ക്ലബ് ലോകകപ്പ് വൻ വിജയമെന്ന് ഫിഫ

കളം നിറഞ്ഞത് യൂറോപ്പ്

club world cup

ക്ലബ് ലോകകപ്പിൽ ചെൽസി–ഫ്‌ളമെങോ മത്സരം കാണാനെത്തിയവർ

avatar
Sports Desk

Published on Jul 14, 2025, 12:00 AM | 2 min read

ന്യൂയോർക്ക്‌

32 ടീമുകൾ, 63 മത്സരങ്ങൾ ; ഒരുമാസം നീണ്ട ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ അവസാനിക്കുമ്പോൾ വൻ വിജയമെന്നാണ്‌ ഫിഫ തലവൻ ജിയാന്നി ഇൻഫാന്റീനോയുടെ വാദം. അടുത്ത വർഷം നടക്കുന്ന ലോകകപ്പിന്റെ പരീക്ഷണ വേദി കൂടിയായിരുന്നു ഈ ക്ലബ്‌ ലോകകപ്പ്‌. 48 ടീമുകളുമായാണ്‌ അടുത്തവർഷം ലോകകപ്പ്‌ അരങ്ങേറുക.ക്ലബ് ലോകകപ്പിന്റെ ഘടന പാടേ മാറ്റിയാണ്‌ ഇക്കുറി മത്സരങ്ങൾ നടന്നത്‌. മുൻ വർഷങ്ങളിൽ ആറ്‌ വൻകര ജേതാക്കളും ആതിഥേയരുമായിരുന്നു ലോകകപ്പ്‌ കളിച്ചിരുന്നത്‌. ഇക്കുറി ഓരോ വൻകരയിൽനിന്നും ഒന്നിലധികം ടീമുകളെത്തി.


പ്രഥമ പതിപ്പിന്റെ ന്യൂനതകൾ ടൂർണമെന്റിനുണ്ടായിരുന്നു. ക്ലബ്ബുകളുടെ പ്രകടനങ്ങൾ തമ്മിലുള്ള അന്തരമായിരുന്നു പ്രധാനം. കാണികളുടെ താൽപ്പര്യക്കുറവ്‌, കാലാവസ്ഥ, സമയം, ടിക്കറ്റ്‌ നിരക്ക്‌, കളിക്കാരുടെ പരിക്കുകൾ എന്നിവയൊക്കെ തിരിച്ചടിയായി. അതേസമയം, പുതിയ ക്ലബ്ബുകളുടെ കുതിപ്പും മികച്ച പ്രകടനങ്ങളും കണ്ടു. ലാറ്റിനമേരിക്കൻ ക്ലബ്ബുകൾ, പ്രത്യേകിച്ചും ബ്രസീൽ ടീമുകൾ അടയാളപ്പെടുത്തിയാണ്‌ മടങ്ങിയത്‌. ഒടുവിൽ യൂറോപ്പ്‌ തന്നെ വിജയിക്കുകയായിരുന്നു.


അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടന്ന ടൂർണമെന്റിൽ പലപ്പോഴും കാണികളുടെ പങ്കാളിത്തം കുറഞ്ഞു. നാല്‌ കളികളിൽ പതിനായിരത്തിൽ താഴെയായിരുന്നു കാഴ്‌ചക്കാർ. മാമലൊഡി സൺഡൗൺസ്‌–-ഉൾസാൻ എച്ച്‌ഡി കളികാണാൻ ആകെ എത്തിയത്‌ 3412 പേരാണ്‌. അതേസമയം, 15 കളികളിൽ 60,000ന്‌ മുകളിൽ കാഴ്‌ചക്കാരുണ്ടായി. പിഎസ്‌ജി–-അത്‌ലറ്റികോ കളികാണാൻ 80,619 പേരെത്തി. 38,369 ആയിരുന്നു ലോകകപ്പിലെ കാണികളുടെ ശരാശരി എണ്ണം.


ടീമുകൾ തമ്മിലുള്ള സന്തുലനത്തിലെ ഏറ്റക്കുറച്ചിലുകൾ ആദ്യറൗണ്ടിൽ വ്യക്തമായി തെളിഞ്ഞു. ഓഷ്യാനിയ ക്ലബ്‌ ഓക്‌ലൻഡ്‌ സിറ്റി ബയേൺ മ്യൂണിക്കിനോട്‌ തോറ്റത്‌ പത്ത്‌ ഗോളിനാണ്‌.


അതേസമയം, ഒരു ഘട്ടം കടന്നപ്പോൾ കളികൾ ആവേശകരമായി. മാഞ്ചസ്‌റ്റർ സിറ്റിയെ സൗദി ക്ലബ്‌ അൽ ഹിലാൽ 4–-3ന്‌ തോൽപ്പിച്ചതായിരുന്നു അതിലൊന്ന്‌. കാലാവസ്ഥ പല കളികളുടെയും ഒഴുക്ക്‌ തടഞ്ഞു. ചെൽസി–-ബെൻഫിക്ക മത്സരം മഴയും ഇടിമിന്നലും കാരണം നാല്‌ മണിക്കൂറാണ്‌ നീണ്ടത്‌.


ഇതുവരെയില്ലാത്ത സമ്മാനത്തുകയാണ്‌ ഫിഫ ഇക്കുറി ടീമുകൾക്ക്‌ നൽകിയത്‌. പങ്കെടുക്കുന്നത്‌ തൊട്ട്‌ ഓരോ മത്സരത്തിലും റൗണ്ടിലും പണം ലഭിക്കും. പങ്കെടുക്കുന്നതിനും പ്രകടനത്തിനും പണം ലഭിക്കും. ഈ വഴി ജേതാക്കൾക്ക്‌ ആയിരം കോടി രൂപവരെ ലഭിക്കും.


അതേസമയം, ക്ലബ്‌ ലോകകപ്പിനെതിരെ ലിവർപൂൾ മുൻ പരിശീലകൻ യുർഗൻ ക്ലോപ്പ്‌ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ക്ലബ്ബുകളുടെ പുതിയ സീസണിന്‌ മുന്നോടിയായുള്ള മുന്നൊരുക്കത്തെ ഇത്‌ ബാധിക്കുമെന്ന്‌ പരിശീലകർ പറഞ്ഞു. ഈ ലോകകപ്പ്‌ തളർത്തിക്കളഞ്ഞെന്നായിരുന്നു സിറ്റി പരിശീലകൻ പെപ്‌ ഗ്വാർഡിയോളയുടെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

Home