അധ്യാപകരില്ല; ലക്ഷദ്വീപിലെ കോളേജുകളിൽ പഠനം നിലയ്ക്കുന്നു

കവരത്തി : അധ്യാപകരില്ലാത്തതിനാൽ ലക്ഷദ്വീപിലെ കോളേജുകളിൽ പഠനം നിലയ്ക്കുന്നു. സ്ഥിരം അധ്യാപകരില്ലാത്തതിനാല് കരാര് അടിസ്ഥാനത്തില് നിയമിച്ചിരുന്ന അധ്യാപകരുടെ കരാര് പുതുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കോളേജുകളിലെ അധ്യാപക അനധ്യാപക നിയമനം, കോളേജ് പ്രവേശനം, ഭരണനിർവഹണം എന്നിവ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് കൈകാര്യം ചെയ്യുന്നത്. പ്രതിസന്ധി രൂക്ഷമായിട്ടും കരാർ പുതുക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറും അഡ്മിനിസ്ട്രേറ്ററും തയ്യാറാകാഞ്ഞതോടെ നിരവധി വിദ്യാര്ഥികളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്. സ്ഥിരം അധ്യാപകരില്ലാത്തതിനാല് കരാർ അധ്യാപകരെ ആശ്രയിച്ചാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.
കട്മത്ത് ഗവ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ആന്ത്രോത്ത് ഗവ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കവരത്തി ബിഎഡ് കോളേജ്, മിനിക്കോയ് പോളിടെക്നിക് എന്നീ കോളേജുകളാണ് ലക്ഷദ്വീപിലുള്ളത്. പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ സേവനം കരാർ അവസാനിച്ചതോടെ നിലച്ചു. കട്മത്ത് ഗവ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും അന്ത്രോത്തിലേതുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നറിയിപ്പില്ലാതെ പഴയ കോഴ്സുകൾ നിർത്തലാക്കുകയും പുതിയ കോഴ്സുകൾ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും അഡ്മിഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല.
അധ്യാപകരുടെ കരാർ കാലാവധി കഴിയുകയാണെന്നും പുതുക്കണമെന്നുമാവശ്യപ്പെട്ട് കോളേജ് അധികൃതർ പലതവണ അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചിട്ടും മറുപടിയുണ്ടായില്ല. പുതിയ അധ്യയന വര്ഷം പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികളും പ്രതിസന്ധിയിലാണ്.

പ്രവേശനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് കോഴ്സുകൾ വെട്ടിക്കുറച്ചും അഡ്മിനിസ്ട്രേഷൻ വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ വർഷം ജൂലൈയിൽ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവിലൂടെ ആന്ത്രോത്ത്, കട്മത്ത് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലായി നാല് ബിരുദ കോഴ്സുകളാണ് നിർത്തലാക്കിയത്. 2026–27 അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് തൊട്ടുമുമ്പാണ് കോഴ്സുകൾ റദ്ദാക്കിയത്. ഇത് വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ദ്വീപുകൾക്കുള്ളിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പരിമിതമായതിനാൽ കോഴ്സുകൾ വെട്ടിക്കുറയ്ക്കുന്നത് വിദ്യാർഥികളെ കാര്യമായി ബാധിക്കും. പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് നിലവിൽ ലക്ഷദ്വീപിലെ കോളേജുകൾ പ്രവർത്തിക്കുന്നത്. ലക്ഷദ്വീപിലെ ഭൂരിഭാഗം കുട്ടികളും നിലവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോളജുകളെയാണ് ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. കേരളത്തിലെ കോളജുകളിൽ ലക്ഷദ്വീപിലെ കുട്ടികൾക്കായി പ്രത്യേക സംവരണ സീറ്റുകളുണ്ട്. എന്നാൽ പുറത്തുപഠിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത കാരണമാണ് പല കുട്ടികളും ദ്വീപിൽ തന്നെ ഉപരിപഠനം തെരഞ്ഞെടുക്കുന്നത്. എന്നാൽ കോഴ്സുകൾ വെട്ടിക്കുറയ്ക്കുന്നത് ഈ അവസരവും ഇല്ലാതെയാക്കുന്നു.
മുൻവർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിലും കാലതാമസം നേരിടുകയാണ്. ദ്വീപിലെ കോളേജുകളുടെ പ്രവേശനം, ഭരണനിർവഹണം, നിയമനം എന്നിവ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് കൈകാര്യം ചെയ്യുന്നത്.
പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുടെ അഫിലിയേഷനിലാണ് കോളേജ് പ്രവർത്തിക്കുന്നത്. മുമ്പ് കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലായിരുന്നു. 2005-ലാണ് ലക്ഷദ്വീപിലെ കട്മത്ത് ഉൾപ്പെടെ ദ്വീപുകളിൽ കലിക്കറ്റ് സർവകലാശാല പഠനകേന്ദ്രങ്ങൾ ആരംഭിച്ചത്. 2020- ബാച്ചുകൾവരെ കലിക്കറ്റ് സർവകലാശാലയുടെ കീഴിലായിരുന്നു. കേന്ദ്രസർക്കാരിന്റെ, പുതിയ ലക്ഷദ്വീപ് നയങ്ങളുടെ ഭാഗമായി 2021-ൽ ദ്വീപുകളിലെ കോളേജുകളുടെ അഫിലിയേഷൻ പോണ്ടിച്ചേരി സർവകലാശാലയിലേക്ക് മാറ്റി. കട്മത്തിലെ കലിക്കറ്റിന്റെ കേന്ദ്രം കട്മത്ത് ഗവ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്ന് പുനർനാമകരണം ചെയ്ത് 2022 ജനുവരിയിൽ പോണ്ടിച്ചേരി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജായി ഉദ്ഘാടനം ചെയ്തു. കോളേജുകളെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി ബന്ധിപ്പിച്ചത് ദ്വീപിലെ വിദ്യാർഥികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഉന്നത വിദ്യാഭ്യാസത്തിനു പുറമെ ദ്വീപുകളിലെ പൊതുവിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്. ദ്വീപിലെ 49.21 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടിയ നിലയിലാണ്. 2020ൽ 63 സ്കൂൾ ഉണ്ടായിരുന്നു; 11 സീനിയർ സെക്കൻഡറി, രണ്ട് സെക്കൻഡറി, ഏഴ് യുപി, 23 ജൂനിയർ ബേസിക്, 20 നഴ്സറി എന്നിങ്ങനെ. ഇപ്പോൾ 32 എണ്ണംമാത്രം. 31 എണ്ണം അടച്ചുപൂട്ടി.







0 comments