ad
Deshabhimani

ചെന്നൈയിൻ പൂട്ടി ; ക്ലബ്ബുകളും കളിക്കാരും 
പ്രതിസന്ധിയിൽ

chennaiyin fc
avatar
Sports Desk

Published on Aug 07, 2025, 12:00 AM | 1 min read

ന്യൂഡൽഹി

രണ്ടുതവണ ഐഎസ്​എൽ ഫുട്​ബോൾ ചാമ്പ്യൻമാരായ​ ചെന്നൈയിൻ എഫ്​സി പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചു. അഖിലേന്ത്യാ ഫുട്​ബോൾ ഫെഡറേഷൻ (എഐഎഫ്​എഫ്​) ഇന്ന്​ ക്ലബ്ബുകളുമായി ചർച്ച നടത്താനിരിക്കെയാണ്​ ചെന്നൈയിനിന്റെ പ്രഖ്യാപനം. പുതിയ സീസൺ അനിശ്ചിതത്വത്തിലായതോടെ കൂടുതൽ ക്ലബ്ബുകൾ പൂട്ടിടാനുള്ള ഒരുക്കത്തിലാണ്​.


ബംഗളൂരു എഫ്​സി​ കളിക്കാരുടെയും ടീം അംഗങ്ങളുടെയും ശമ്പളം മരവിപ്പിച്ചിരുന്നു. കേരള ബ്ലാസ്​റ്റേഴ്​സ്​, ഒഡിഷ എഫ്​സി, മുംബൈ സിറ്റി, ഹൈദരാബാദ്​ എഫ്​സി ടീമുകൾ ഇതുവരെയും പുതിയ സീസണിനായി തയ്യാറെടുപ്പ്​ തുടങ്ങിയിട്ടില്ല. ​


മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഇ‍ൗസ്റ്റ്​ ബംഗാൾ, ജംഷഡ്​പുർ എഫ-്​സി, നോർത്ത്​ ഇ‍ൗസ്റ്റ്​ യുണൈറ്റഡ്​, പഞ്ചാബ്​ എഫ്​സി, മുഹമ്മദൻസ്​ ടീമുകൾ സജീവമാണ്​. ഇ‍ൗ ആറ്​ ക്ലബ്ബുകളും ഡ്യുറന്റ്​ കപ്പിൽ പങ്കെടുക്കുന്നുണ്ട്​. താരകൈമാറ്റ ജാലകത്തിലും ഇടപെടുന്നുണ്ട്​. ബഗാൻ, ഇ‍ൗസ്റ്റ്​ ബംഗാൾ, നോർത്ത്​ ഇ‍ൗസ്റ്റ്​ ടീമുകൾ മുഴുവൻ വിദേശ താരങ്ങളെയും കൂടാരത്തിലെത്തിച്ചിട്ടുണ്ട്​.


മുഖ്യ പരിശീലകനെ നിയമിക്കാത്ത ചെന്നൈയിൻ ഒരു പ്രവർത്തനവും നടത്തുന്നുണ്ടായിരുന്നില്ല. താൽക്കാലികമായി എല്ലാം അവസാനിപ്പിക്കുകയാണെന്ന്​ മാനേജ്​മെന്റ്​ കളിക്കാരെയും ജീവനക്കാരെയും അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയും ക്ലബ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു.


സെപ്​തംബറിലായിരുന്നു ഐഎസ്​എൽ തുടങ്ങേണ്ടത്​. എഐഎഫ്​എഫും ഐഎസ്​എൽ സംഘാടകരായ എഫ്​എസ്​ഡിഎലും തമ്മിലുള്ള കരാർ ഇ‍ൗ വർഷം അവസാനിക്കുകയാണ്​. ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ്​ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. ഇതിൽ വിധി വരാതെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തരുതെന്ന്​ കോടതി നിർദേശം നൽകി​. ഇതാണ്​ പ്രതിസന്ധിക്ക്​ കാരണം.


ഡിസംബറിൽ അവസാനിക്കുന്ന കരാറിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ ഐഎസ്​എൽ നടത്താനാകില്ലെന്ന്​ എഫ്​എസ്​ഡിഎൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home