ad
Deshabhimani

ചാമ്പ്യനെയും 
തുരത്തി ബയേൺ

print edition ചാമ്പ്യൻസ് ലീഗ് ; റയലിനെ വീഴ്‌ത്തി ലിവർപൂൾ

Champions League liverpool
വെബ് ഡെസ്ക്

Published on Nov 06, 2025, 12:15 AM | 2 min read


ലണ്ടൻ

റയൽ മാഡ്രിഡിനെ ഒറ്റ ഗോളിന്‌ വീഴ്‌ത്തി ലിവർപൂളിന്റെ തിരിച്ചുവരവ്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ തകർപ്പൻ പ്രകടനത്തോടെ പോയിന്റ്‌ പട്ടികയിൽ മുന്നേറാനും ലിവർപൂളിന്‌ കഴിഞ്ഞു. അലെക്‌സിസ്‌ മക്‌അല്ലിസ്റ്ററുടെ ഹെഡറിലായിരുന്നു ഇംഗ്ലീഷുകാരുടെ വിജയം. അഴ്‌സണൽ വിജയക്കുതിപ്പ്‌ തുടർന്നപ്പോൾ അതല്‌റ്റികോ മാഡ്രിഡ്‌, ടോട്ടനം ഹോട്‌സ്‌പർ ടീമുകൾ വന്പൻ ജയങ്ങൾ സ്വന്തമാക്കി.


അവസാനം കളിച്ച ഏഴ്‌ കളിയിൽ ആറിലും തോറ്റായിരുന്നു ലിവർപൂൾ ആൻഫീൽഡിൽ പന്ത്‌ തട്ടാനിറങ്ങിയത്‌. എന്നാൽ റയലിനെതിരെ അവർ പെരുമ കാട്ടി. സ്വന്തം തട്ടകത്തിൽ ഉശിരൻ പ്രകടനം. സ്‌പാനിഷ്‌ വന്പൻമാർക്ക്‌ ലക്ഷ്യത്തിലേക്ക്‌ ആകെ രണ്ട്‌ അടികളാണ്‌ പായിക്കാനായത്‌. മറുവശത്ത്‌ ആർണെ സ്ലോട്ടിന്റെ സംഘം ഒന്പതെണ്ണം തൊടുത്തു. റയൽ ഗോൾ കീപ്പർ തിബ‍ൗ കുർടോയുടെ പ്രകടനമാണ്‌ ലിവർപൂളിനെ കൂടുതൽ ഗോൾ നേടുന്നതിൽനിന്ന്‌ തടഞ്ഞത്‌.


ആദ്യ പകുതിയിൽ ഡൊമിനിക്‌ സൊബൊസ്‌ലായിയുടെ ഗോളെന്നുറച്ച രണ്ട്‌ ശ്രമങ്ങളെയാണ്‌ കുർടോ തടഞ്ഞത്‌. വിർജിൽ വാൻ ഡിക്കിന്റെ കരുത്തുറ്റ ഹെഡറും തട്ടിയകറ്റി. ഇടവേളയ്‌ക്കുശേഷം ലിവർപൂൾ ആക്രമണം കടുപ്പിച്ചു. പിന്നാലെ ഗോളുമെത്തി. സൊബൊസ്‌ലായിയുടെ തകർപ്പൻ ഫ്രീകിക്കിൽ മക്‌ അല്ലിസ്‌റ്റർ കൃത്യമായി തലവച്ചപ്പോൾ കുർടോയുടെ പ്രതിരോധവും തകർന്നു.


കിലിയൻ എംബാപ്പെ, ജൂഡ്‌ ബെല്ലിങ്‌ഹാം, വിനീഷ്യസ്‌ ജൂനിയർ എന്നിവരുൾപ്പെട്ട റയൽ മുന്നേറ്റത്തിന്‌ കാര്യമായ ചലനമുണ്ടാക്കാനായില്ല. നാല്‌ കളിയിൽ മൂന്നെണ്ണം ജയിച്ച ലിവർപൂൾ പട്ടികയിൽ ആറാമതാണ്‌. ആദ്യ തോൽവി വഴങ്ങിയ റയൽ അഞ്ചാമതും.


