ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ; ജയത്തോടെ ബാഴ്‌സ, സിറ്റി

ന്യൂകാസിലിനെതിരെ ബാഴ്സയുടെ ഇരട്ടഗോൾ നേടിയ മാർകസ് റാഷ്‌ഫഡ്
ലണ്ടൻ
മാർകസ് റാഷ്‌ഫഡിന്റെ ഇരട്ടഗോളിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ തകർപ്പൻ ജയംകുറിച്ചു. ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിനെ 2–1നാണ് തോൽപ്പിച്ചത്. മറ്റൊരു കളിയിൽ മാഞ്ചസ്‌റ്റർ സിറ്റി നാപോളിയെ രണ്ട് ഗോളിന് കീഴടക്കി.
സെന്റ് ജയിംസ് പാർക്കിൽ നടന്ന കളിയിൽ റാഷ്‌ഫഡായിരുന്നു ബാഴ്‌സയുടെ താരം. മാഞ്ചസ്‌റ്റർ യുണൈറ്റഡ് താരമായിരുന്ന ഇംഗ്ലീഷുകാരൻ ന്യൂകാസിലിനെതിരെ മിന്നി. ജൂലെസ് കുണ്ടെയുടെ ക്രോസിൽ തലവച്ചായിരുന്നു ആദ്യഗോൾ. പിന്നാലെ വലംകാൽ ഷോട്ടിലൂടെ ജയം ഉറപ്പിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ ആന്തണി ഗോർഡനിലൂടെ ന്യൂകാസിൽ ഒരെണ്ണം മടക്കുകയായിരുന്നു. പരിക്കേറ്റ ലമീൻ യമാൽ ബാഴ്‌സയ്‌ക്കായി ഇറങ്ങിയില്ല.
എർലിങ് ഹാലണ്ടിന്റെയും ജെറെമി ഡൊക്കുവിന്റെയും ഗോളിലാണ് സിറ്റി നാപോളിയെ തോൽപ്പിച്ചത്. 49 കളിയിൽ 50 ഗോളടിച്ച ഹാലണ്ട് ചാമ്പ്യൻസ് ലീഗിൽ വേഗത്തിൽ ഇൗ നേട്ടം കുറിക്കുന്ന കളിക്കാരനായി. മറുവശത്ത് സിറ്റിയിൽനിന്ന് നാപോളിയിലെത്തിയ മധ്യനിരക്കാരൻ കെവിൻ ഡി ബ്രയ്‌ന് അരമണിക്കൂർ തികയുംമുന്പ് തിരിച്ചുകയറേണ്ടിവന്നു. പ്രതിരോധക്കാരൻ ജിയോവാന്നി ഡി ലൊറെൻസോ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്നായിരുന്നു ഇത്.
മറ്റ് മത്സരങ്ങളിൽ ക്ലബ് ബ്രുജ് 4–1ന് മൊണാകോയെ തകർത്തു. കോപെൻഹാഗെനും ബയേർ ലെവർകൂസനും 2–2ന് പിരിഞ്ഞു.








0 comments