ആഞ്ചലോട്ടി ബ്രസീൽ പരിശീലകൻ; ജൂണിൽ സ്ഥാനമേൽക്കും

carlo ancelotti.png

PHOTO: Facebook/Carlo Ancelotti

avatar
Sports Desk

Published on Apr 29, 2025, 09:55 AM | 1 min read

മാഡ്രിഡ്‌: കാർലോ ആഞ്ചലോട്ടി ബ്രസീൽ പരിശീലകനായി ജൂണിൽ സ്ഥാനമേൽക്കുമെന്ന്‌ റിപ്പോർട്ടുകൾ. ഫിഫ ക്ലബ്ബ്‌ ലോകകപ്പിന് മുന്നേ തന്നെ ആഞ്ചലോട്ടി ബ്രസീലിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂണിൽ നടക്കുന്ന ലാറ്റിൻ അമേരിക്കയിലെ ലോകകപ്പ്‌ യോഗ്യത മത്സരങ്ങളായിരിക്കും ബ്രസീൽ പരിശീലകനായുള്ള ആഞ്ചലോട്ടിയുടെ ആദ്യ ചുമതല.


ബ്രസീലും റയൽ മാഡ്രിഡ്‌ പരിശീലകനും തമ്മിൽ ഇതുവരെ ഔദ്യോഗിക ധാരണകളൊന്നും ആയിട്ടില്ല. ഇരു കൂട്ടരും തമ്മിൽ എല്ലാം സംസാരിച്ചുറപ്പിച്ചതായും ജൂണിൽ ആഞ്ചലോട്ടി ബ്രസീലിലെത്തും എന്നും ഫാബ്രീസിയോ റൊമാനോ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ റിപ്പോർട്ട്‌ ചെയ്യുന്നു. ഒരു ദേശീയ ടീം പരിശീലകന്‌ നൽകുന്ന ഏറ്റവും ഉയർന്ന ശമ്പളം നൽകിയാണ്‌ ഇറ്റലിക്കാരനെ ബ്രസീലിലെത്തിക്കുന്നത്.


ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോട്‌ 4–1ന്‌ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകൻ ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ ഫുട്ബാൾ ടീം പുറത്താക്കിയിരുന്നു. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ ടീം മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലായിരുന്നു നടപടി. 2002 ലോകകപ്പ്‌ കഴിഞ്ഞ്‌ ടിറ്റെ പടിയിറങ്ങിയശേഷം രണ്ടുപേരെയാണ്‌ പരിശീലകനായി ബ്രസീൽ ചുമതലയേൽപ്പിച്ചത്‌. ഒരുവർഷ കരാറിൽ ഫെർണാണ്ടോ ഡിനിസിനായിരുന്നു ആദ്യ കോച്ച്‌.


കഴിഞ്ഞ സീസൺ കോപയ്‌ക്കുമുമ്പ്‌ ആൻസെലോട്ടി സ്ഥാനമേറ്റെടുക്കുമെന്ന്‌ കോൺഫെഡറേഷൻ പ്രസിഡന്റ്‌ എഡ്‌നാൾഡോ റോഡ്രിഗസ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റയലിന്റെ നീക്കം ഇതിന്‌ തടസ്സമായി. ആൻസെലോട്ടി വരില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഡൊറിവാളിനെ നിയമിക്കുകയായിരുന്നു.


ഡോൺ കാർലോയ്‌ക്ക്‌ വിട നൽകാൻ ലോസ് ബ്ലാങ്കോസ്


ക്ലബ്ബിൽ നിന്നുള്ള ആഞ്ചലോട്ടിയുടെ വിടവാങ്ങലിന്‌ റയൽ മാഡ്രിഡ്‌ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്‌. വിടവാങ്ങൽ പരിപാടികൾക്കായി ക്ലബ്ബ്‌ തയ്യാറെടുക്കുന്നതായാണ് വാർത്തകൾ. റയൽ മാഡ്രിഡിന്റെ കൂടെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ പരിശീലകനാണ്‌ കാർലോ ആഞ്ചലോട്ടി.


2013-15 കാലയളവിൽ റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആഞ്ചലോട്ടി 2021ൽ വീണ്ടും അതേ റോളിൽ ക്ലബ്ബിലെത്തുകയായിരുന്നു. തുടർന്ന്‌ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന വാർക്കൾക്കിടെ 2023ൽ ആഞ്ചലോട്ടി ക്ലബ്ബുമായുള്ള കരാർ പുതുക്കുകയും ചെയ്തു.


റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ രണ്ട്‌ ചാമ്പ്യൻസ്‌ ലീഗും രണ്ട്‌ ലീഗ്‌ ടൈറ്റിലുമുൾപ്പെടെ നിരവധി കിരീടങ്ങൾ ഈ ഇറ്റലിക്കാരൻ നേടി. 2014ലും ലോസ്‌ ബ്ലാങ്കോസിനോടൊപ്പം ആഞ്ചലോട്ടി ചാമ്പ്യൻസ്‌ ലീഗ്‌ നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home