സ്ലാവിയ പ്രാഗിനെ മൂന്ന്‌ ഗോളിന്‌ തകർത്താണ്‌ അഴ്‌സണൽ നാലാം ജയം സ്വന്തമാക്കിയത്‌. മിക്കേൽ മെറീനോ ഇരട്ടഗോൾ തൊടുത്തു. ഒരെണ്ണം ബുകായോ സാക്കയുടെ വകയായിരുന്നു. അത്‌ലറ്റികോ 3–1ന്‌ യൂണിയൻ എസ്‌ജിയെ കീഴടക്കി. യുവന്റസ്‌ നാലാം കളിയിലും ജയമില്ലാതെ അവസാനിപ്പിച്ചു. സ്‌പോർടിങ്‌ സിപിയുമായി 1–1ന്‌ പിരിയുകയായിരുന്നു. ടോട്ടനം നാല്‌ ഗോളിന്‌ കോപൻഹേഗനെ തകർത്തു.

ചാമ്പ്യനെയും 
തുരത്തി ബയേൺ

യൂറോപ്പിൽ ബയേൺ മ്യൂണിക്കിന്റെ വിജയക്കുതിപ്പ്‌. ചാമ്പ്യൻസ്‌ ലീഗിൽ നിലവിലെ ജേതാക്കളായ പിഎസ്‌ജിയെ 2–1ന്‌ തോൽപ്പിച്ച ബയേൺ സീസണിൽ തുടർച്ചയായ 16–ാം ജയമാണ്‌ സ്വന്തമാക്കിയത്‌. റെക്കോഡാണിത്‌.


ഇരട്ടഗോൾ നേടിയ ലൂയിസ്‌ ഡയസാണ്‌ ചാമ്പ്യൻമാരെ അവരുടെ തട്ടകത്തിൽ തീർത്തത്‌. ഗോൾ ആഘോഷം അവസാനിക്കുംമുന്പ്‌ കൊളംബിയക്കാരൻ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്താകുകയും ചെയ്‌തു. പകുതി സമയം പത്ത്‌ പേരുമായി പന്ത്‌ തട്ടിയിട്ടും ബയേൺ പക്ഷേ, ജയം കൈവിട്ടില്ല. അവസാന നിമിഷം ജോയോ നെവെസ്‌ പിഎസ്‌ജിക്കായി ആശ്വാസം കാണുകയായിരുന്നു.


തുടർച്ചയായ നാലാം ജയത്തോടെ ബയേൺ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി.

തകർപ്പൻ കളിയായിരുന്നു വിൻസെന്റ്‌ കൊന്പനിയുടെ സംഘത്തിന്റേത്‌. എതിർത്തട്ടകത്തിൽ കളി തുടങ്ങി അരമണിക്കൂറിൽ ബയേൺ രണ്ട്‌ ഗോൾ ലീഡ്‌ നേടുകയായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്പ്‌ അഷ്‌റ-ഫ്‌ ഹക്കീമിയെ ഫ‍ൗൾ ചെയ്‌തതിന്‌ ഡയസിന്‌ ചുവപ്പുകാർഡ്‌ കിട്ടി. രണ്ടാംപകുതിയിൽ ഗോൾ കീപ്പർ മാനുവൽ നോയെയുടെ തകർപ്പൻ പ്രകടനം ബയേണിനെ തുണച്ചു.


ജർമൻ ലീഗിൽ ഒന്പത്‌ കളിയും ജയിച്ച്‌ ഒന്നാമതാണ്‌ കൊന്പനിയുടെ സംഘം. 33 ഗോൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത്‌ നാലെണ്ണം മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home