ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ: ലിവർപൂൾ 3 അത്‌ലറ്റികോ മാഡ്രിഡ് 2
ലിവർപൂളിനെ ‘തല കാത്തു’

അത്-ലറ്റികോ മാഡ്രിഡിനെതിരെ ഹെഡ്ഡറിലൂടെ ലിവൾപൂളിന്റെ വിജയഗോൾ നേടുന്ന വിർജിൻ വാൻഡിക് (ഇടത്ത്)

Sports Desk
Published on Sep 19, 2025, 03:38 AM | 1 min read
ലണ്ടൻ
പരിക്കുസമയം ക്യാപ്‌റ്റൻ വിർജിൽ വാൻഡിക്കിന്റെ ഹെഡ്ഡർ ഗോളിൽ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്‌ത്തി ലിവർപൂൾ. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ആവേശം വിതറിയ കളിയിൽ 3–2നാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം.
സ്വന്തംതട്ടകത്തിൽ ആദ്യ ആറ് മിനിറ്റിൽ 2–0ന് ലീഡ് നേടിയ ലിവൾപൂൾ വമ്പൻ ജയം നേടുമെന്ന് തോന്നിച്ചു. ആൻഡ്രു റോബർട്ട്‌സണും മുഹമ്മദ് സലായുമാണ് ലക്ഷ്യംകണ്ടത്. എന്നാൽ സന്ദർശകർ വിട്ടുകൊടുത്തില്ല. അച്ചടക്കമുള്ള കളിയോടെ അത്‌ലറ്റികോ തിരിച്ചുവന്നു. ആദ്യപകുതിയിലെയും 81–ാം മിനിറ്റിലെയും മാർകോസ് ലൊറന്റെയുടെ ഇരട്ടഗോളിൽ അവർ ഒപ്പമെത്തി. കളി സമനിലയിൽ പിരിയുമെന്ന് തോന്നിക്കവേയാണ് നായകന്റെ തലയെടുപ്പുള്ള ഗോളെത്തിയത്.
പുതുതായി കൂടാരത്തിലെത്തിച്ച മുന്നേറ്റക്കാരൻ അലെക്‌സാണ്ടർ ഇസാക്കിനെ ഉൾപ്പെടുത്തിയാണ് ലിവർപൂൾ കോച്ച് ആർണെ സ്ലോട്ട് ടീമിനെ ഒരുക്കിയത്. എന്നാൽ അരങ്ങേറ്റത്തിൽ ഇസാക് മങ്ങി. സൂപ്പർതാരം സലായായിരുന്നു താരം. റോബാർട്ട്‌സണിന്റെ ഗോളിന് വഴിയൊരുക്കിയ ഇൗജിപ്‌തുകാരൻ പിന്നാലെ വലകുലുക്കുകയും ചെയ്‌തു.
ഉണരുംമുമ്പേയുള്ള ലിവർപൂളിന്റെ ആഘാതത്തിൽനിന്ന് പതിയെ അത്‌ലറ്റികോ മനോനില വീണ്ടെടുത്തു. ആൻഫീൽഡിൽ ആർപ്പുവിളിച്ച ആയിരക്കണക്കിന് എതിർ ആരാധകരെ നിരാശരാക്കി അവർ കളിയിൽ തിരിച്ചുവന്നു. പ്രതിരോധം കടുപ്പിച്ച് തക്കസമയം ആക്രമിക്കുക എന്ന പതിവ് തന്ത്രമായിരുന്നു ദ്യേഗോ സിമിയോണി കളിക്കാർക്ക് നൽകിയ ഉപദേശം. കരുത്തുറ്റ ലിവർപൂൾ ആക്രമണം സമർഥമായി ചെറുത്തു. ഇടവേളയ്‌ക്ക് തൊട്ടുമുമ്പായിരുന്നു ലൊറന്റെയുടെ ആദ്യ ഗോൾ.
രണ്ടാംപകുതിയിലും അത്‌ലറ്റികോ അച്ചടക്കംകാട്ടി. പാബ്ലോ ബാറിയോസിന്റെ ഷോട്ട് ലിവൾപൂൾ താരം ഇബ്രാഹിം കൊനാറ്റയുടെ പിറകിൽ തട്ടിയെത്തിയ പന്ത് ബോക്‌സിന് മുന്നിൽനിന്ന് ലൊറന്റെ പായിച്ചു. സ്‌കോർ 2–2. പരിക്കുസമയം ഡൊമിനിക് സൊബോസ്‌ലായിയുടെ കോർണറിൽനിന്നാണ് വാൻഡിക് വിജയഗോൾ തൊടുത്തത്. ഇതിനിടെ എതിർ ആരാധകരോട് കലഹിച്ച അത്‌ലറ്റികോ കോച്ച് സിമിയോണിക്ക് ചുവപ്പ് കാർഡും കിട്ടി.








0 comments