ഷാർലറ്റിൽ ലാറ്റിൻരാവ് ; ബ്രസീൽ ക്ലബ് ഫ്‌ളുമിനെൻസെ ഇന്റർ മിലാനെ തോൽപ്പിച്ചു

ഇന്ററിനെ തോൽപ്പിച്ചശേഷം ഫ്‌ളുമിനെൻസെ ക്യാപ്റ്റൻ തിയാഗോ സിൽവ ആഹ്ലാദത്തിൽ

Sports Desk
Published on Jul 02, 2025, 04:17 AM | 2 min read
ഷാർലറ്റ് (അമേരിക്ക)
യൂറോപ്പിനുമേൽ ലാറ്റിനമേരിക്കൻ പ്രഹരം വീണ്ടും. ഇക്കുറി ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ ഇന്റർ മിലാനാണ് അടിതെറ്റിയത്. ബ്രസീൽ ക്ലബ് ഫ്‌ളുമിനെൻസെയാണ് ഇന്ററിനെ രണ്ട് ഗോളിന് തകർത്ത് ചരിത്രം കുറിച്ചത്. ഇതോടെ ക്വാർട്ടറിൽ ലാറ്റിൻ x ഏഷ്യൻ പോരാട്ടമായി. വെള്ളിയാഴ്‌ചയാണ് ഫ്‌ളുമിനെൻസെ x അൽ ഹിലാൽ ക്വാർട്ടർ പോര്.
യൂറോപ്യൻ വമ്പിന് പാടെ അടിതെറ്റിയ രാവിൽ ലാറ്റിനമേരിക്ക ഉദിച്ചുയരുകയായിരുന്നു. പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയൻ കരുത്തർക്കെതിരെ അണമുറിയാത്ത ആക്രമണംകൊണ്ടായിരുന്നു ഫ്‌ളുമിനെൻസെയുടെ മറുപടി. ബ്രസീലിന്റെ മുൻ ക്യാപ്‌റ്റൻ തിയാഗോ സിൽവ നയിച്ച പ്രതിരോധവും തിളങ്ങി. നാൽപ്പതുകാരനുകീഴിൽ നാല് കളിയിൽ രണ്ട് ഗോൾമാത്രമാണ് ബ്രസീൽ ക്ലബ് വഴങ്ങിയത്. മുപ്പത്തേഴുകാരൻ ജെർമൻ കാനോയും പകരക്കാരനായെത്തിയ ഹെർകുലീസും ഫ്‌ളുമിനെൻസെക്കായി ലക്ഷ്യംകണ്ടു.
ഇന്റർ പ്രതിരോധത്തിന്റെ ആശയക്കുഴപ്പം മുതലെടുത്ത് മൂന്നാം മിനിറ്റിൽതന്നെ ഫ്‌ളുമിനെൻസെ ലീഡ് നേടി. പ്രത്യാക്രമണത്തിലൂടെയായിരുന്നു തുടക്കം. വലതുവശത്ത് ജോൺ അരിയാസ് തൊടുത്ത ക്രോസ് ഇറ്റാലിയൻ പ്രതിരോധക്കാരൻ അലെസാൻഡ്രോ ബസ്‌റ്റോണിയുടെ കാലിൽ തട്ടിത്തെറിച്ചു. പന്ത് വീണത് ഇന്റർ ഗോൾമുഖത്ത്.
ഓടിയെത്തിയ കാനോ രണ്ട് പ്രതിരോധക്കാർക്കിടയിൽവച്ച് തലകൊണ്ട് കുത്തി. ഗോൾ കീപ്പർ യാൻ സോമ്മെറുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലേക്കൊഴുകി. പിന്നാലെ സാമുവൽ സേവ്യർ തുറന്ന അവസരം പാഴാക്കി. ക്ലബ് ലോകകപ്പ് നോക്കൗട്ടിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരനാണ് കാനോ.
ഇടവേളയ്‌ക്കുശേഷം ഇന്റർ കളിപിടിച്ചു. സ്‌റ്റെഫാൻ ഡി വ്രിജിന്റെ ക്ലോസ് റേഞ്ചിൽവച്ചുള്ള ഷോട്ട് ഗോൾകീപ്പർ ഫാബിയോ തടഞ്ഞു. ലൗതാരോ മാർട്ടിനെസിന്റെ അടി പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ പരിക്കുസമയത്ത് ഹെർകുലീസ് ബ്രസീലുകാരുടെ രണ്ടാംഗോൾ തൊടുത്തതോടെ ഇന്റർ തലതാഴ്‌ത്തി.ക്വാർട്ടറിൽ കടക്കുന്ന രണ്ടാമത്തെ ബ്രസീൽ ടീമാണ് ഫ്‌ളുമിനെൻസെ. പൽമെയ്‌റാസാണ് മറ്റൊന്ന്.
44ലും തളരാതെ ഫാബിയോ
ഫ്ലുമിനെൻസിന്റെ അസാമാന്യ കുതിപ്പിന് കവചമായി നാൽപ്പത്തിനാലുകാരൻ ഗോൾകീപ്പർ ഫാബിയോ ഡേവിസൺ. ഇന്റർ മിലാനെതിരെ നാല് ശ്രമങ്ങളാണ് തടുത്തിട്ടത്. ക്ലബ് ലോകകപ്പിലെ ഏറ്റവും പ്രായംകൂടിയ താരമാണ്. ലോക ഫുട്‌ബോളിലെ അത്യപൂർവ റെക്കോഡിന് അരികെയാണ്. ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടണിന്റെ റെക്കോഡ് തകർക്കാൻ 13 കളികൂടി മതി. 1997ൽ അരങ്ങേറിയ ഫാബിയോ ഇതിനകം 1378 മത്സരം കളിച്ചു. ഷിൽട്ടൺ 1390. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (1286) മൂന്നാമാത്. കൂടുതൽ മത്സരങ്ങളിൽ ഗോൾവഴങ്ങാതിരുന്ന ഗോളിയുമാണ്. 508 കളിയിൽ ബ്രസീലുകാരന്റെ വലയിൽ പന്ത് കയറിയില്ല. ഇറ്റലിയുടെ ജിയാൻല്യൂജി ബുഫണിനെ(507) പിന്തള്ളി.









0 comments