്കൻ ടീമുകളാണ് ലോകകപ്പിൽ കളിക്കുന്നത്. ബ്രസീലിൽനിന്ന് ഫ്‌ളെമംഗോ, ബൊട്ടഫോഗോ, ഫ്‌ളുമിനെൻസ്, പൽമെയ്‌റാസ്.
അർജന്റീനയിൽ റിവർപ്ലേറ്റും ബൊക്ക ജൂനിയേഴ്‌സും. ഒറ്റ ബ്രസീൽ ക്ലബ് പോലും തോറ്റിട്ടില്ല. ബൊട്ടഫോഗോയും ഫ്‌ളെമംഗോയും കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചു. ഫ്‌ളുമിനെൻസും പൽമെയ്‌റാസും റിവർപ്ലേറ്റും ഓരോ ജയവും സമനിലയും നേടി. ബൊക്കയ്‌ക്ക് മാത്രമാണ് ജയമില്ലാത്തത്. ഒരു കളി തോറ്റപ്പോൾ മറ്റൊന്ന് സമനിലയായി. ഇതിൽ പൽമെയ്‌റാസ്, ബൊട്ടഫോഗോ, ഫ്‌ളെമംഗോ, റിവർപ്ലേറ്റ് ടീമുകൾ അതത് ഗ്രൂപ്പുകളിൽ ഒന്നാമതാണ്. 2012ലാണ് അവസാനമായി ഒരു ലാറ്റിനമേരിക്കൻ ടീം ചാമ്പ്യൻമാരായത്. ചെൽസിയെ തോൽപ്പിച്ച് ബ്രസീൽ ടീം കൊറിന്ത്യൻസ് ജേതാക്കളായി. തുടർന്നുള്ള എല്ലാ കിരീടവും യൂറോപ്യൻമാർക്കായിരുന്നു. 2000ൽ ക്ലബ് ലോകകപ്പ് തുടങ്ങിയശേഷം ഒരു അർജന്റീന ടീമിനും ജേതാക്കളാകാൻ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയെ ബൊട്ടഫോഗോ തോൽപ്പിച്ചതായിരുന്നു ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം. ലൂയിസിന്റെ ഫ്‌ളെമംഗോ കോൺഫറൻസ് ലീഗ് ചാമ്പ്യൻമാരായ ചെൽസിയെയും തുരത്തി.









0 comments