Deshabhimani

‘പട്ടിണിക്കിടാതെ കൊണ്ടുപോയ സര്‍ക്കാരുണ്ടായിരുന്നു’; വാടകയും ദിനബത്തയും മുടക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരെ ദുരന്തബാധിതര്‍

Mundakkai Landslide Survivors Protest
വെബ് ഡെസ്ക്

Published on Oct 18, 2026, 12:50 PM | 2 min read

കൽപ്പറ്റ: ഉരുൾപൊട്ടലിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ട മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വാടകയും ദിനബത്തയും മുടക്കി യുഡിഎഫ് സർക്കാർ. അർഹമായ സഹായം ചോദിക്കുമ്പോൾ സർക്കാരിനെ വിമർശിക്കുകയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും പരാതി. ദുരന്തബാധിതരുടെ ശബ്ദസന്ദേശത്തിലാണ് സർക്കാരിന്റെ അവഗണനയ്ക്കെതിരായ പ്രതിഷേധം പുറത്തുവന്നത്. മുൻ സർക്കാർ പട്ടിണിക്കിട്ടിട്ടില്ലെന്നും ഇപ്പോൾ എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ നമ്മൾ സർക്കാരിനെ വിമർശിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.


'നമ്മൾ എന്തെങ്കിലും ചോദിച്ചാലോ വിമർശിച്ചാലോ സർക്കാരിനെ വിമർശിക്കാനാണെന്ന് പറഞ്ഞ് അവർ വരും. നമുക്കിപ്പോഴുള്ളത് ഒരു നല്ല സർക്കാരായിരുന്നെങ്കിൽ, ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ അവർക്ക് കഴിയില്ലേ? നമ്മുടെ വാടകയും ദിനബത്തയും കൃത്യമായി നമുക്ക് കിട്ടില്ലേ?’ എന്നാണ് ദുരന്തബാധിതയുടെ ചോദ്യം.


‘മുൻ സർക്കാർ നമ്മളെ പട്ടിണിക്കിടാതെ കൊണ്ടുപോയ സർക്കാരായിരുന്നു. അതും നമ്മൾ ആലോചിക്കണം. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പറയും ഗവൺമെന്റിനെ വിമർശിച്ചു, മന്ത്രിയെ വിമർശിച്ചു, അവനെ വിമർശിച്ചു, ഇവനെ വിമർശിച്ചു. എന്തുചെയ്യാനാ, നമ്മൾ കുത്തിക്കൊടുത്ത് ജയിപ്പിച്ചതല്ലേ, അനുഭവിക്കാം. അത്രതന്നെ.’ എന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.


ഉരുൾപൊട്ടലിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മുൻ എൽഡിഎഫ് സർക്കാർ പ്രതിമാസം 6000 രൂപ വാടകയും അർഹരായവർക്ക് പ്രതിദിനം 300 രൂപ ജീവനോപാധി സഹായവും അനുവദിച്ചിരുന്നു. സ്ഥിരം പുനരധിവാസം പൂർത്തിയാകുന്നതുവരെ ദുരന്തബാധിതർക്ക് സഹായം തുടരുന്നതിനായിരുന്നു നടപടി. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സഹായവിതരണം തടസ്സപ്പെട്ടതായാണ് പരാതി.


എല്ലാ മാസവും രണ്ടാം തീയതിയോടെ ലഭിച്ചിരുന്ന സഹായം സെപ്തംബർ മുതൽ മുടങ്ങിയതായി ദുരന്തബാധിതർ പറയുന്നു. പ്രതിമാസം നൽകിയിരുന്ന ഭക്ഷ്യക്കൂപ്പണുകളും നിലച്ചു. വാടക നൽകാൻ പണമില്ലാത്തതിനാൽ പല കുടുംബങ്ങളും കടം വാങ്ങേണ്ട സാഹചര്യത്തിലാണ്. തൊഴിലും വരുമാനമാർഗങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് സഹായവിതരണം മുടങ്ങിയത് ബാധിച്ചത്.


ഒക്ടോബർ 12നകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖ് ഉറപ്പുനൽകിയിരുന്നെങ്കിലും പ്രഖ്യാപിച്ച സമയപരിധി കഴിഞ്ഞിട്ടും സഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി.


എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ടത്തിലെ 178 വീടുകൾ എൽഡിഎഫ് സർക്കാർ കൈമാറിയിരുന്നു. എന്നാൽ രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല. വീടുകൾ ലഭിക്കുന്നതിനുമുമ്പേ വാടകയും മറ്റ് സഹായങ്ങളും നിലച്ചത് ദുരന്തബാധിതരെ വീണ്ടും പ്രതിസന്ധിയിലാക്കി.


വാടക നൽകാനാകാതെ താമസസ്ഥലത്തുനിന്ന് ഒഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് നിരവധി കുടുംബങ്ങൾ. കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്കുള്ള സഹായവും മുടങ്ങിയിട്ടുണ്ട്. പുനരധിവാസം വേഗത്തിലാക്കുകയും മുടങ്ങിയ സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് ദുരന്തബാധിതരുടെ കൂട്ടായ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home