ഒർലാൻഡോയിൽ അറബിക്കഥ

ജയം ആഘോഷിക്കുന്ന അൽ ഹിലാൽ താരങ്ങൾ

Sports Desk
Published on Jul 02, 2025, 04:19 AM | 2 min read
ഒർലാൻഡോ (അമേരിക്ക)
ക്ലബ് ലോകകപ്പിൽ ഏഷ്യൻ ഗർജനം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയെ 4–-3ന് തുരത്തി സൗദി അറേബ്യൻ ടീം അൽ ഹിലാൽ ക്വാർട്ടറിലേക്ക് മുന്നേറി. ഏഴ് ഗോൾ ത്രില്ലറിൽ അധികസമയത്തായിരുന്നു അൽ ഹിലാലിന്റെ ജയം. യൂറോപ്യൻ ടീമിനെതിരെ ഏഷ്യയുടെ എക്കാലത്തെയും മികച്ച വിജയമായി ഇതുമാറി.
ഈ ലോകകപ്പിൽ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു ഒർലാൻഡോയിൽ കണ്ടത്. അധിക സമയത്ത് ബ്രസീലുകാരൻ മാർകോസ് ലിയോനാർഡോ അൽ ഹിലാലിന്റെ ജയംകുറിച്ചു. ഇരട്ടഗോളുമായി അറബ് ടീമിന്റെ കുതിപ്പിന് ഊർജം പകർന്നതും ഇരുപത്തിരണ്ടുകാരനാണ്. മാൽകവും കാലിദു കുലിബാലിയും മറ്റ് ഗോളുകൾ നേടി. സിറ്റിക്കായി ബെർണാഡോ സിൽവ, എർലിങ് ഹാലണ്ട്, ഫിൽ ഫോദെൻ എന്നിവർ ലക്ഷ്യം കുറിച്ചു. ഗോൾ കീപ്പർ ബോനോയുടെ പ്രകടനം അൽ ഹിലാലിന്റെ ജയത്തിൽ നിർണായകമായി.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളിയിലും ആധികാരിക ജയം സ്വന്തമാക്കി മുന്നേറിയ പെപ് ഗ്വാർഡിയോളയുടെ സംഘം അൽ ഹിലാലിനെതിരെയും മികച്ച തുടക്കം കുറിച്ചു. ക്യാപ്‌റ്റൻ സിൽവ പത്ത് മിനിറ്റിനുള്ളിൽ ഇംഗ്ലീഷ് ക്ലബ്ബിനെ മുന്നിലെത്തിക്കുകയായിരുന്നു. സാവീന്യോയുടെയും ഇകായ് ഗുൺഡോവന്റെയും ക്ലോസ് റേഞ്ചിൽവച്ചുള്ള ഷോട്ടുകൾ തടഞ്ഞ് ബോനോ ഹിലാലിന്റെ രക്ഷകനായി.
മറുവശത്ത് ആദ്യ മിനിറ്റുകളിൽ അറബ് ടീം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാംപകുതി തുടങ്ങി 44 സെക്കൻഡിൽ അവർ ഒപ്പമെത്തി. ലിയോനാർഡോയുടെ എണ്ണംപറഞ്ഞ ഹെഡർ സിറ്റി ഗോൾ കീപ്പർ എഡേഴ്‌സണെ കാഴ്‌ചക്കാരനാക്കി. മിനിറ്റുകൾക്കുള്ളിൽ സിറ്റി പ്രതിരോധം പൊളിച്ച് മാൽകം ഹിലാലിന്റെ നേട്ടം രണ്ടാക്കി. മൂന്ന് മിനിറ്റിനുള്ളിൽ കോർണർ കിക്കിൽ തട്ടിത്തെറിച്ച പന്ത് ഹാലണ്ട് വലയിലാക്കി സിറ്റിയെ ഒപ്പമെത്തിച്ചു.
അവസാന മിനിറ്റുകളിൽ ഗ്വാർഡിയോളയുടെ സംഘം ആക്രമണത്തിന് മൂർച്ചകൂട്ടി. മാനുവൽ അക്കാഞ്ഞിയുടെ ഹെഡർ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. ഹാലണ്ട് അതിനെ വലയിലേക്ക് പായിച്ചെങ്കിലും ഗോൾവരയ്‌ക്കുമുന്നിൽവച്ച് അലി ലജാമി ഒന്നാന്തരം നീക്കത്തിലൂടെ പന്തടിച്ച് ഒഴിവാക്കുകയായിരുന്നു. ഇതോടെ കളി അധികസമയത്തേക്ക് നീങ്ങി.
അധികസമയം സിറ്റിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഹിലാലിന്റെ തുടക്കം. കുലിബാലിയുടെ കരുത്തുറ്റ ഹെഡർ എഡേഴ്‌സനെ വിറപ്പിച്ചു. സിറ്റി പകരക്കാരെ ഇറക്കി. അതിനുള്ള ഫലവും കിട്ടി. റ്യാൻ ചെർക്കിയും ഫിൽ ഫോദെനും ചേർന്ന് അവർക്ക് ജീവൻനൽകി. ചെർക്കിയുടെ മനോഹരമായ ക്രോസിനൊപ്പം നീങ്ങിയ ഫോദെൻ ഒന്നാന്തരമായി കാൽവച്ചു. ബോനോയുടെ കണക്കുകൂട്ടൽ തെറ്റിച്ച് പന്ത് വലയുടെ വലതുമൂലയിലേക്ക് കയറുകയായിരുന്നു.
പക്ഷേ, ഹിലാൽ അവസാനിപ്പിച്ചിരുന്നില്ല. ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ലിയോനാർഡോ സിറ്റിയുടെ അന്തകനായി മാറുകയായിരുന്നു. ഗോൾമുഖത്തുനിന്ന് തോണ്ടിയിട്ട പന്ത് സിറ്റിയുടെ മടക്കയാത്ര ഉറപ്പാക്കി. ക്വാർട്ടറിൽ ഫ്‌ളുമിനെൻസെയാണ് ഹിലാലിന്റെ എതിരാളി.









0 comments