സംഘപരിവാറുകാരെ കുത്തിനിറച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ്

എൻ കെ സുജിലേഷ്
Published on Oct 18, 2026, 01:00 PM | 1 min read
മലപ്പുറം : സംഘപരിവാറുകാരെ കുത്തിനിറച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു. 93 ബോർഡ് ഓഫ് സ്റ്റഡീസുകളിലായി 42 സംഘപരിവാർ സംഘടനാ നേതാക്കളെയാണ് ഉൾപ്പെടുത്തിയത്. കോൺഗ്രസ്– ലീഗ് അനുകൂല സംഘടനാ പ്രവർത്തകരെ മാറ്റിനിർത്തിയാണ് സംഘപരിവാറിന്റെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് നേതാക്കൾക്ക് ഇടംനൽകിയത്. കലിക്കറ്റിലെ 32 പേരും പുറത്തുനിന്നുള്ള 10 പേരെയുമാണ് ബോർഡിൽ ഉൾപ്പെടുത്തിയത്. സിലബസുകൾ തീരുമാനിക്കുന്നതടക്കം നിർണായകമായ പല തീരുമാനങ്ങളുമെടുക്കുന്ന പഠന ബോർഡിലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ സംഘപരിവാറുകാരെ കുത്തിനിറച്ചത്.
കഴിഞ്ഞ ഏപ്രിലിൽ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസിന്റെ കാലാവധി അവസാനിച്ചിരുന്നു. ജൂണിലാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് വരേണ്ടത്. എന്നാൽ ബോർഡുകൾ പുനഃസംഘടിപ്പിക്കാതെ നീട്ടിക്കൊണ്ടുപോയി. ജൂലൈ 29ന് ചേർന്ന സിൻഡിക്കറ്റ് യോഗം ബോർഡ് ഓഫ് സ്റ്റഡീസുകൾ പുനഃസംഘടിപ്പിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് 93 ബോർഡുകളും പുനഃസംഘടിപ്പിച്ച് 15ന് ഉത്തരവിറങ്ങിയത്. പ്രധാന പഠനവകുപ്പുകളിലെല്ലാം സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയപ്പോൾ കോൺഗ്രസ്– ലീഗ് അനുകൂല സംഘടനാ നേതാക്കളുടെ പേര് വെട്ടി. സംഘപരിവാർ സംഘടനാ നേതാക്കളെ ഉൾപ്പെടുത്താനാണ് പുനഃസംഘടന വൈകിപ്പിച്ചതെന്നും പരാതിയുണ്ട്.
കീഴ്വഴക്കങ്ങൾ കാറ്റിൽപറത്തി നടത്തിയ പുനഃസംഘടനയിൽ സെൽഫ് ഫിനാൻസിങ് കോളേജ് അധ്യാപകരെയും ഗസ്റ്റ് ലക്ചറർമാരെയുമടക്കം ഉൾപ്പെടുത്തി. പല ബോർഡുകളുടെയും ചെയർപേഴ്സൺമാർ ഓട്ടോണമസ് കോളേജുകളിലെ അധ്യാപകരാണ്. ഓട്ടോണമസ് കോളേജുകൾക്ക് സ്വന്തം തീരുമാനങ്ങളും സിലബസുകളുമാണെന്നിരിക്കെയാണ് അധ്യാപകരെ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്താൻ യോഗ്യരായ അധ്യാപകർ മാനേജ്മെന്റ് സ്റ്റഡീസിൽ ഉണ്ടെന്നിരിക്കെ കൊമേഴ്സ് അധ്യാപകരെ ഉൾപ്പെടുത്തിയതിൽ ആക്ഷേപമുണ്ട്. കലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിലിലും സംഘപരിവാർ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. നേരത്തേ അക്കാദമിക് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്ത എട്ടിൽ ഏഴു പേരും സംഘപരിവാർ താൽപര്യപ്രകാരം ലിസ്റ്റിലുൾപ്പെട്ടവരാണ്.








0 comments