കരുത്തുകാട്ടി ബ്രസീൽ ക്ലബ്ബുകൾ

ചെൽസിക്കെതിരെ ജയം ആഘോഷിക്കുന്ന ഫ്ലമെങോ താരങ്ങൾ

Sports Desk
Published on Jun 27, 2025, 12:09 AM | 1 min read
വാഷിങ്‌ടൺ
ലോകകപ്പിൽ കരുത്തുകാട്ടി ബ്രസീൽ ക്ലബ്ബുകൾ. ക്ലബ് ലോകകപ്പ് ഫുട്‌ബോളിനെത്തിയ നാല് ടീമുകളും പ്രീ ക്വാർട്ടറിൽ കടന്നു. ഫ്ലമെങോ, ബൊട്ടഫോഗോ, ഫ്ലുമിനെൻസ്, പാൽമെയ്‌റാസ് ടീമുകളാണ് അവസാന പതിനാറിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പായ കോപ ലിബർട്ടാഡോറെസ് ജേതാക്കളാണ് ഈ നാല് ക്ലബ്ബുകളും. യൂറോപ്പിലെയും ആഫ്രിക്കയിലെയും കരുത്തരെ മറികടന്നാണ് ബ്രസീൽ സംഘങ്ങളുടെ കുതിപ്പ്. രാജ്യാന്തര വേദിയിൽ യൂറോപ്യൻ ടീമിനോട് തോറ്റ് മടങ്ങുന്ന ബ്രസീലിന് ഈ ലോകകപ്പിലെ പ്രകടനം ആത്മവിശ്വാസം പകരുന്നതാണ്. മികച്ച ആഭ്യന്തര താരങ്ങളുടെ കരുത്തിൽ മികവുറ്റ ദേശീയ ടീമിനെ ഒരുക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
ഫ്ലമെങോയും പാൽമെയ്‌റാസും ഗ്രൂപ്പ് ജേതാക്കളായാണ് പ്രീ ക്വാർട്ടറിൽ എത്തിയത്. ഇതിൽ ഫ്ലമെങോ കരുത്തരായ ചെൽസിയെ 3–-1ന് തകർത്തു. ബൊട്ടഫോഗോയാകട്ടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയെ ഒരു ഗോളിന് തരിപ്പണമാക്കി. പ്രീ ക്വാർട്ടറിൽ ബൊട്ടഫോഗോയ്‌ക്ക് എതിരാളി പാൽമെയ്‌റാസാണ്. കൊറിന്ത്യൻസാണ് ക്ലബ് ലോകകപ്പ് ചൂടിയ ഏക ബ്രസീൽ പട. 2012ൽ ചെൽസിയെ വീഴ്‌ത്തിയാണ് നേട്ടം.
ഫുട്‌ബോൾ ചരിത്രത്തിലെ പല മഹത്തായ നിമിഷങ്ങളും സമ്മാനിച്ചത് ലാറ്റിനമേരിക്കക്കാരാണ്. ഇതിഹാസ താരങ്ങൾ അവിടെനിന്ന് വരുന്നു. ഈ ലോകകപ്പിൽ ബ്രസീൽ ക്ലബ്ബുകളുടെ പ്രകടനത്തിൽ അതിശയമില്ല
പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ)









0 comments