print edition ഞെട്ടി ലിവർപൂൾ

ഗാലറ്റാസറായ് താരങ്ങളുടെ ആഘോഷം | X/Galatasaray EN
ഇസ്‌താംബുൾ: ഒറ്റ ഗോളിൽ ലിവർപൂളിനെ തീർത്ത് ഗാലറ്റാസറായ്. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ ഏഴാം മിനിറ്റിൽ മരിയോ ലെമിനോയുടെ ഗോളിലാണ് മുൻചാമ്പ്യൻമാരെ തോൽപ്പിച്ചത്. ഇസ്‌താംബുളിൽ സ്വന്തംതട്ടകത്തിലായിരുന്നു ഗാലറ്റാസറായിയുടെ മിന്നുംജയം. മറ്റ് മത്സരങ്ങളിൽ ബാഴ്‌സലോണ1–1ന് ന്യൂകാസിൽ യുണൈറ്റഡിനോട് സമനിലയുമായി രക്ഷപ്പെട്ടു. ബയേൺ മ്യൂണിക് 6–1ന് അറ്റ്‌ലാന്റയെ തരിപ്പണമാക്കിയപ്പോൾ ടോട്ടനം ഹോട്‌സ്‌പറിനെതിരെ അത്‌ലറ്റികോ മാഡ്രിഡും (5–2) വലിയ ജയം നേടി.
ജയപ്രതീക്ഷയുമായി എതിർതട്ടകത്തിലെത്തിയ ലിവർപൂളിനെ തുർക്കിഷ് ചാമ്പ്യൻമാരായ ഗാലറ്റാസറായ് മെരുക്കി. എതിരാളിയെ പന്തിൽ നിയന്ത്രണം സ്ഥാപിക്കാൻ അനുവദിച്ചില്ല. കരുത്തുറ്റ പ്രതിരോധവും പടുത്തുയർത്തി. വിക്ടർ ഒസിമേന്റെ കോർണറിൽ തലവച്ചാണ് ലെമിനോ ആതിഥേയരെ മുന്നിലെത്തിച്ചത്. രണ്ടാംപകുതിയിൽ ഒസിമേൻ വലകുലുക്കിയെങ്കിലും ‘വാർ’ ഓഫ്‌സൈഡ് വിധിച്ചു. 70–ാം, മിനിറ്റിൽ ലിവർപൂളും ഗോൾ നേടിയെങ്കിലും ഇതും ‘വാർ’ തടഞ്ഞു. കോർണർ കിക്കിനെ തുടർന്നുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ വിർജിൽ വാൻഡിക് പന്ത് വലയിലാക്കിയിരുന്നു. എന്നാൽ പെനൽറ്റി ബോക്‌സിൽ ഇബ്രാഹിം കൊനാറ്റെയുടെ കൈയിൽ പന്ത് തട്ടിയതായി ‘വാറിൽ’ തെളിഞ്ഞു. 18ന്- ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് രണ്ടാംപാദം.
യമാൽ രക്ഷകൻ
പരിക്കുസമയം ലമീൻ യമാലിന്റെ പെനൽറ്റിയിലാണ് ബാഴ്‌സ ന്യൂകാസിലിനെതിരെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തിയത്. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന പോരിൽ ആതിഥേയരായിരുന്നു ആക്രമിച്ച് കളിച്ചത്. 86–ാം മിനിറ്റിൽ ഹാർവി ബാൺസിലൂടെ ലീഡ് നേടുകയും ചെയ്‌തു. ജയം കൊതിച്ച് കളിയവസാനിപ്പിക്കാൻ നിൽക്കെവെ അവസാന മിനിറ്റിൽ ഡാനി ഓൽമോയെ ബോക്‌സിൽ മാലിക് തിയാവ് വീഴ്‌ത്തിയത് തിരിച്ചടിയായി. പെനൽറ്റിയെടുത്ത യമാലിന് പിഴച്ചില്ല. 18ന് നൗകാമ്പിലാണ് അടുത്തപാദം.
ആറാടി ബയേൺ
അറ്റ്‌ലാന്റയ്‌ക്കെതിരെ ഗോൾ വർഷിച്ചാണ് ബയേൺ മുന്നേറിയത്. മൈക്കേൽ ഒലീസെ ഇരട്ടഗോൾ നേടിയപ്പോൾ ജോസിപ് സ്റ്റാനിസിച്ച്, സെർജി നാബ്രി, നികോളാസ് ജാക്‌സൺ, ജമാൽ മുസിയാല എന്നിവരും ലക്ഷ്യം കണ്ടു. പരിക്കുസമയം മരിയോ പസാലിച്ചാണ് അന്റ്‌ലാന്റയ്‌ക്കായി ആശ്വാസം കുറിച്ചത്. ബയേണിന്റെ സ്‌റ്റേഡിയത്തിൽ 18നാണ് രണ്ടാംപാദം.
പവർ അത്‌ലറ്റികോ
വിരുന്നുകാരായെത്തിയ ടോട്ടനത്തെ അത്‌ലറ്റികോ നാണംകെടുത്തി. ജൂലിയൻ അൽവാരസ് രണ്ട് ഗോളടിച്ച് നയിച്ചു. മാർകോസ് ലൊറന്റെ, ഒൺട്ടോയ്‌ൻ ഗ്രീസ്‌മാൻ, റോബിൻ ലെ നോർമാൻഡ് എന്നിവരും വലകണ്ടു. പെഡ്രോ പൊറോയും ഡൊമിനിക് സൊളങ്കിയും ടോട്ടനത്തിനായി മടക്കി. തുടക്കത്തിൽ മൂന്ന് ഗോൾ വഴങ്ങിയതോടെ 17–ാം മിനിറ്റിൽ ഗോൾകീപ്പർ അന്റോണിൻ കിൻസ്‌കിയെ ടോട്ടനം പിൻവലിച്ചിരുന്നു. രണ്ടാംപാദം 18നാണ്.










0 comments