യുവേഫ ചാമ്പ്യൻസ് ലീഗ് സെപ്തംബർ എട്ടിന്

മാഡ്രിഡ്: 2026-27 യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിന് തുടക്കമാകുന്നു. സെപ്തംബർ 8 മുതൽ ആരംഭിക്കുന്ന ലീഗ് ഘട്ട മത്സരങ്ങൾ 2027 ജനുവരി 27 ന് അവസാനിക്കും. തുടർന്ന് ഫെബ്രുവരിയിൽ നോക്കൗട്ട് പ്ലേ ഓഫും മാർച്ചിൽ റൗണ്ട് ഓഫ് 16 മത്സരങ്ങളും അരങ്ങേറും. ഏപ്രിലിൽ ക്വാർട്ടർ ഫൈനലും ഏപ്രിൽ അവസാനം മുതൽ മേയ് ആദ്യം വരെ സെമി ഫൈനലും നടക്കും.
ചാമ്പ്യൻസ് ലീഗ് ഫൈനൽ 2027 ജൂൺ 5 ന് മാഡ്രിഡിലെ എസ്റ്റാഡിയോ മെത്രോപൊളിറ്റാനോയിൽ നടക്കും. 2019 ന് ശേഷം ഇതേ വേദിയിൽ അരങ്ങേറുന്ന രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലാകുമിത്. നിലവിലെ പേരിൽ നടക്കുന്ന 35-ാമത്തെ സീസണും പുതിയ ലീഗ് ഘട്ട ഫോർമാറ്റിൽ നടക്കുന്ന മൂന്നാമത്തെ സീസണുമാണിത്
ജൂലൈ 7 ന് യോഗ്യതാ മത്സരങ്ങൾക്ക് തുടക്കമായിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് യോഗ്യതാ റൗണ്ടുകളും പ്ലേ ഓഫും നടക്കും. പ്ലേ ഓഫ് പൂർത്തിയാകുന്നതിന് പിന്നാലെ ഓഗസ്റ്റ് 27 ന് സ്വിറ്റ്സർലൻഡിലെ ന്യോണിലുള്ള യുവേഫ ആസ്ഥാനത്ത് ലീഗ് ഘട്ടത്തിന്റെ നറുക്കെടുപ്പ് നടക്കും.
നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ എന്നിവർക്കൊപ്പം റയൽ മാഡ്രിഡ്, ബാഴ്സലോണ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നി വമ്പൻ ടീമുകൾ പോട്ട് 1ൽ ഇടം നേടിയിട്ടുണ്ട്. ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ്, റോമ, റയൽ ബെറ്റിസ്, പോർട്ടോ, സ്പോർട്ടിങ് സിപി, ക്ലബ് ബ്രൂഗെ, പിഎസ്‌വി എന്നിവരാണ് പോട്ട് 2 ലെ ശ്രദ്ധേയ ടീമുകൾ.
ഫെയ്‌നൂർഡ്, നാപോളി, ആർബി ലീപ്സിഗ്, വിയ്യാറയൽ, ഗലാത്തസറായ് തുടങ്ങിയവർ പോട്ട് 3 ലുണ്ട്. പോട്ട് 4 ൽ ഡിനാമോ സാഗ്രെബ്, സെൽറ്റിക്, സ്ലാവിയ പ്രാഗ്, സ്ലോവൻ ബ്രാറ്റിസ്ലാവ, സ്റ്റുട്ട്ഗാർട്ട്, എഇകെ ഏഥൻസ്, കോമോ, ലെൻസ്, എജിഎഫ് എന്നിവരും ഉൾപ്പെടുന്നു.
സീരി എ ക്ലബ് കോമോയാണ് നിലവിൽ ലീഗ് ഘട്ടത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏക ടീം. യോഗ്യതാ മത്സരങ്ങളും പ്ലേ ഓഫും പൂർത്തിയാകുന്നതോടെ 36 ടീമുകളുടെയും ചിത്രം പൂർണമാകും.
ആഗസ്ത് 13 ന് യുവേഫ സൂപ്പർ കപ്പ് ആരംഭിക്കും
പ്രധാന ലീഗുകൾ ആരംഭിക്കുന്നതിന് മുമ്പ് യൂറോപ്യൻ ഫുട്ബോളിലെ ആദ്യ കിരീടപ്പോരാട്ടത്തിന് യുവേഫ സൂപ്പർ കപ്പിൽ തുടക്കമാകും. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും ആഗസ്ത് 13 ന് ഓസ്ട്രിയയിലെ റെഡ് ബുൾ അരീനയിൽ ഏറ്റുമുട്ടും.










0 comments